അനധികൃത ചിട്ടിക്കമ്പനികള്‍ പിടിമുറുക്കുന്നു
text_fieldsവടശേരിക്കര: അനധികൃത കുറി-ചിട്ടിക്കമ്പനികൾ ജില്ലയുടെ കിഴക്കൻ മേഖലയിൽ പിടിമുറുക്കുന്നു. കുറി-ചിട്ടി ക്കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര നിയമമുണ്ടെങ്കിലും രജിസ്ട്രേഷനോ മറ്റ് മാനദണ്ഡങ്ങളോ പാലിക്കാത്ത നാടൻ ചിട്ടി നടത്തിപ്പുകാരെ നിയന്ത്രിക്കാൻ കഴിയുന്നില്ല.
കിഴക്കൻ മേഖലയായ വടശേരിക്കര, പെരുനാട്, അത്തിക്കയം, റാന്നി, സീതത്തോട്, ചിറ്റാ൪, കോന്നി, കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന എരുമേലി, മുക്കൂട്ടുതറ, പമ്പാവാലി തുടങ്ങിയ പ്രദേശങ്ങളിലാണ് അമിത പലിശയും തവണ വ്യവസ്ഥകളുമുള്ള ചിട്ടിക്കാ൪ എന്നറിയപ്പെടുന്ന നാടൻ ബ്ളേഡുകാ൪ വിലസുന്നത്. ദിവസ തിരിച്ചടവ് വ്യവസ്ഥയിൽ മാസ പലിശക്ക് ചെറുകിട കച്ചവടക്കാ൪ക്കും മറ്റും പണം നൽകി ആജീവനാന്തം കടക്കാരാക്കുകയാണിവ൪. ഇവരിൽ നിന്ന് പണം വാങ്ങിയാൽ ആ കടം വീട്ടാൻ കൂടിയ പലിശക്ക് മറ്റൊരു ചിട്ടി തുടങ്ങുന്ന സമ്പ്രദായവും നിലവിലുണ്ട്. വിദേശ മലയാളികളെ സ്വാധീനിച്ച് ഇരട്ടി വരുമാനം ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയാണ് ചിട്ടിക്കമ്പനിക്കാ൪ നാട്ടിലെ സാധാരണക്കാ൪ക്കിടയിൽ വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട വിദേശ മലയാളികൾ നാട്ടിലുണ്ട്. ബന്ധുക്കൾ വിദേശത്തുള്ള സ്ത്രീകളിൽ നിന്നാണ് ഇത്തരക്കാ൪ കൂടുതലും നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. പണം നഷ്ടപ്പെട്ടാലും പേടിമൂലം സ്ത്രീകൾ പുറത്തുവിടുകയില്ല. സ്വ൪ണ പണയ വായ്പയുടെയും കുറിച്ചിട്ടികളുടെയും മറ്റും പരസ്യങ്ങൾ വ്യാപകമായതോടെ അതിൻെറ മറപിടിച്ചാണ് ഇത്തരം ഗ്രാമീണ ബ്ളേഡ് കമ്പനികൾ പ്രവ൪ത്തിക്കുന്നത്.
കേന്ദ്ര ആക്ട് അനുസരിച്ചല്ലാതെ പ്രവ൪ത്തിക്കുന്ന കുറിക്കമ്പനിക്കാരെ പരാതിയില്ലാതെ പൊലീസിന് പിടികൂടാൻ നിയമമുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല. കിഴക്കൻ മേഖലയിലെ പട്ടികജാതി-വ൪ഗ ജനവിഭാഗങ്ങൾ സ്വ൪ണപ്പണയ വായ്പക്ക് ആശ്രയിക്കുന്നതും ഇത്തരക്കാരെയാണ്. പലിശ കൊടുത്തുതീ൪ക്കാൻ കഴിയാത്തതിനാൽ ഇവ൪ക്ക് സ്വ൪ണപ്പണയം തിരിച്ചെടുക്കാനും കഴിയില്ല. 1000 രൂപക്ക് 1300 രൂപ തിരിച്ചടവ് വ്യവസ്ഥയിൽ പണം കൊടുക്കുന്ന തമിഴ് സംഘങ്ങളും ഇവിടങ്ങളിൽ സജീവമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.