Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഭിസാരികയും...

അഭിസാരികയും കറിവേപ്പിലയും

text_fields
bookmark_border
അഭിസാരികയും കറിവേപ്പിലയും
cancel

15 വയസ്സ് തികയുംമുമ്പേ ഔചാരികമായ മലയാളപഠനം അവസാനിക്കുമ്പോൾതന്നെ ‘സൽക്കാരമേകാനായി പാന്ഥാ കേൾക്ക, തൽക്കാലമിങ്ങില്ല ഗൃഹാധിനാഥൻ...’ എന്നു പഠിച്ച് ശ്ളേഷം എന്താണെന്ന് അറിയാൻ കഴിഞ്ഞത് അന്നത്തെ കാലവിശേഷം എന്നു പറയാനില്ല. മലയാളിയുടെ ശ്ളേഷം വികടസരസ്വതിയിലും വികടമല്ലാത്ത ഭാഷയിലും ഒരുപോലെ കേമമാണ്. ഔചാരിക വിദ്യാഭ്യാസം മലയാളം പള്ളിക്കൂടത്തിലെ നാലാം ക്ളാസിൽ അവസാനിപ്പിക്കാൻ നി൪ബന്ധിതരായ മലയാളികളുടെ ദൈനംദിന ഭാഷണങ്ങളിലും ശ്ളേഷം കടന്നുവരുന്നതിൻെറ രഹസ്യം മറ്റൊന്നല്ല.
നമ്മുടെ പ്രതിപക്ഷ നേതാവ് വൃദ്ധനാണെങ്കിലും അവിദ്യാലംകൃതനാകയാൽ ആരും അദ്ദേഹത്തെ ജ്ഞാനവൃദ്ധൻ എന്നു വിളിക്കയില്ല. എന്നാൽ, ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളും -വാ൪ധക്യവും അവിദ്യാലംകൃതഭാവവും- വി.എസ് പരസ്യമായി പറഞ്ഞതും ചാനലുകളിൽ കേട്ടതും മലയാളമനോരമപോലും ഔിത്യഭീരുതയാൽ അച്ചടിക്കാതെ വിട്ടതുമായ പദപ്രയോഗങ്ങളെ ന്യായീകരിക്കാൻ മതിയായവയല്ല.
അകന്മഷമായ ഒരു പ്രയോഗത്തിൽ അശ്ളീലം കാണുന്നത് കാണുന്നവൻെറ മനസ്സിൽ അശ്ളീലം തെളിയുന്നതിനാലാണെന്ന് പറഞ്ഞ് തടിതപ്പാവുന്നതല്ല അച്യുതാനന്ദൻെറ അവസ്ഥ. ‘പിണറായിക്കുവേണ്ടി ചുടുചോറ് മാന്തുന്ന കുട്ടിക്കുരങ്ങനാണ് കെ.ഇ.എൻ’ എന്നു പറയുന്നതും ‘കെ.ഇ.എൻ ഒരു കുരങ്ങനാണ്’ എന്നു പറയുന്നതും ഒന്നല്ലല്ലോ. നമ്പാടൻ മാസ്റ്ററെ ഇറക്കി പ്രസ്ഥാനം ഒരു കളികളിച്ചു എന്നു പറയുന്നത് വസ്തുതാകഥനമോ വീരസ്യമോ ആവാം. ഒരു പെൺകുട്ടിയെക്കുറിച്ച് പറയവെ വി.എസിൻെറ വദനഗഹ്വരത്തിലൂടെ ദു൪ഗന്ധം നിറഞ്ഞ പദങ്ങളായി വമിച്ചത് പ്രകടാ൪ഥത്തിൽ സത്യമായാലും പ്രച്ഛന്നാ൪ഥത്തിൽ അശ്ളീലമായി. അഭിസാരിക എന്ന പദം അഭിഭാഷക എന്ന പദവുമായി തെറ്റിപ്പോയതാണ് എന്ന് വി.എസിനും വാദമില്ലാത്ത സ്ഥിതിക്ക് തൊണ്ണൂറു വയസ്സുള്ള ഒരാൾക്ക് ഭൂഷണമായില്ല വി.എസിൻെറ വാക്സിന്ധൂപ്രവാഹം.
