കാമറ ഫ്ലാഷുകൾ എന്‍റെ സ്വപ്നമായിരുന്നു -സുരഭി
text_fieldsകൊച്ചി: മിന്നിത്തെളിയുന്ന കാമറ ഫ്ലാഷുകളായിരുന്നു എെൻറ സ്വപ്നം. എന്നെങ്കിലുമൊരിക്കൽ തന്‍റെ ജീവിത്തിലും അത് സംഭവിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ അത് യാഥാർഥ്യമായി. ഒരു ദിവസം കൊണ്ടാണ് എന്‍റെ ജീവിതം മാറിയത്. ആദ്യമായാണ് ഇത്രയധികം പത്രക്കാരെ ഒരുമിച്ച് കാണുന്നത്. യാഥ്യാർഥ്യത്തിനും സ്വപ്നത്തിനും നടുവിലാണ് ഞാൻ. ലോക സുന്ദരിപ്പട്ടം ലഭിച്ച ഐശ്വര്യറായ് വെള്ളക്കുതിരപ്പുറത്ത് വെള്ള ഫ്രോക്കുമിട്ട് വരുന്ന വിഡിയോ പലതവണ കണ്ടിട്ടുണ്ട്. അവരുടെ ചിത്രത്തിനൊപ്പം എെൻറ ചിത്രം കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണ് -ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി പറയുന്നു.
എറണാകുളം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലാണ് സുരഭി മനസ്സ് തുറന്നത്. ഇമേജുകളെ തനിക്ക് ഭയമില്ല. പക്വവും പ്രായവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് വെല്ലുവിളി നിറഞ്ഞത്. ഗൗരവമായ വേഷങ്ങളേ ചെയ്യുകയുള്ളൂവെന്ന് വാശിപ്പിടിച്ചാൽ വീട്ടിൽ ഈച്ചയെ ആട്ടി ഇരിക്കേണ്ടി വരുമെന്നും സുരഭി പറഞ്ഞു.
മിന്നാമിനുങ്ങ് എന്ന സിനിമയുടെ മൊത്തം ഫലമാണ് എനിക്ക് ലഭിച്ച പുരസ്കാരം. ചിത്രത്തിെൻറ സംവിധായകൻറെയും തിരക്കഥ കൃത്തിെൻറയുമെല്ലാം പരിശ്രമത്തിെൻറ ഫലമാണ് അവാർഡ്. അവരോട് തീരാത്ത കടപ്പാടുണ്ട്. അവാർഡ് ലഭിച്ചതിൽ സന്തോഷമറിയിക്കാൻ
മുഖ്യമന്ത്രിയടക്കമുള്ളവർ വിളിച്ചിരുന്നു. സിനിമയിൽനിന്ന് വലിയ താരങ്ങളൊന്നും വിളിച്ചിട്ടില്ല. രണ്ട് ദിവസം തൻറെ ഫോൺ ഓഫായിരുന്നു. അതായിരിക്കാം എന്നെ വിളിച്ചിട്ട് കിട്ടാതിരുന്നത്. തിരക്ക് കഴിഞ്ഞ് വിളിക്കാമെന്ന് അവർ കരുതുന്നുണ്ടാവുമെന്നും സുരഭി പ്രതീക്ഷ പ്രകടിപ്പിച്ചു.
സിനിമ മേഖലയിൽ സ്ത്രീകൾക്ക് വലിയ രീതിയിൽ സുരക്ഷ ഭീഷണിയില്ല. പൊതുസമൂഹത്തിൻറെ സ്വഭാവം സിനിമ മേഖലയും പ്രകടിപ്പിക്കുമെന്നും അതിൻറെ അരക്ഷിതാവസ്ഥയുണ്ടെന്നും സുരഭി പറഞ്ഞു. തന്നെ ആളുകൾക്കിടയിൽ അറിയുന്ന താരമാക്കിയത് മീഡിയവൺ ചാനലിലെ എം80 മൂസയാണ്. അതിൻറെ കരാർ അവസാനിച്ചു. പുതിയ ഭാവത്തോടെയും പുതുമകളോടെയും പരമ്പര തുടർന്നും അവതരിപ്പിക്കാൻ ചാനലിനും അണിയറ പ്രവർത്തകർക്കും താൽപര്യമുണ്ടെങ്കിൽ താൻ സഹകരിക്കുമെന്നും സുരഭി പറഞ്ഞു. കോഴിക്കോടൻ ഭാഷയിൽ തൻറെ ചെറുപ്പവും നാടക ജീവിതവും രസകരമായി അവതരിപ്പിച്ച് സുരഭി മാധ്യമപ്രവർത്തകരെ കൈയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.