Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightവിവേചനത്തിന്‍റെ...

വിവേചനത്തിന്‍റെ ഉണങ്ങാത്ത മുറിവുകൾ

text_fields
bookmark_border
Dalit president
cancel
camera_alt

ധനഞ്ജയ്

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം ജെ.എൻ.യു വിദ്യാർഥി യൂനിയന് ഒരു ദലിത് പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നു. ദലിത്-പിന്നാക്ക വിദ്യാര്‍ഥികൾ നേരിടുന്ന വിവേചനങ്ങളുടെ ഇര, ദലിതനാണെന്ന ഒറ്റക്കാരണത്താല്‍ മാറ്റിനിർത്തലുകൾ ഏറെ ഏറ്റുവാങ്ങേണ്ടിവന്ന ധനഞ്ജയ്. എല്ലാം ഉണങ്ങാതെ മുറിവായി ഇപ്പോഴും ഈ യുവാവിന്റെ മനസ്സിലുണ്ട്. ദലിത് പ്രതിനിധിയുടെ വിജയം എന്നതിലുപരി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തെ നിരാകരിക്കാന്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഹിതപരിശോധനയിലാണ് ധനഞ്ജയ് ജയിച്ചുകയറിയത്.

ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള യുവത്വ​ത്തിന്റെ ബൗദ്ധികകേന്ദ്രങ്ങളിലൊന്നാണ് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു). നാനാത്വം എന്ന വാക്കിനെ പൂർണാർഥത്തോടെ ഉൾക്കൊള്ളുന്ന, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സമത്വം, പരമാധികാരം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാർഥികളെ ഉൾ​ക്കൊള്ളുന്ന ഇടം. മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ജെ.എൻ.യു വിദ്യാർഥി യൂനിയന് ഒരു ദലിത് പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നു.

ജാതി വിവേചനം കൊടികുത്തിവാഴുന്ന ബിഹാർ ഗയയിലെ ഗ്രാമങ്ങളിൽനിന്ന് വിവേചനം തുടച്ചുനീക്കണമെന്ന സ്വപ്നവുമായി ജെ.എൻ.യുവിലെത്തിയ ധനഞ്ജയ്‌. ഇടത് വിദ്യാർഥി സഖ്യമാണ് ജെ.എൻ.യു വിദ്യാർഥി യൂനിയൻ തെരഞ്ഞടുപ്പിൽ വിജയിച്ചത്. സ്കൂൾ ഓഫ് ആർട്സ് ആൻഡ് എയ്സ്തെറ്റിക്സിൽ പി.എച്ച്ഡി വിദ്യാർഥിയായ ധനഞ്ജയ് ‘ഐസ’ (ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ) അംഗവും കഴിഞ്ഞ പത്ത് വർഷമായി സജീവ വിദ്യാർഥി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളുമാണ്. പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജെ.എൻ.യുവിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രസക്തിയേറെയാണ്. ജെ.എൻ.യു തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചും മുന്നോട്ടുള്ള രാഷ്ട്രീയത്തെക്കുറിച്ചും ജെ.എൻ.യു യൂനിയൻ പ്രസിഡന്റ് ധനഞ്ജയ്‌ സംസാരിക്കുന്നു.

പോരാട്ടം ഇനിയുമേറെ

പിതാവ് ശ്യാം ബിഹാറി പ്രസാദ് ജൂനിയർ ലെവൽ പൊലീസ് ഓഫിസറായിരുന്നു. ഉയർന്ന ജാതിക്കാർ ഒരിക്കലും അദ്ദേഹത്തിന്റെ സ്ഥാനമോ അധികാരമോ ഇതുവരെ അംഗീകരിച്ചിട്ടില്ല. അവർ അദ്ദേഹത്തിന്റെ പേര് വിളിക്കാൻപോലും വിസമ്മതിക്കുന്നു. അഭിസംബോധന ചെയ്യാൻ നിന്ദ്യമായ വിശേഷണങ്ങൾ, ജാതിപ്പേരുകൾ തിരഞ്ഞെടുത്തിരുന്നു.