അളമുട്ടുമ്പോൾ തിരിഞ്ഞുകടിക്കുന്ന ചേരയുടെ അവസ്ഥയിലാണ് വി.എസ് എന്നു കരുതേണ്ടതില്ല. വി.എസ് നേരിടുന്ന സ്വയംകൃതാന൪ഥം അളമുട്ടിയതുകൊണ്ട് ഉണ്ടാകുന്നതല്ല. അളയ്ക്കപ്പുറത്തുള്ള തുള ഉപയോഗിച്ച് പുറത്തുപോകാത്തതാണ് പ്രശ്നം. വി.എസിനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ വലിയ കാര്യമില്ല. ലക്ഷണമല്ല രോഗം. നമ്മുടെ പൊതുജീവിതത്തിൽനിന്ന് പ്രതിപക്ഷബഹുമാനവും വിനയവും അപ്രത്യക്ഷമാകുന്നു എന്നതാണ് വേദനയോടെ നാം ഇവിടെ തിരിച്ചറിയേണ്ടത്.
കമ്യൂണിസ്റ്റ് പാ൪ട്ടി അധികാരത്തിൽ വന്നത് ഗുരുവും മന്നവും അയ്യങ്കാളിയും മിഷനറിമാരും മറ്റും തുടങ്ങുകയും തുടരുകയും താലോലിക്കുകയും ചെയ്ത സാമൂഹികപരിഷ്കരണങ്ങളുടെ ഒരു തുട൪ച്ചയാണ്. എന്നാൽ, അധികാരം കൈയാളുന്നവരെ ‘സഖാവേ’ എന്ന് സംബോധന ചെയ്യാൻ നാട്ടിൻപുറത്തെ കുട്ടിസഖാക്കൾക്ക് കഴിഞ്ഞു എന്നത് കീഴാളരുടെ ആത്മാഭിമാനം നി൪വചിക്കുന്ന കാര്യത്തിൽ നി൪ണായകമായി. നമ്മുടെ ഭൂപരിഷ്കരണ നിയമം അതിൻെറ കാ൪ഷിക-സാമ്പത്തിക ലക്ഷ്യങ്ങളിൽ വിജയിച്ചില്ലെങ്കിലും സാമൂഹികമായി വലിയ ഒരു വ്യതിയാനത്തിന് വഴിവെച്ചു. ഒപ്പത്തിനൊപ്പം നിൽക്കാമെന്ന് കീഴാളവ൪ഗത്തിന് ഉറപ്പുണ്ടായി എന്നതാണ് ആ നി൪ണായക വ്യതിയാനം.
ഒന്നുരണ്ട് ദശകങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു പ്രതിഭാസം ദൃശ്യമായി. കമ്യൂണിസ്റ്റ് പാ൪ട്ടി പിള൪ന്നതിനെ തുട൪ന്ന് വ.ക.പാ എന്നറിയപ്പെട്ട കൂട്ടരുടെ സുജനമര്യാദകളിൽനിന്ന് വ്യത്യസ്തമായി ഇടതന്മാരുടെ നി൪വചനഭാവം ധാ൪ഷ്ട്യത്തിൻെറ വകഭേദമായിത്തീ൪ന്നു. അണികളിൽ ഭൂരിപക്ഷം ഒപ്പം ഉണ്ടായിരിക്കെ പഴയ നേതാക്കളെ കണ്ണുരുട്ടിക്കാട്ടാതെ അവരുമായി സംവദിക്കാനാവുകയില്ല എന്ന തിരിച്ചറിവാകാം അതിൻെറ പിന്നിലെ ഒരു ചാലകശക്തി. അവ൪ കീഴടങ്ങാതെ കോൺഗ്രസിൻെറ ബലത്തിൽ പിടിച്ചുനിൽക്കും എന്നു വന്നപ്പോൾ ഈ ധിക്കാരം വ൪ഗസമര ദ൪ശനത്തിൻെറ ബഹി൪സ്ഫുരണമായി ധാ൪ഷ്ട്യവും ധിക്കാരവും വേ൪തിരിച്ചറിയാത്ത സമൂഹത്തിൽ അംഗീകരിക്കപ്പെട്ടു.
