Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവരൂ, നമുക്ക്...

വരൂ, നമുക്ക് പ്രവാസികളെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാം

text_fields
bookmark_border
വരൂ, നമുക്ക് പ്രവാസികളെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാം
cancel

രുക്കഴിക്കാം, കൊലക്കയറുകളുടെ’ എന്ന ശീ൪ഷകത്തിൽ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോ൪ട്ട് വെളിപ്പെടുത്തിയ അത്യന്തം ഭയാനകമായ വസ്തുതകൾ പ്രവാസികളുടെയും അധികൃതരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. നാട്ടിൽ കുടിലും കിടപ്പാടവും കെട്ടിയവളുടെ കെട്ടുതാലി പോലും പണയപ്പെടുത്തിയും വിറ്റുപെറുക്കിയും ഏജൻറുമാരുടെയും ചതിയൻ ചന്തുമാരായ ചില ബന്ധുക്കളുടെയും വലയിൽ കുടുങ്ങി മോഹന സ്വപ്നങ്ങളുമായി കടൽ കടന്നെത്തുന്ന പതിനായിരങ്ങളിൽ പലരുടെയും ദൗ൪ഭാഗ്യകരമായ ജീവിതാന്ത്യ കഥകളാണ് ആ റിപ്പോ൪ട്ടുകളിലുള്ളത്. ഗൾഫ് നാടുകളിലെത്തി സ്പോൺസറുടെ ബന്ധനത്തിലും കമ്പനി മാനേജ൪മാരുടെ പീഢനത്തിലും പെട്ട് നരകയാതന അനുഭവിക്കുന്നവരും അവസാനം ഗത്യന്തരമില്ലാതെ ജീവച്ഛവമായി തിരിച്ച് നാടുപിടിക്കുന്നവരും ഒരുവിഭാഗം. പീഢന പ൪വത്തിൻെറ മൂ൪ധന്യത്തിൽ ജീവൻ വെടിഞ്ഞ് ശവമായി പെട്ടിയിലടക്കപ്പെട്ട് നാടണയുന്നവ൪ മറ്റൊരു വിഭാഗം. ഇതൊന്നുമില്ലെങ്കിലും കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാകുന്ന പണമെല്ലാം ബ്ളേഡ് കമ്പനിക്ക് കൊടുത്ത് അവസാനം ഒരുതുണ്ട് കയറിലോ വിഷപാനീയത്തിലോ ജീവനൊടുക്കുന്നവ൪ വേറൊരു വിഭാഗം. അങ്ങിനെ പ്രശ്നങ്ങളും പ്രയാസങ്ങളും പ്രാരാബ്ധങ്ങളും പരിവട്ടങ്ങളുമായി ജീവിതം തള്ളിനീക്കുകയോ ജീവൻ വെടിയുകയോ ചെയ്യുന്ന പ്രവാസികളെക്കുറിച്ച കഥകളാണ് നാം വായിച്ചത്.
നാട്ടിലും ഇത്തരം ദുരിത കഥകളുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിൻെറ മാ൪ച്ച് 12ാം തീയതി പുറത്തിറങ്ങിയ 734ാം ലക്കത്തിൽ ചിട്ടികളും വട്ടികളുമായി വന്ന് വലവീശി ഇരകളെപ്പിടിച്ച് കഴുത്തറുത്ത് രക്തം കുടിക്കുന്ന ഡ്രാക്കുളമാരെക്കുറിച്ച് പറയുന്നുണ്ട്. കേരളത്തിലെ വൻകിട പത്രങ്ങളിലും ചാനലുകളിലും ആക൪ഷകമായ പരസ്യങ്ങൾ നൽകി ഇരകളെ വശീകരിച്ച് ചോരയൂറ്റിക്കുടിക്കുന്ന ആ രക്തരക്ഷസ്സുകൾ നമ്മുടെ നാട്ടിലും വീട്ടിലും ഇടവഴികളിലും മേഞ്ഞുനടക്കുകയാണത്രെ. വീട്ടുമുറ്റത്തെ ബാങ്കുകൾ എന്നറിയപ്പെടുന്ന അയൽ കൂട്ടങ്ങളെ സ്വകാര്യ പണമിടപാട് കമ്പനികൾ വരുതിയിലാക്കിയപ്പോൾ കടക്കെണിയിലകപ്പെട്ടത് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണെന്ന് വാ൪ത്ത വന്ന ഒരു വൻകിട പത്രം തന്നെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൻെറ നടത്തിപ്പുകാരോ അതിൻെറ പ്രായോജകരോ ആണെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. മദ്യവും മയക്കുമരുന്നും പലിശയും ലൈംഗികാരാജകത്വവും കേരളീയ സമൂഹത്തെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന ഭീകര യാഥാ൪ഥ്യം നമ്മുടെ ഉറക്കം കെടുത്തുന്നു.
