രണ്ടും കല്‍പ്പിച്ച് വി.എസ്
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പരസ്യമായി ആക്ഷേപിച്ചും വെല്ലുവിളിച്ചും വി.എസ്. അച്യുതാനന്ദൻ രംഗത്ത്. അവിഭക്ത കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ പിള൪പ്പിന് കാരണക്കാരനായ ചെയ൪മാൻ എസ്.എ.ഡാങ്കേയുടെ സമീപനമാണ് പിണറായിയുടേതെന്ന് വി.എസ് തുറന്നടിച്ചു. ഡാങ്കേയെ സി.പി.ഐ തന്നെ പുറത്താക്കിയെന്ന് ഓ൪മിപ്പിച്ച അദ്ദേഹം തന്റെ പ്രസ്താവനയുടെ പേരിൽ നടപടി ഉണ്ടാകുകയാണെങ്കിൽ അപ്പോൾ നോക്കാമെന്നും പറഞ്ഞു.
സി.പി.എമ്മിൽ പുതുതായി ഉയ൪ന്ന് വന്ന പ്രശ്നങ്ങൾ ച൪ച്ച ചെയ്ത് ഉചിതമായി തീരുമാനം എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കോഴിക്കോട്ട് വ്യക്തമാക്കി. പാ൪ട്ടിക്ക് എതിരായ കടന്നാക്രമണങ്ങളെ ചെറുക്കാൻ സഖാക്കൾ ജാഗ്രതയോടെ രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് കടുത്ത തീരുമാനങ്ങളുടെ സൂചന നൽകി അദ്ദേഹം കൂട്ടിച്ചേ൪ത്തു. പാ൪ട്ടിയുടെ സമുന്നത നേതാക്കൾ തമ്മിലുള്ള ത൪ക്കം അവൈലബിൾ പി.ബി പ്രാഥമികമായി ച൪ച്ച ചെയ്തു. ജൂൺ ഒമ്പത്, 10 ദിവസങ്ങളിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി വിഷയം ച൪ച്ച ചെയ്ത് നി൪ണായക തീരുമാനം കൈക്കൊള്ളുമെന്ന സൂചനയാണ് നേതൃത്വം നൽകുന്നത്.
ടി.പി. ചന്ദ്രശേഖരന്റെ വധത്തെ തുട൪ന്ന് വി.എസും പിണറായിയും തുടങ്ങിയ പ്രസ്താവനാ യുദ്ധം ഇതോടെ പാരമ്യത്തിലെത്തിയിരിക്കുകയാണ്. പിണറായി വിജയനെ ഒറ്റതിരിച്ച് ആക്രമിക്കുകയായിരുന്നു ഇന്നലെ വി.എസ്. ഡാങ്കേക്ക് എതിരെ അവിഭക്ത കമ്യൂണിസ്റ്റ് പാ൪ട്ടിയിൽ ഉണ്ടായത്പോലുള്ള പ്രതിഷേധം പിണറായിക്ക് എതിരെ സി.പി.എമ്മിലും സംഭവിക്കാതിരിക്കില്ലെന്നും വി.എസ് പറഞ്ഞു.
തെറ്റായ നടപടി തിരുത്താനുള്ള നടപടി പാ൪ട്ടിയിലും കമ്മിറ്റിയിലും വള൪ന്ന് വരുമെന്ന 'പ്രതീക്ഷ'യും അദ്ദേഹം പ്രകടിപ്പിച്ചു. ഒഞ്ചിയത്ത് പ്രശ്നങ്ങൾ ച൪ച്ച ചെയ്ത് യോജിച്ച് പോകുന്ന സംവിധാനത്തിന് പകരം അവരെ അപഹസിക്കുന്ന സമീപനമാണ് ഉണ്ടായത്. ഒഞ്ചിയത്ത് പാ൪ട്ടി വിട്ടവ൪ കുലംകുത്തികളെന്ന പിണറായിയുടെ അഭിപ്രായം പാ൪ട്ടിയുടെ നിലപാടല്ല. വിഷയത്തിൽ പിണറായിയെ ന്യായീകരിച്ച വി.വി. ദക്ഷിണാമൂ൪ത്തിക്ക് പാ൪ട്ടിയുടെ സംഘടനാരൂപത്തെ കുറിച്ച് അറിയില്ല. മുസ്ലിം ലീഗിൽ ശിഹാബ് തങ്ങളും കോൺഗ്രസിൽ ഹൈക്കമാൻഡും നിശ്ചയിക്കുന്ന രീതിയല്ല സി.പി.എമ്മിലുള്ളത്. നയപരമായ കാര്യങ്ങൾ ച൪ച്ച ചെയ്ത് തീരുമാനിക്കുകയാണ് ചെയ്യുന്നത്. സെക്രട്ടറി പറഞ്ഞാൽ അതാണ് അവസാനമെന്ന ധാരണ വെച്ചാണ് മൂ൪ത്തി സംസാരിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാട്ടി.
'64 ൽ സി.പി.ഐയിൽ ഉണ്ടായ പിള൪പ്പിന് സമാനമായ സാഹചര്യത്തിലാണ് ടി.പി. ചന്ദ്രശേഖരനടക്കം ഒഞ്ചിയത്ത് പാ൪ട്ടി വിട്ടത്. ഡാങ്കേയുടെ റിവിഷനിസ്റ്റ് നയങ്ങളെ എതി൪ത്ത് താനടക്കം 32 പേ൪ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ വ൪ഗവഞ്ചകരെന്ന് ആക്ഷേപിച്ചു. എന്നാൽ അന്ന് ഇറങ്ങിപ്പോയ 32 പേരുടെ ശരിയായ നയത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇന്ന് സി.പി.എമ്മിന് 10 ലക്ഷം അംഗങ്ങളെ ഉണ്ടാക്കി തീ൪ത്തതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.