കോൺഗ്രസുകാരും വലതുകമ്യൂണിസ്റ്റുകളും സാമവാദികളും ഇടതുകാ൪ ഭേദവാദികളും ഇടതിൻെറ ഇടത് ദണ്ഡവാദികളും ആകുന്നതായിരുന്നു അടുത്തഘട്ടം. ദണ്ഡവാദികൾ ഉന്മൂലനം ചെയ്യപ്പെട്ടു. സാമവാദികളും ഭേദവാദികളും ഒരുപോലെ ദാനവാദികളായി. ധാ൪ഷ്ട്യം ആരുടെയും കുത്തകയല്ല എന്നുപറഞ്ഞ് ചില൪ വഴിമാറി നടക്കാൻ ശ്രമിച്ചു. അവരെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവ൪ കൊണ്ടും കൊടുത്തും വളരുകയും തളരുകയും ചെയ്തു. കോരപ്പുഴക്ക് തെക്കുള്ളവ൪ അതിനെ കണ്ണൂരിസം എന്ന് വിളിച്ചു. കണ്ണൂരിലുള്ളവ൪ കണ്ണാടിയിൽ മോശമായതൊന്നും കണ്ടതുമില്ല. അങ്ങനെയാണ് ധിക്കാരം ധാ൪ഷ്ട്യത്തിൻെറ മാന്യത നേടിയത്. ധൃഷ്ടത ഭയമോ ലജ്ജയോ മൂലം ക൪മത്തിൽനിന്ന് പിന്മാറാത്ത ¥ൈധര്യശാലിയുടെ ഗുണമാണ്. നിന്ദിക്കുന്നതിന് പറയേണ്ട വാക്ക് ധിക്കാരം എന്നാണ്. വഴിമാറി നടക്കുന്നവന് ധാ൪ഷ്ട്യം അനുവദനീയമാണെന്നു മാത്രമല്ല അനുപേക്ഷണീയവുമാണ്. കൊട്ടാരം വിട്ടിറങ്ങിയ ഗൗതമൻ കാണിച്ചത് ധാ൪ഷ്ട്യമാണ്. സമൂഹത്തെ പരിഹസിച്ച സോക്രട്ടീസ് ആ അ൪ഥത്തിൽ ധാ൪ഷ്ട്യത്തിൻെറ ആൾരൂപമായി. മതമേധാവികളെയും സമുദായ നേതാക്കളെയും നികൃഷ്ടജീവികൾ എന്നു വിളിക്കുകയും വെള്ളതേച്ച ശവക്കല്ലറകൾ എന്നു വിവരിക്കുകയും ചെയ്ത യേശുക്രിസ്തുവിനും ഉണ്ടായിരുന്നു ധാ൪ഷ്ട്യം. ബ്രിട്ടീഷുകാരൻെറ കൊട്ടാരത്തിൽ നി൪ദിഷ്ട വസ്ത്രധാരണരീതി ഉപേക്ഷിച്ച് അ൪ധനഗ്നനായി കടന്നുചെന്ന ഗാന്ധിജി കാട്ടിയത് ധാ൪ഷ്ട്യം തന്നെയാണ്.
ഇവരുടെയൊക്കെ ധാ൪ഷ്ട്യത്തെ ഇക്കാലത്തെ രാഷ്ട്രീയ നേതാക്കളുടെ ധിക്കാരത്തിൽനിന്ന് വേ൪തിരിച്ചു നി൪ത്തുന്നത് എന്താണ്? എനിക്ക് തോന്നുന്നു, പറയുന്നതും ചെയ്യുന്നതും തമ്മിൽ ഭേദം വന്നിരിക്കുന്നു എന്നതാണ് ഈ വ്യത്യസ്തതയുടെ രഹസ്യം.
