''അവാർഡൊക്കെ കിട്ടീന്നൊള്ളൂ, ഞമ്മള് പാവാണ്''
text_fieldsഇങ്ങള് എടങ്ങേറാക്ക്ണ ചോദ്യങ്ങളൊന്നും ചോയ്ക്കരുത്. ചെറ്യേ ചെറ്യെ ചോദ്യം ചോയ്ച്ചാമതി. അവാർഡൊക്കെ കിട്ടീന്നൊള്ളൂ. ഞമ്മള് പാവാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മി എറണാകുളം പ്രസ് ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിക്കു വന്നപ്പോൾ ആദ്യമായി ആവശ്യപ്പെട്ടത് ഇതാണ്.
ആവശ്യപ്പെട്ടതു പോലെ സുരഭിയെ കുഴക്കുന്ന ചോദ്യങ്ങളൊന്നും പത്രക്കാരും ചോദിച്ചില്ല. കുഞ്ഞ് കുഞ്ഞ് ചോദ്യങ്ങൾ. മറുപടിയായി തനി കോഴിക്കോടൻ ഭാഷയിൽ ഒരു നാട്ടുമ്പുറത്തുകാരിയുടെ ജീവിതം. ചെറുപ്പത്തിൽ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലെ സർക്കസ് കൂടാരത്തിലെ നൃത്തം മുതൽ ദേശീയ ജൂറിയെക്കൊണ്ട് കൈയടിപ്പിച്ച മിന്നാമിനുങ്ങിലെ പ്രകടനം വരെ. സലാലയിൽ നിന്നാണ് അവാർഡ് വിവരം അറിയുന്നത്. സന്തോഷം കൊണ്ട് എന്താ പറയാന്ന് അറിയില്ല. അവാർഡൊക്കെ കിട്ടി
കോയിക്കോട്ടെത്തിയപ്പോളാണ് രസം. എെൻറ ഫോട്ടൊക്കെ വെച്ച് നാട്ടാര് കാത്ത്നിക്കാണ്. ചെണ്ടകൊട്ടും മേളവുമൊക്കെയായി. പിന്നെ ഒരു ഘോഷയാത്രയായിരുന്നു. ബൈക്ക് റാലിെൻറ അകമ്പടിയോടെയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. അവര് വിളിച്ച മുദ്രാവാക്യായിരുന്നു രസം.
ഐശ്വര്യറായിയെ മലർത്തിയടിച്ച് നരിക്കുനിയുടെ ഓമനപുത്രി, ആറാം തമ്പുരാട്ടി സുരഭി ഈ വഴിത്താരയിലൂടെ കടന്നുവരികയാണ്.. പൊലർച്ചെ രണ്ട് മണിവരെ വീട്ടിലാളുണ്ടായിരുന്നു. ഞമ്മള് പ്രതീക്ഷിക്കാത്ത പലരും വീട്ടിലെത്തി അഭിനന്ദിച്ചപ്പോ..എന്തെന്നില്ലാത്ത സന്തോഷം. കോഴിക്കോട് എളേറ്റിൽ വട്ടോളി എന്ന സ്ഥലത്തായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾ താമസിച്ചിരുന്നത്. അവിടെ ചെറ്റക്കടവ് എന്ന സ്ഥലത്ത് കൊയ്ത്ത് കഴിഞ്ഞാൽ നാടോടി സംഘങ്ങള് ആട്ടും പാട്ടുമായി വരും. അച്ഛൻ നല്ല ആസ്വാദകനായിരുന്നത് കൊണ്ട് അവരെ ഭയങ്കര കാര്യായിരുന്നു. നാടോടികൾ പെൺവേഷം കെട്ടിയാണ് ഡാൻസ് കളിക്കുന്നത്. ആ പരിപാടിയിൽ ചേച്ചിയൊടൊപ്പം ഡാൻസ് കളിച്ചാണ്
ഞാനാദ്യായിട്ട് സ്റ്റേജിൽ കയറുന്നത്. കണ്ണുകാണാത്ത കുട്ടിയായിട്ടായിരുന്നു അന്ന് വേഷമിട്ടത്. അന്നെനിക്ക് മൂന്നോ നാലോ വയസ്സായിരുന്നു. ആ പ്രകടനത്തിന് കടല മുട്ടായീം പത്തുരൂപയും കിട്ടി.