ഈ വിവേചനപരമായ സംഭവങ്ങൾ കുടുംബത്തിൽ വലിയ ആഘാതം ഉണ്ടാക്കിയിരുന്നു. ഈ സംഭവങ്ങൾ പിതാവിനെ നല്ല വിദ്യാഭ്യാസത്തിനായുള്ള ഒരു പോരാളിയായി മാറ്റുകയായിരുന്നു. ദലിത് വിഭാഗങ്ങളിൽനിന്ന് മറ്റാരും തന്നെപ്പോലെ വിവേചനം നേരിടേണ്ടി വരരുതെന്ന് അദ്ദേഹം പറയുമായിരുന്നു. കാലത്തെ ഇനിയും മാറ്റേണ്ടതുണ്ട്. ഒന്നും പൂർണമായും അവസാനിച്ചിട്ടില്ല. എല്ലാം അവസാനിച്ചെന്ന് കണ്ണടച്ചിരുന്നാൽ, വരും തലമുറയോട് നമ്മൾ ചെയ്യുന്ന ക്രൂരതയാകുമത്.

സർവകലാശാല ഫീസ് വർധിപ്പിച്ചാൽ ഞാൻ മാത്രമല്ല, എല്ലാവരും ഒരുമിച്ച് ഇറങ്ങും. ലൈബ്രറിയിൽ പുസ്തകം ഇല്ലെങ്കിലും ഒരുമിച്ച് പ്രതിഷേധിക്കും. കാമ്പസിൽ പുതിയ നിയമങ്ങൾ വരുകയാണ്. ഒന്ന് പ്രതിഷേധിക്കാൻപോലും അവസരമില്ല, പിഴചുമത്തും. കുടിവെള്ളത്തിനുവേണ്ടിയുള്ള സമരംപോലും അനുവദിക്കുന്നില്ല. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു. ആശയങ്ങൾ പങ്കുവെക്കാൻപോലും അവസരമില്ല. പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തേണ്ടതുണ്ട്. പൗരത്വ നിയമത്തിനെതിരെ ശബ്‌ദിക്കണം. കർഷകരോട് ഐക്യപ്പെടണം. കാമ്പസിൽ നല്ല സൗഹൃദ അന്തരീക്ഷം വേണം. ഇക്കാര്യങ്ങൾക്കുകൂടി വേണ്ടിയാണ് ഞങ്ങളെ വിദ്യാർഥികൾ തെരഞ്ഞെടുത്തത്. അവരോട് നൂറുശതമാനവും നീതിപുലർത്തും.

ഞാൻ വിവേചനത്തിന്റെ ഇര

സമൂഹത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാതിവിവേചനം തുടരുന്നുണ്ട്. മറ്റ് ദലിത്-പിന്നാക്ക വിദ്യാര്‍ഥികളെപ്പോലെ ഞാനും അതിന്റെ ഇരയാണ്. ദലിതനാണെന്ന ഒറ്റക്കാരണത്താല്‍ അസൈന്‍മെന്റുകള്‍ക്ക് മാര്‍ക്ക് കുറച്ചുനല്‍കുക, അഭിമുഖ പരീക്ഷകളില്‍ കൃത്യമായ അജണ്ടയോടെ ചോദ്യങ്ങള്‍ ചോദിച്ച് തോൽപിക്കുക, അക്കാദമിക് അവസരങ്ങള്‍ നിഷേധിക്കുക തുടങ്ങിയ ഒട്ടേറെ വിവേചനങ്ങള്‍ അധ്യാപകരില്‍നിന്ന് ഉൾപ്പെടെയുണ്ടായി. അതൊക്കെ ഇന്നും ഉണങ്ങാതെ മുറിവായുണ്ട്.

ദലിത് പ്രതിനിധിയുടെ വിജയം എന്നതിലുപരി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തെ നിരാകരിക്കാന്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഹിതപരിശോധനയാണ് ഈ വിജയം എന്നരീതിയിലാണ് കണക്കാക്കുന്നത്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി പോരാടുകയാണ് യൂനിയന്റെ പ്രധാന ലക്ഷ്യം. കാമ്പസിലെ കുടിവെള്ളം-ഹോസ്റ്റല്‍ പ്രശ്‌നങ്ങള്‍, നാലുവര്‍ഷ ബിരുദ കോഴ്‌സിനെതിരായ പ്രതിഷേധങ്ങള്‍ തുടങ്ങി വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കായി അവരിലൊരാളായി നിന്ന് പോരാടാൻ എനിക്ക് സാധിച്ചിരുന്നു. ഇനിയും അത് തുടരുകതന്നെ ചെയ്യും.

