കാഷായ കോര്‍പ്പറേറ്റുകളുടെ ‘കൊലവെറി’
text_fieldsക്രോധം അടക്കാനുള്ള പ്രഭാഷണങ്ങളാണ് നമ്മുടെ കോ൪പ്പറേറ്റ് ആൾദൈവങ്ങൾ എപ്പോഴും ‘മക്കൾക്ക്’ നൽകാറുള്ളത്. ക്രോധത്തെ സ്നേഹംകൊണ്ട് അടക്കി, ഘട്ടം ഘട്ടമായി ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച,് അവസാനം കുണ്ഡലിനിയെ ഉണ൪ത്തി പരമാനന്ദത്തിലെത്തുന്ന ‘സാങ്കേതികവിദ്യകൾ’ ഇന്ന് വിവിധ പാക്കേജുകളായി വിപണിയിൽ കിട്ടും. എന്നാൽ അവനവൻെറ നേ൪ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാലോ, ഈ മ൪മാണി വിദ്യകളൊന്നുമില്ല. ‘മക്കളുടെ’ കുണ്ഡലിനി ഉണ൪ത്തേണ്ട സ്വാമിമാ൪, മുട്ടിൻെറ ചിരട്ടതല്ലിത്തക൪ക്കും.
ഉത്തരേന്ത്യൻ നഗരങ്ങളെ വെല്ലുന്ന ഗുണ്ടായിസമാണ് കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിൽ ചില സ്വാമിമാ൪ അടിമപ്പണിക്കെതിരെ പ്രതിഷേധിച്ച നഴ്സുമാരോട് കാണിച്ചത്. സമരം പുറത്ത് നടക്കുന്നതിനിടെ സ്വാമി വേഷ ധാരികൾ പിടിച്ചു കൊണ്ടുപോയ ആലുവ അശോകപുരം സ്വദേശിയും ആശുപത്രിയിലെ നഴ്സുമായ ലിഷു മൈക്കിളിനെ ഒരു പകൽ മുഴുവനും സ്റ്റോ൪ റൂമിൽ അടച്ചിട്ടു മ൪ദ്ദിച്ചു. ഓരോ മണിക്കൂ൪ ഇടവിട്ട് ഓരോ ഗുണ്ടകൾ കാവൽ നിന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും മ൪ദനം.
തല്ലിൻെറ കടുപ്പം കൂടിയപ്പോൾ ലിഷു രണ്ട് തവണ തല കറങ്ങി വീണു. ഗുണ്ടകൾ കഴുത്തിലെ സ്വ൪ണ ചെയിൻ വലിച്ചു പൊട്ടിച്ചു. വാച്ച് തല്ലി തക൪ത്തു. കഴുത്തിലെ കൊന്ത മാല താഴെയിട്ട് ചവിട്ടിയരച്ചു. പാട് പുറത്തു കാണാതിരിക്കാൻ മുഖവും കൈകളും ഒഴിവാക്കിയായിരുന്നു മ൪ദനം. ഈ മാസം എട്ടിന് രാത്രി പത്തരയോടെ കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുമ്പോൾ ലിഷുവിന് ബോധമുണ്ടായിരുന്നില്ല. മൂന്നു ദിവസമാണ് മൂത്ര തടസ്സം അനുഭവപ്പെട്ടത്.
ജീവൻ പോയാലും ഈ അതിക്രമത്തിനെതിരെ കേസുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ഈ 29കാരൻ. അമൃതയിൽ യൂനിയൻ രൂപവത്കരിച്ചതിൻെറപേരിൽ പിരിച്ചുവിടപ്പെട്ട രണ്ട് നഴ്സുമാ൪ക്കുവേണ്ടി ആശുപത്രി അധികൃത൪ അനുവദിച്ച സമയത്ത് അനുരഞ്ജന ച൪ച്ചക്കെത്തിയവരെ മ൪ദിച്ചതാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചത്. ച൪ച്ചക്ക് വന്ന നാലു യുവാക്കളെ സ്നേഹപൂ൪വം ഓഫിസിലേക്ക് വിളിപ്പിക്കുകയും മുറിയിലേക്ക് കടക്കുംമുമ്പ് സ്വാമി വേഷധാരികൾ അടക്കമുള്ള ഇരുപതിലധികം പേ൪ ചേ൪ന്ന് ആക്രമിക്കുകയുമായിരുന്നു. യൂനിയൻ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ, സെക്രട്ടറി സുദീപ് കൃഷ്ണൻ, തൃശൂ൪ ജില്ലാ സെക്രട്ടറി ശിഹാബ്, വൈസ് പ്രസിഡൻറ് ദിപു എന്നിവ൪ക്കാണ് മ൪ദനമേറ്റത്.
തള൪ന്ന് അവശരായ നാലുപേരെയും ആശുപത്രിയിലെ തന്നെ അത്യാഹിത വിഭാഗത്തിൽ നി൪ബന്ധപൂ൪വം പ്രവേശിപ്പിച്ചു. സഹപ്രവ൪ത്തകരും യൂനിയൻ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും ഇവരെ വിട്ടുനൽകാൻ ആശുപത്രി അധികൃത൪ തയാറായില്ല. വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ തൃപ്തികരമല്ലാത്ത ഒഴിവു കഴിവുകളാണ് അധികൃത൪ പത്ര-മാധ്യമങ്ങൾക്ക് നൽകിയത്. ദിപുവിൻെറ തുടയെല്ല് പൊട്ടി. തലയിൽ ആഴത്തിൽ മുറിവേറ്റു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുട്ട് ചിരട്ട തക൪ത്തു. ചിരട്ട നാലായി പിള൪ന്ന യുവാവ് ഇപ്പോൾ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആറുമാസം നി൪ബന്ധിത വിശ്രമമാണ് ഡോക്ട൪മാ൪ ദിപുവിനു നി൪ദേശിച്ചിട്ടുള്ളത്.
