വിമര്‍ശനമില്ലാതെ ടി.പി ശാസ്തമംഗലത്തിന്‍െറ ‘കാവ്യഗീതിക’
text_fieldsഗാനവിമര്‍ശനം ഒരു എഴുത്ത് ശാഖയായി മലയാളത്തില്‍ തുടങ്ങിവെച്ച ടി.പി.ശാസ്തമംഗലം മലയാളികള്‍ക്ക് സുപരിചിതനാണ്. 35 വര്‍ഷത്തിലേറെയായി ഗാനവിമര്‍ശനം തുടര്‍ച്ചയായി എഴുതുന്ന മലയാളത്തിലെ ഏക ഗാനവിമര്‍ശകനായ അദ്ദേഹത്തിന്‍െറ രചനയില്‍ ഒരു പുസ്തകം ഇതുവരെയും ഇറങ്ങിയിരുന്നില്ല. പലരും ആഗ്രഹിച്ച അങ്ങനെയൊരു പുസ്തകം ഇപ്പോള്‍ കൈരളിക്ക് സമ്മാനിക്കുന്നത് ലിപി പബ്ളിക്കേഷന്‍സ് ആണ്. ശാസ്തമംഗലത്തിന്‍െറ കൈയില്‍ നിന്ന് ‘ഏറുകൊള്ളാതെ’ രക്ഷപ്പെട്ട പാട്ടെഴുത്തുകാര്‍ പുതിയകാലത്ത് കുറവാണ്. വയലാറും ഭാസ്കരന്‍ മാഷും ഒ.എന്‍.വിയും ശ്രീകുമാരന്‍ തമ്പിയും യൂസഫലി കേച്ചേരിയുമൊഴിച്ച് ഏതാണ്ടെല്ലാ പാട്ടെഴുത്തുകാരും അദ്ദേഹത്തിന്‍െറ വിമര്‍ശനത്തിന്‍െറ കൂരമ്പുകളേറ്റ് പിടഞ്ഞവര്‍ തന്നെ. എന്നാല്‍ ഒരു പാട്ടിനെപ്പോലും അനാവശ്യമായി വിമര്‍ശിച്ചിട്ടില്ലാത്ത ശാസ്തമംഗലം പുസ്തകമെഴുതിയപ്പോള്‍ അത് അക്ഷരംപ്രതി പാലിച്ചു. അദ്ദേഹത്തിന്‍െറ ആദ്യത്തെ പുസ്തകത്തില്‍ നിന്ന് ഒട്ടേറെ രൂക്ഷവിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചവരെ അല്‍ഭുതപ്പെടുത്തി നിറയെ ഒരു ഗാനാസ്വാദക പുസ്തകമായാണ് അദ്ദേഹത്തിന്‍െറ ‘കാവ്യഗീതിക’ പുറത്തിറങ്ങിയത്.
മലയാളഗാനലോകം 75 പിന്നിട്ടപ്പോള്‍ അതിലെ മുത്തുകളായ 100 പാട്ടുകള്‍ തെരഞ്ഞെടുത്ത് അതിനുള്ള ആസ്വാദനമാണീ പുസ്തകം. ഒപ്പം ഒരു ലളിതഗാനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗാനങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടതായിരിക്കും ഈ പുസ്തകം. വയലാറിന്‍െറയും ഭാസ്കരന്‍ മാഷിന്‍െറയും ഒ.എന്‍.വിയുടെയും പാട്ടുകള്‍തന്നെതയാണ് ഇതിലധികവും എന്ന് ഊഹിക്കാമല്ളൊ. എന്നാല്‍ തുടര്‍ന്നുവന്ന പാട്ടെഴുത്തുകാരായ യൂസഫലി കേച്ചേരി, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ഏഴാച്ചേരി, പ്രഭാവര്‍മ്മ, റഫീക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍ തുടങ്ങി 2014ലെ പാട്ടുകള്‍ വരെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുസ്തകം. ശാസ്തമംഗലത്തെ അറിയാവുന്നവര്‍ക്ക് തീര്‍ത്തും വ്യത്യസ്തമാണിതിന്‍െറ രചന.
നല്ലതിനെ നല്ലതെന്ന് എന്നും അത്യന്തം ആദരവോടെ പറയാറുള്ള അദ്ദേഹം ഇഷ്ടപ്പെടാത്തതിനെ അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്. അദ്ദേഹം ആദരിക്കുന്ന കവിയായ എസ്.രമേശന്‍ നായരെ ധാരാളം പാട്ടുകളില്‍ അദ്ദേഹം രുക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും അതിന്‍െറ പരിഭവം കാട്ടാതെ സ്നേഹത്തോടെ ചിരിക്കുന്ന കവിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഉതിര്‍ന്ന കണ്ണീര്‍ തന്‍്റെ എഴുത്ത് പേപ്പറില്‍ വീണതിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള പല എഴുത്തുകാരുടെയും നല്ല പാട്ടുകളെ അതേ തീവ്രതയോടെ നന്നായി എന്ന് കാര്യകാരണ സഹിതം അദ്ദേഹം പുകഴ്ത്തിയിട്ടുമുണ്ട്. ശാസ്തമംഗലം ഏറ്റവുംകുടുതല്‍ വിമര്‍ശിച്ചിട്ടുള്ള കൈതപ്രത്തിന്‍െറയും ഗിരീഷ് പുത്തഞ്ചേരിയുടെയും പല നല്ല പാട്ടുകളെപ്പറ്റിയുമുള്ള ആസ്വാദനം ഈ പുസ്തകത്തിലുണ്ട്. ‘കായലരികത്ത് വലയെറിഞ്ഞപ്പം’ എന്ന ഭാസ്കരന്‍ മാഷിന്‍െറ നീലക്കുയിലിലെ പാട്ടില്‍ തുടങ്ങി മലയാളത്തിലെ ഏറ്റവും നല്ല പാട്ടുകളെ തിരിച്ചറിയാനുള്ള പുസ്തകം കൂടിയാണിത്. പാട്ടിന്‍െറ വരികളിലൂടെ മാത്രമല്ല, സംഗീതത്തിന്‍െറ പ്രത്യേകത, പാട്ടിന്‍െറ നിര്‍മ്മാണത്തിലെ ചെറിയ അനുഭവങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്നെയുമല്ല, വയലാറിന്‍െറ പല ഗഹനമായ പാട്ടുകളെപ്പറ്റി പറയുമ്പോള്‍ വേദങ്ങളിലും ഉപനിഷത്തുക്കളിലും പുരാണഗ്രന്ഥങ്ങളിലും മറ്റുമുള്ള പശ്ചാത്തലം ഒരു ഗവേഷകനെപ്പോലെ അദ്ദേഹം കണ്ടത്തെി അവതരിപ്പിക്കുന്നു.
ഒറ്റമന്ദാരം എന്ന സിനിമക്ക്വേണ്ടി വിനോദ് മങ്കര എഴുതിയ ‘ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ’ എന്ന 2014ലെ പാട്ടുവരെ പരാമര്‍ശിക്കുന്ന ഈ പുസ്തകത്തില്‍ അവസാനമായി ഒ.എന്‍.വിയുടെ പ്രശസ്തമായ ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ’... എന്ന ലളിതഗാനമാണ് പരാമര്‍ശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.