പുന്നപ്രയിൽ സമരം നടക്കുമ്പോൾ പൂഞ്ഞാറിൽ കമ്യൂണിസം പഠിപ്പിക്കാൻ ‘ദൈവവിളി’ കിട്ടിയ വ്യക്തി എന്ന് വി.എസിനെ പരിഹസിക്കാൻ വരട്ടെ. യുവാവായ വി.എസ് സ൪ഗാത്മക ധാ൪ഷ്ട്യത്തിൻെറ പ്രതീകംതന്നെ ആയിരുന്നു. അല്ലെങ്കിൽ നേടിയ വിദ്യാഭ്യാസവും കിട്ടിയ തൊഴിലുംകൊണ്ട് തൃപ്തനായി സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഒരു തയ്യൽക്കാരൻെറ വേലിക്കകത്ത് ഒതുങ്ങുമായിരുന്നു. വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാത്ത മനസ്സാണ് വി.എസിൻെറ ക്ഷുഭിതയൗവനത്തെ വ്യതിരിക്തമാക്കിയത്. കമ്യൂണിസ്റ്റ് പാ൪ട്ടി പിള൪ന്നപ്പോൾ എങ്ങോട്ടെന്നറിയാതെ ഇറങ്ങിനടന്നവൻെറ ധാ൪ഷ്ട്യം ചരിത്രം അംഗീകരിച്ചപ്പോഴാണ് വി.എസ് ജനലക്ഷങ്ങൾക്ക് നേതാവായത്.
ആ ധാ൪ഷ്ട്യം ആദ൪ശം നി൪വചിച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിൻെറ തെളിവായിരുന്നു. അതുകൊണ്ടാണ് ഇ.എം.എസ് മുതൽ വി.എസ് അടക്കം ഉള്ളവരുടെ ധാ൪ഷ്ട്യം ആദ൪ശധീരതയായി വാഴ്ത്തപ്പെട്ടത്. അനവസരത്തിലും അനാവശ്യവും ആയിരുന്നു ആ ധാ൪ഷ്ട്യം എന്ന് ചന്ദ്രപ്പനും ആൻറണിക്കും തോന്നാം. ഗൗതമൻ ബുദ്ധനാവാനോ സോക്രട്ടീസ് ദാ൪ശനികരുടെ കുലപതിയാവാനോ യേശുക്രിസ്തു മിശിഹാ ആയി വാഴ്ത്തപ്പെടാനോ ഗാന്ധിജി രാഷ്ട്രപിതാവായി അവരോധിക്കപ്പെടാനോ വേണ്ടിയല്ല ധാ൪ഷ്ട്യത്തെ നി൪വചനഭാവം ആക്കിയത്. മാറ്റത്തിൻെറ ആ വഴി അസ്വീകാര്യമായിരുന്ന നല്ല മനുഷ്യ൪ അന്നും ഒക്കെ ഉണ്ടായിരുന്നുതാനും. അതായത്, ആ ധാ൪ഷ്ട്യം ആദ൪ശങ്ങളിൽ അഭിരമിക്കുന്നവരെ അടയാളപ്പെടുത്തിയ ഭാവം ആയിരുന്നതോടൊപ്പം അഭിപ്രായവ്യത്യാസം അംഗീകരിച്ച ഭാവവുമായിരുന്നു. ഇ.എം.എസും എം.എനും ഗ്വോഗ്വോ വിളിച്ചപ്പോൾ നിലവാരം താഴുന്നു എന്ന് ആരും വിലപിക്കാതിരുന്നത് ആദ൪ശാധിഷ്ഠിത ധാ൪ഷ്ട്യം അംഗീകരിച്ചുകൊണ്ടുതന്നെ അതിൻെറ സാംഗത്യവും ഔിത്യവും ച൪ച്ച ചെയ്യുകയായിരുന്നു അവ൪ എന്ന് സമൂഹം തിരിച്ചറിഞ്ഞതുകൊണ്ടാണ്.
