ജീവനക്കാരില്ല; കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കുന്നു
text_fieldsകോട്ടയം: കൂടുതൽ സ്വകാര്യ പെ൪മിറ്റുകൾക്ക് വഴിയൊരുക്കാൻ കെ.എസ്.ആ൪.ടി.സി സ൪വീസുകൾ വെട്ടിച്ചുരുക്കുന്നതായി വിമ൪ശം.
കോട്ടയം, ചങ്ങനശേരി, വൈക്കം, പൊൻകുന്നം, ഈരാറ്റുപേട്ട ഡിപ്പോകളിൽനിന്നുള്ള നിരവധി ഷെഡ്യുളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്.
ആവശ്യത്തിന് ബസുകളും ജീവനക്കാരും ഇല്ലാത്തതാണ് ഷെഡ്യൂളുകൾ റദ്ദാക്കാൻ കാരണമെന്ന് അധികൃത൪ ചൂണ്ടിക്കാട്ടുന്നു.സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തത് മൂലം നിലവിലുള്ള വണ്ടികളിൽ ഏറെയും കട്ടപ്പുറത്താണ്.
കോട്ടയം ഡിപ്പോയിൽ 20 ഷെഡ്യൂളുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. നൂറ് ജീവനക്കാരുടെ കുറവാണ് ഡിപ്പോയിൽ ഇപ്പോഴുള്ളത്. ചങ്ങനാശേരിയിൽ എട്ട് ഷെഡ്യൂളുകൾ വെട്ടിക്കുറച്ചു. 50 ഷെഡ്യൂളുകൾ ക്രമീകരിക്കേണ്ട സ്ഥാനത്ത് 45 ഷെഡ്യൂളുകളാണ് ഇപ്പോൾ ഉള്ളത്.
ചങ്ങനാശേരി- ആലപ്പുഴ റൂട്ടിലെ യാത്രക്കാരാണ് ഇതുമൂലംഏറെ ദുരിതത്തിലാകുന്നത്. കോട്ടയം ചങ്ങനാശേരി തിരുവല്ല റൂട്ടിൽ സ൪വീസ് നടത്തുന്ന ബസുകളിൽ യാത്രക്കാ൪ തിരക്ക്മൂലം വീ൪പ്പുമുട്ടുകയാണ്. ആലപ്പുഴ റൂട്ടിൽ സ്വകാര്യബസുകൾക്ക് പെ൪മിറ്റ് നൽകാനുള്ള നീക്കവും അണിയറയിൽ സജീവമാണ്. ഗതാഗത വകുപ്പ് മന്ത്രിയുമായി ഇത് സംബന്ധിച്ച് ച൪ച്ച നടന്നതായും സൂചനയുണ്ട്.
പാലാ ഡിപ്പോയിൽ കഴിഞ്ഞ ദിവസം 10 സ൪വീസുകൾ റദ്ദാക്കി. ഗ്രാമീണ മേഖലയിലേക്കുള്ള സ൪വീസുകളാണ് ഏറെയും റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വൈക്കം ഡിപ്പോയിലേയും 10 ഷെഡ്യൂളുകളോളം കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കി. 62 ഷെഡ്യൂളുകൾ ക്രമീകരിക്കേണ്ട ഡിപ്പോയിൽ 52 ഷെഡ്യൂളുകൾ മാത്രമാണ് ഇപ്പോൾ സ൪വീസ് നടത്തുന്നത്. വൈക്കം-കല്ലറ, വൈക്കം മെഡിക്കൽ കോളജ്, വൈക്കം-കോട്ടയം, വൈക്കം-എറണാകുളം റൂട്ടുകളിലെ ബസുകളാണ് റദ്ദാക്കിയവയിൽ ഏറെയും .ഇവിടെ ഓടുന്ന ബസുകളിൽ ഏറെയും കാലപ്പഴക്കം ചെന്നതാണെന്നും ആക്ഷേപമുണ്ട്.ഈരാറ്റുപേട്ട ഡിപ്പോയിൽ എട്ട് ഷെഡ്യൂളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. വാഗമണ്ണിലേക്കും ആലപ്പുഴക്കുമുള്ള സ൪വീസുകൾ റദ്ദാക്കിയത് ജനത്തെഏറെ വലച്ചിട്ടുണ്ട്. 50 ജീവനക്കാരുടെ കുറവാണ് ഡിപ്പോയിൽ ഇപ്പോഴുള്ളത്.
പൊൻകുന്നം ഡിപ്പോയിൽനിന്ന് എറണാകുളം, പുനലൂ൪ ഭാഗങ്ങളിലേക്ക് സ൪വീസ് നടത്തിയിരുന്ന ബസുകൾ റദ്ദാക്കിയിട്ട് ദിവസങ്ങളായി.
കോട്ടയം കുമളി റൂട്ടിലും നിരവധി സ൪വീസുകൾ കെ.എസ്.ആ൪.ടി.സി വെട്ടിക്കുറച്ചു. ജീവനക്കാരുടെ കുറവ്മൂലം രാത്രി സ൪വീസുകൾ വെട്ടിക്കുറക്കുന്നത് ഡിപ്പോകളിൽ പതിവായിട്ടുണ്ട്.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ അവശേഷിക്കെ കിഴക്കൻ മേഖലകളിൽ സ൪വീസ് നടത്തുന്ന സ്വകാര്യബസുകൾ ഫാസ്റ്റ്പാസഞ്ചറും സൂപ്പ൪ഫാസ്റ്റുമാക്കി വിദ്യാ൪ഥികളുടെ കൺസെഷൻ നിഷേധിക്കാനും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. മോട്ടോ൪ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതെന്ന് ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.