രാഷ്ട്രീയത്തിൽ വിദ്യാർഥികൾ ഇടപെടണം

സമരങ്ങൾക്കാണ് ഇടത് സംഘടനകൾ പ്രാധാന്യം നൽകുന്നത്. എല്ലാ വിഭാഗങ്ങൾക്കുവേണ്ടിയും ശബ്ദം ഉയർത്തണം. രാഷ്ട്രീയത്തിൽ ഇടപെടേണ്ടത് വിദ്യാർഥികളുടെ അവകാശമാണ്. ബി.ജെ.പി വിദ്യാർഥി രാഷ്ട്രീയത്തിന് എതിരാണ്. ഞങ്ങളുടെ സിലബസിൽ, വസ്ത്രധാരണത്തിൽ വരെ രാഷ്ട്രീയമുണ്ട്. സാധാരണക്കാരായ വിദ്യാർഥികൾ രാഷ്ട്രീയത്തിൽ വരണം. ജനാധിപത്യത്തിൽ വിമതശബ്ദങ്ങൾ ഉയരണം. എനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

എല്ലാവരെയും ഒന്നിച്ച് അണിനിരക്കണം. എല്ലാ വിഭാഗത്തിനും പ്രാധാന്യം നൽകണം. ഒന്നിച്ചുള്ള പോരാട്ടമാകും ഇനി ജെ.എൻ.യുവിൽ നടക്കുക. കോവിഡിനുശേഷം കാമ്പസിൽ നിരവധി മാറ്റങ്ങളുണ്ടായി. കാമ്പസിൽ കുപ്രചാരണം നടത്തുകയും ചില സിനിമകളിലൂടെ ജെ.എൻ.യുവിന് ചീത്തപ്പേരുണ്ടാക്കുകയും ചെയ്തു. അവർക്കെതിരെ ശബ്ദമുയർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

പണമില്ലാത്തതിനാൽ പഠനം മുടങ്ങരുത്

എന്നെ എൻജിനീയർ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാൽ, മികച്ച അക്കാദമിക് റെക്കോഡ് ഉണ്ടായിരുന്നിട്ടും എനിക്ക് സർക്കാർ കോളജിൽ പ്രവേശനം നേടാനായില്ല. സ്വകാര്യ വിദ്യാഭ്യാസം കുടുംബത്തിന് താങ്ങാനാകാത്തതായിരുന്നു. ഇതിനെ തുടർന്ന് എൻജിനീയറിങ് മോഹം ഉപേക്ഷിച്ചു.

ഡൽഹി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം, അംബേദ്കർ സർവകലാശാലയിൽനിന്ന് പെർഫോമിങ് ആർട്സിൽ ബിരുദാനന്തര ബിരുദം, തിയറ്റർ സ്റ്റഡീസിൽ എം.ഫിൽ തുടങ്ങിയ നേടി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസത്തിന് കുടുംബം മുൻഗണന നൽകിയതു​കൊണ്ടുമാത്രമാണിത്. പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാത്ത അവസ്ഥ ഇനി ആർക്കും ഉണ്ടാകരുത്. അതിനായി പോരാടണമെന്നാണ് ആഗ്രഹം. അതിനായി മറ്റു വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ആവശ്യമാണ്.

ജെ.എൻ.യുവിൽ വിദ്യാർഥികൾ സംവാദങ്ങളിലും വിയോജിപ്പുകളിലും ചർച്ചകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്നുണ്ട്. കർഷകരും തൊഴിലാളികളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളും വിദ്യാർഥികളോടും യുവാക്കളോടും ഒപ്പം കൈകോർക്കും. സാമൂഹിക നീതിക്കുവേണ്ടിയും സമൂഹത്തിന്റെ വിവിധ മേഖലകളിലെ വാണിജ്യവത്കരണത്തിനും കോർപറേറ്റ് ഏറ്റെടുക്കലിനും എതിരെ പോരാടും. പ്രാഥമിക പരിഗണന വിദ്യാഭ്യാസ മേഖലക്കുതന്നെയാണ്. വിവേചനമില്ലാത്ത സ്ഥലമായി കാമ്പസിനെ മാറ്റുകയാണ് ലക്ഷ്യം. അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം വിജയം കാണും വരെ തുടരും.