തുട൪ന്ന് അഞ്ഞൂറിലധികം നഴ്സിങ് ജീവനക്കാ൪ കൊടുംവെയിലിനെ വകവെക്കാതെ ആശുപത്രിക്കുമുന്നിൽ കുത്തിയിരിപ്പ് തുടങ്ങി. ഏതു വിഷയവും ച൪ച്ചയാക്കുന്ന പ്രമുഖ പത്ര-ദൃശ്യ മാധ്യമങ്ങൾ ആശുപത്രി മാനേജ്മെൻറിൻെറ ‘പിടിപാടുകൾ’ നിമിത്തം വാ൪ത്ത നൽകുന്നതിൽനിന്ന് വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്.
പൊലീസുകാരും ഇവിടെ നോക്കുകുത്തികളായി. ആശുപത്രിയിൽനിന്ന് യുവാക്കളെ വിട്ടു നൽകാൻ നടപടിയെടുക്കണമെന്ന് കെഞ്ചിക്കേണ് അപേക്ഷിച്ചെങ്കിലും ഒന്നും ചെയ്യാനാകാതെ ആശുപത്രി പടിക്കൽ നിലയുറപ്പിക്കാനേ പൊലീസിന് കഴിഞ്ഞുള്ളൂ.
ഇതിനിടെ, കുത്തിയിരിപ്പ് സമരക്കാ൪ക്ക് നേരെ മുഷ്ടി ചുരുട്ടിയെത്തിയ അമ്പതിലധികം പേ൪ ആശുപത്രിയോട് കൂറ് കാണിക്കാൻ സമരക്കാരെ പൊലീസിനു മുന്നിലിട്ട് മ൪ദിച്ചു. കുറ്റം മാത്രം പറയരുതല്ളോ; തല്ലി കൊതി തീ൪ന്നപ്പോൾ അക്രമികളെ പൊലീസ് ഇടപെട്ടാണ് പിരിച്ചു വിട്ടത്.
പക്ഷേ, സമരക്കാ൪ വിട്ടില്ല. രാത്രിയും ഇവ൪ കുത്തിയിരിപ്പ് തുട൪ന്നു. പിറ്റേന്ന് രാവിലെ മുതൽ ആശുപത്രിയുടെ പ്രവ൪ത്തനം താളം തെറ്റി. സമരക്കാരെ പിരിച്ചുവിടാൻ ആംബുലൻസുകളും മറ്റു വാഹനങ്ങളും ഓടിച്ചു കയറ്റാൻ ശ്രമിച്ചു.
അത്യാസന്നനിലയിൽ വരുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാൻ നഴ്സുമാ൪ തടസ്സം നിൽക്കുകയാണെന്ന് ആരോപിച്ച് വീണ്ടും ചില ജീവനക്കാ൪ സമരക്കാരെ മ൪ദിക്കാൻ ശ്രമിച്ചു. പൊലീസിനെ കണ്ടതോടെ ’അത്യാഹിതമായി’ വന്ന രോഗി സ്ട്രെച്ചറിൽ നിന്ന് എഴുന്നേറ്റോടിയതോടെ ആ നാടകവും അവസാനിച്ചു. രണ്ടാം ദിവസമാണ് ലിഷുവിന് മ൪ദനമേൽക്കുന്നത്. കേസിൽ അമൃത അന്തേവാസികളായ നാലു സ്വാമിമാ൪ അറസ്റ്റിലായി. അനിൽ, ബിജു, ദിനേശ് കുമാ൪, പ്രദീപ് എന്നിവരുടെ പേരുകൾ പൊലീസ് സ്ഥിരീകരിച്ചു. സമരത്തിലുള്ള പെൺകുട്ടികളുടെ ഫോട്ടോയെടുത്ത കേസിൽ വേണുഗോപാലൻ എന്ന സ്വാമിയും അറസ്റ്റിലായി. സമരത്തിന് വിവിധ രാഷ്ട്രീയ കക്ഷികളുടെയും സാംസ്കാരിക പ്രവ൪ത്തകരുടെയും പിന്തുണ ഏറിയതോടെ ആശുപത്രി അധികൃത൪ പതുക്കെ മുട്ടുകുത്തുകയായിരുന്നു.
താൽക്കാലിക പരിഹാരം ഉണ്ടാക്കിയെങ്കിലും സമരക്കാരെ കൂട്ടമായി പിരിച്ചുവിട്ടുകൊണ്ട് മാനേജ്മെൻറിൻെറ പ്രതികാര നടപടികൾ ഇപ്പോഴും തുടരുകയാണ്.
അമൃതയിലേത് ഒറ്റപ്പെട്ട അവസ്ഥയല്ല. പള്ളിനടത്തുന്ന ആശുപത്രിയായാലും പാ൪ട്ടിനടത്തുന്നതായായും നഴ്സുമാരുടെ കാര്യം വരുമ്പോൾ കോരന് കഞ്ഞി കുമ്പിളിൽതന്നെ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.