പ്രവാസികളിൽ (മലയാളികളിൽ വിശേഷിച്ചും) പട൪ന്നുപിടിച്ച ഭൗതിക സംസ്കാരവും അതിൻെറ അനിവാര്യതയായ ഉയ൪ന്ന ജീവിത ചെലവും ധൂ൪ത്തും കാരണം പലരും കടക്കെണിയിലകപ്പെടുന്നുവെന്ന യാഥാ൪ഥ്യം നാം വിസ്മരിക്കരുത്. അനാവശ്യ ചെലവുകൾ ചുരുക്കിയും പൊങ്ങച്ച പ്രകടനങ്ങൾ ഒഴിവാക്കിയും മിതവ്യയം ശീലിച്ചും ജീവിക്കാൻ തയാറായാൽ പ്രവാസികൾക്കും ഇത്തരം കടക്കെണികളിൽ നിന്ന് രക്ഷപ്പെടാം. അതിന് കൂട്ടായ ശ്രമങ്ങൾ തന്നെ വേണം. സാമൂഹിക സേവന സംഘടനകളും മതസാംസ്കാരിക വേദികളും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധാപൂ൪വം ഇടപെടേണ്ട സന്ദ൪ഭം സമാഗതമായിരിക്കുന്നു. ആസൂത്രിതമായ പദ്ധതികളിലൂടെയും നിരന്തരമായ കൗൺസിലിങിലൂടെയും വഴിതെറ്റിയ ജീവിതങ്ങളെ തിരിച്ചുപിടിക്കാൻ നമുക്ക് സാധിക്കും. കറക്കുകമ്പനികളെയും ചൂഷക വഞ്ചക വിഭാഗത്തെയും ബ്ളേഡ് മാഫിയകളെയും കുറിച്ച ശക്തമായ ബോധവത്കരണം മാധ്യമങ്ങളിലൂടെ നടത്തപ്പെടേണ്ടതുണ്ട്. ആശയറ്റ് ജീവിതത്തിന് അന്ത്യം കുറിക്കാൻ തീരുമാനിച്ച ദു൪ഭഗന്മാരെ സ്നേഹോഷ്മളമായ പെരുമാറ്റത്തിലൂടെയും ഉപദേശ നി൪ദേശങ്ങളിലൂടെയും കാരുണ്യ സ്പ൪ശത്തിലൂടെയും രക്ഷിച്ചെടുക്കാൻ കഴിയുമെന്ന് ഒരുപാട് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്.
നാട്ടിൽ ഒരു കൊച്ചു വീട് പണിയാനുള്ള അഭിലാഷം ഗൾഫിലെ സമ്പാദ്യം കൊണ്ട് നിറവേറ്റാനാവാതെ വന്നപ്പോൾ ബാങ്കിൽ നിന്ന് കടമെടുത്ത് കടുത്ത ബാധ്യതകളിലകപ്പെട്ട് അവസാനം ഗത്യന്തരമില്ലാതെ സ്വന്തം വൃക്ക വിൽക്കാൻ സന്നദ്ധനായി വന്ന ഇബ്റാഹീമിൻെറ ദൈന്യതയാ൪ന്ന കഥ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വൃക്ക വിൽക്കാനുള്ള പരസ്യം നൽകാനാണ് അദ്ദേഹം പത്ര ഓഫിസിലേക്ക് വിളിച്ചത്. എന്നാൽ, പരസ്യത്തിൻെറ കാശ് വാങ്ങി കീശ വീ൪പ്പിക്കാനല്ല ‘ഗൾഫ് മാധ്യമം’ ശ്രമിച്ചത്. മറിച്ച് ആ വ്യക്തിയെ കടുംക്രിയയിൽ നിന്ന് പിന്തിരിപ്പിക്കാനും സുമനസ്സുകളുടെ ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിച്ചുവിടാനുമാണ് ഞങ്ങൾ ശ്രമിച്ചത്. അത് വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിൻെറ ബാങ്ക് ബാധ്യതകൾ വീട്ടാൻ സന്നദ്ധരായി നല്ലവരായ മനുഷ്യ൪ മുന്നോട്ടു വന്നു. മുന്നൂറോളം പേരാണ് ആ വാ൪ത്ത കണ്ട് ‘ഗൾഫ് മാധ്യമ’ത്തിലേക്ക് വിളിച്ച് സഹായം വാഗ്ദാനം ചെയ്തത്. പ്രവാസികളിൽ ജീവകാരുണ്യ വികാരം മരിച്ചിട്ടില്ലെന്ന് ഈ സംഭവം തെളിയിക്കുന്നു.
വരൂ; നമുക്ക് ഈ ലക്ഷ്യത്തിനായി ഒന്നിക്കാം. കക്ഷി പക്ഷ ഭേദമന്യേ നമുക്ക് സഹകരിച്ച് പ്രവ൪ത്തിക്കാം. നിഷ്കളങ്കരായ കുഞ്ഞുങ്ങളെയും നിരാലംബരായ സ്ത്രീകളെയും നിരാശരായ പുരുഷന്മാരെയും കൊലക്കയറിൽ നിന്ന് രക്ഷിക്കാൻ നമുക്ക് ശ്രമിക്കാം. എല്ലാവ൪ക്കും നന്മ നേ൪ന്നുകൊണ്ട്, പ്രാ൪ഥനയോടെ...

വി.കെ. ഹംസ അബ്ബാസ്
ചീഫ് എഡിറ്റ൪, ഗൾഫ് മാധ്യമം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story