പിന്നെ ഞമ്മളെ നാട്ടിലെ കല്യാണപ്പൊരകളിൽ സുരഭിസ്റ്റേ ഡാൻസ് നിർബന്ധമായി. ജൂംബാ, രാമായണക്കാറ്റേ,ഏഴിമല പൂഞ്ചോല, മുക്കാല... തുടങ്ങിയ ഹിറ്റ് പാട്ടുകൾക്ക് ചുവടുവെച്ച് നാട്ടിൽ താരമായി. വീടിനടുത്തുള്ള കോറീല് മെറ്റല് പൊട്ടിച്ചും വീട്ടിലെ തേങ്ങപെറുക്കിയും കശുവണ്ടി വിറ്റും കിട്ടുന്ന പൈസകൊണ്ട് സിനിമ കണ്ടിരുന്നു. എൻറ കൂടെ പുരസ്കാരം ലഭിച്ച അക്ഷയ്കുമാറിെൻറ
'കില്ലോടിയോം കെ കില്ലാടി' കണ്ടത് ഇന്നും ഓർക്കുന്നുണ്ട്.
എട്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് ക്ലാസിക്കൽ ഡാൻസൊക്കെ പഠിക്കണംന്ന് ആളുകള് പറയുന്നത്. അങ്ങനെയാണ് ചേളാരിയിൽ സത്യവ്രതൻ സാറിന്‍റെയടുത്തെത്തുന്നത്. അവിട്ന്ന് കുറച്ച് ഭരതനാട്യോം, മോഹിനിയാട്ടോക്കെ കുറച്ച് പഠിച്ചു. വി.എച്ച്.എസ്.ഇക്ക് ശേഷമാണ് സുഹൃത്തിെൻറ സഹായത്തോടെ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ഭരതനാട്യത്തിന് ചേർന്നത്. അവിടെ
ഒപ്ഷനായി തെരഞ്ഞെടുത്തത് തിയറ്ററായിരുന്നു. നാട്ടിലെ സിനിമ കളിക്കുന്ന രചന തിയറ്ററിനെക്കുറിച്ചൊക്കെ നമ്മക്ക് അറിയൊള്ളു. ഇതും അതുപോലെ എന്തോ
ഒന്നാണെന്ന് കരുതിയാണ് തെരഞ്ഞെടുത്തത്. അവിടെ ചെന്നപ്പളല്ലേ, ഷേക്സ്പിയറും ഇബ്സനും ബ്രഹ്തും
സ്റ്റാനിസ്ലാവ്സികിയും മെത്തേഡ് ഓഫ് ആർട്ടും. ഇവരൊക്കെ ആരാന്നോ എന്താന്നോ ഒന്നും അറിയില്ല. ആദ്യത്തെ പരീക്ഷക്ക് ബ്ലോക്കിങ് എന്ന ചോദ്യത്തിന് ഉത്തരമെഴുതിയത് ഇന്നും ഓർക്കുന്നു. സംഭവമെന്താണെന്ന് ആർക്കുമറിയില്ല. പിന്നെ ഞാനങ്ങ് എയ്തി. നാടകത്തിെൻറ ക്ലൈമാക്സിൽ വില്ലനും നായകനും അടിയുണ്ടാകുമ്പോ തടുക്കുന്നതിനെയാണ് ബ്ലോക്കിങ് എന്ന്. വീട്ടിലാകുമ്പോ അച്ചനും അമ്മയും
തല്ലുണ്ടാകുമ്പോ തടുക്കുന്നതിനെയും ബ്ലോക്കിങ് എന്നു പറയും എന്നുവരെ എഴുതി. ആ പരീക്ഷക്ക് 38 മാർക്ക് കിട്ടി..
പിന്നീടാണ് കോളജിലെ വിനോദ് സാറിെൻറ നിർബന്ധത്തിന് വഴങ്ങി അമൃത ടീവിയിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അതിൽ പങ്കെടുത്ത ഞങ്ങൾ മൂന്ന് പേർക്ക് ദേശീയ അവാർഡ് കിട്ടി. സിദ്ധാർഥ് ശിവ, മുസ്തഫ എന്നിവരായിരുന്നു എൻറെ കൂടെയുണ്ടായിരുന്നത്. പിന്നീട് മിന്നാമിനുങ്ങിലെ ചിത്രീകരണാനുഭവവും സിനിമയിലെ ഭാവി പരിപാടിയയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും സുരഭി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.