എണ്ണം കുറയുന്നു

ജെ.എൻ.യുവിലേക്ക് പഠനത്തിനായി എത്തുന്ന വിദ്യാർഥികളുടെ എണ്ണവും കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. മുമ്പ് 50 ശതമാനത്തിലേറെയായിരുന്നു വിദ്യാര്‍ഥിനികളുടെ എണ്ണം. എന്നാൽ, ഇപ്പോഴത് 35.5 ശതമാനം എന്ന നിലയിലേക്ക് കുറഞ്ഞിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ വന്ന് പഠിച്ചിരുന്ന ഇടമായിരുന്നു ജെ.എൻ.യു. എന്നാൽ, ഇന്ന് അതിനും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ജെ.എൻ.യുവിലെ വിദ്യാര്‍ഥികളെ വെടിവെച്ചുകൊല്ലണം എന്നുപറയുന്ന സിനിമകള്‍ ഉൾപ്പെടെ രാജ്യത്ത് നിർമിക്കപ്പെടുന്നു.

ചിലരുടെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കാനുള്ള സിനിമകൾ പ്രദർശിപ്പിക്കാനുള്ള പ്രധാന കേന്ദ്രമായി ജെ.എൻ.യു കാമ്പസ് തി​രഞ്ഞെടുക്കുകയാണ് അവർ. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം ജനങ്ങള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന, അതിനുവേണ്ടി പ്രവർത്തിക്കുന്നവരാണ് ഞങ്ങള്‍. വിദ്യാഭ്യാസത്തിനുള്ള ചെലവ് ബജറ്റിന്റെ പത്തിലൊന്നായിരിക്കണം എന്ന മുദ്രാവാക്യമുയർത്തിയാണ് ഞങ്ങൾ മുന്നോട്ടുനീങ്ങുന്നത്.

സാധാരണക്കാര്‍ക്കൊപ്പം

എന്നും രാജ്യത്തെ സാധാരണക്കാര്‍ക്കൊപ്പംനിന്ന് ഭരണകൂടത്തിനെതിരെ പോരാടിയവരാണ് ജെ.എൻ.യുവിലുള്ളവർ. അതാണ് ഇവിടത്തെ ചരിത്രം. വലിയൊരു സമൂഹം മൗനംപാലിച്ചുനിന്ന മണിപ്പൂര്‍ സംഘർഷം, കർഷകസമരം, പൗരത്വ പ്രതിഷേധം തുടങ്ങിയവയിലെല്ലാം കൃത്യമായ നിലപാടെടുത്ത് ആ സമരങ്ങൾ ജെ.എന്‍.യുവിലെ വിദ്യാർഥികൾ ഏറ്റെടുക്കുകയായിരുന്നു. ജെ.എന്‍.യു അതിന്റെ മനഃസാക്ഷിയായി കാണുന്നത് ഭരണഘടനയെയാണ്.

അധഃസ്ഥിതര്‍ക്കും മികച്ച വിദ്യാഭ്യാസം സ്വപ്നം കാണുന്നവര്‍ക്കും മികച്ച ജോലികള്‍ സ്വപ്നംകാണുന്നവര്‍ക്കും എന്നും തണലായി ജെ.എന്‍.യുവിലെ വിദ്യാർഥി സമൂഹമുണ്ടാവും. അതിനായാണ് ഞങ്ങളുടെ ഓരോരുത്തരുടെയും പോരാട്ടം. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം തള്ളിക്കളയാനുള്ള ജെ.എൻ.യുവിലെ വിദ്യാർഥികളുടെ ജനഹിതപരിശോധനയിൽ വിജയിച്ചവരാണ് ഞങ്ങൾ. വരും വർഷങ്ങളിലും ജെ.എൻ.യു കാമ്പസിൽ വിജയം ജനാധിപത്യ സംരക്ഷകർക്കായിരിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNU Students UnionDalit presidentDhananjay
News Summary - JNU Students Union has got a Dalit president
Next Story