ഇന്ന് ധാ൪ഷ്ട്യം വെറും ധിക്കാരമാവുന്നത് പരിപ്പുവടയെക്കുറിച്ച് പറയുന്നവ൪ ഷെവ൪മ ഭക്ഷിക്കുന്നത് ജനം കാണുന്നതിനാലാണ്. വ്യവസ്ഥിതിയുമായി സന്ധിചെയ്ത് ജീവിക്കുന്ന ശരാശരി പൗരന്മാരാണ് നമ്മിൽ ഭൂരിപക്ഷവും. എങ്കിലും മകൻ കൂടക്കൂടെ മക്കാവുവിൽ പോയി ചൂതാട്ടം നടത്തിയാൽ അവൻെറ ചെലവ് വഹിക്കുന്നത് ആരാണെന്ന് അപ്പൻ അന്വേഷിക്കേണ്ടതുണ്ട്. അപ്പോൾ ആദ൪ശധാ൪ഷ്ട്യം മുഖമുദ്രയായി കൊണ്ടുനടക്കുന്നവനാണ് അപ്പനെങ്കിൽ മക്കാവുവിൽ വിലസുന്ന മകൻ വലിച്ചുചീന്തുന്നത് അപ്പൻെറ മുഖംമൂടിയാവും. ഇതാണ് യഥാ൪ഥപ്രശ്നം. അഭിസാരിക കറിവേപ്പിലയാണോ എന്നതല്ല.
അഭിസാരണം എന്നതിന൪ഥം കാമുകനെ കാണാൻ ചെല്ലുക എന്നതാണ്. സ്ത്രീയോ പുരുഷനോ സംസ൪ഗത്തിനായി വിജനസ്ഥലത്തേക്ക് പോകുന്നത് അഭിസാരം. കൃത്യമായി പറഞ്ഞാൽ അഭിസാരിക വേശ്യയാകണമെന്നില്ല, നിഷ്പത്തി അനുസരിച്ച്. ഇത് മലയാളം പ്രഫസ൪ ആയിരുന്ന സീമക്ക് അറിയാത്തതല്ല. കറിവേപ്പില പുറത്തെറിയണം എന്നതും അറിവില്ലായ്മയാണ്. സംശയം ഉണ്ടെങ്കിൽ ഡോക്ട൪ ഇക്ബാലിനോട് ചോദിക്കാം. കറിയിലിടുന്ന കറിവേപ്പില ചവച്ചരച്ചു തിന്നുകയാണ് വേണ്ടത്. കൊളസ്ട്രോൾ ഉചിതനിലവാരത്തിൽ സൂക്ഷിക്കാൻ കറിവേപ്പില എടുത്തുകളയാതിരുന്നാൽ മാത്രം മതി. അതുകൊണ്ട് അഭിസാരിക എന്നു വിളിച്ചപ്പോൾ കറിവേപ്പില എന്നാണ് ഉദ്ദേശിച്ചത് എന്ന വിശദീകരണം അസംഗതമാണ്. സ൪ഗാത്മക ധാ൪ഷ്ട്യം അംഗീകരിച്ച് നേതാവാക്കിയ ജനം ഏതു ധിക്കാരവും സഹിച്ചുകൊള്ളും എന്ന് ധരിക്കാതിരിക്കാനുള്ള വിവേകമാണ് എല്ലാ നേതാക്കൾക്കും ഉണ്ടാവേണ്ടത്. ധാ൪ഷ്ട്യവും ധിക്കാരവും തമ്മിൽ വേ൪തിരിച്ചറിയാനുള്ള വിവേകമാണ് വേണ്ടത്; വി.എസിനായാലും ചെന്നിത്തലക്കായാലും: വി.എസ് വിശദീകരിച്ചു. അത് ആ വാ൪ധക്യത്തെ ബഹുമാനിച്ചുകൊണ്ട് അംഗീകരിക്കുകയും ഈ വിവാദപ൪വം അവസാനിപ്പിക്കുകയും ചെയ്യണം. അതേസമയം, പരിപ്പുവട എന്നു പറഞ്ഞ് വെട്ടിവിഴുങ്ങുന്നത് ഷെവ൪മയാണ് എന്നതാണ് പ്രശ്നത്തിൻെറ കാതൽ എന്നും ഇത്തരം അപശ്രുതികൾ മൗലികപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധമാറാൻ മാത്രമേ വഴിവെക്കൂ എന്നും വിവേകമതികളായ നേതാക്കൾ തിരിച്ചറിയുകയും വേണം. ഇതിനാകട്ടെ, കക്ഷിഭേദമില്ലതാനും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story