അവാർഡുകളില്ലാത്ത വീട്ടിൽ സി.പി.സി പുരസ്കാരം എല്ലാവരും കാണുന്ന രീതിയിൽ വെക്കും -ഫഹദ്
text_fieldsകൊച്ചി: സോഷ്യല്‍ മീഡിയയിലെ സിനിമാകൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്‍റെ (സിപിസി 2017)അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഒരു അവാര്‍ഡും ഇല്ലാത്ത തന്‍റെ വീട്ടില്‍ സി.പി.സി പുരസ്കാരം എല്ലാവരും കാണുന്ന രീതിയില്‍ വെയ്ക്കുമെന്ന് ഫഹദ് ഫാസില്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.
തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ പാര്‍വതി വിദേശത്തായിരുന്നതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് അവാര്‍ഡ് സ്വീകരിച്ചത്. അങ്കമാലീസ് ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
കിരണ്‍ ദാസാണ് മികച്ച എഡിറ്റര്‍ (തൊണ്ടിമുതല്‍), മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരം രണ്ടു പേര്‍ക്കാണ്. തൊണ്ടിമുതലിന് രാജീവ് രവിയും, അങ്കമാലി ഡയറീസിന് ഗിരീഷ് ഗംഗാധരനും. പറവ, മായാനദി എന്നി സിനിമകള്‍ക്ക് റെക്സ് വിജയന്‍ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
മലയാളത്തിന് വേറിട്ട സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ കെ ജി ജോര്‍ജ്ജിനെ ചടങ്ങില്‍ ആദരിച്ചു. മുതിര്‍ന്ന സംവിധായകരായ കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, പുതിയ തലമുറയില്‍ നിന്നുള്ള ലിജോ പെല്ലിശേരി, ദിലീഷ് പോത്തന്‍, മിഥുന്‍ മാനുവല്‍ തോമസ്, ശ്രീബാല കെ മേനോന്‍, ബേസില്‍ ജോസഫ്, സുനില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചേര്‍ന്നാണ് പൊന്നാടയണിയിച്ച് കെ.ജി ജോര്‍ജ്ജിന് പുരസ്‌കാരം സമര്‍പ്പിച്ചത്.
ഇത് രണ്ടാം തവണയാണ് സിനിമാ പാരഡീസോ ക്ലബ് ചലച്ചിത്ര പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തതോടെ അവാര്‍ഡ് നിര്‍ണയം ഏറെ ശ്രദ്ധിക്കപ്പെട്ടു. വോട്ടിങ്ങും ജൂറിയുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.