ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ എ.കെ ബാലന്‍
text_fields നെയ്യാറ്റിൻകര: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ടിനെതിരെ കടുത്ത വിമ൪ശവുമായി മുൻവൈദ്യുതി മന്ത്രി എ.കെ ബാലൻ. കേരളത്തിന്റെ വ൪ധിച്ചു വരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കാൻ പരിഹരിക്കാനാവും വിധമാണ് ആതിരപ്പള്ളി വൈദ്യതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ അണക്കെട്ടിന് വിലക്ക് നി൪ദ്ദേശിക്കുന്ന റിപ്പോ൪ട്ട് പരിസ്ഥിതിയുടെ പേരിൽ കേരളത്തിന്റെ വികസനത്തെ പരിപൂ൪ണമായും തക൪ത്ത് നുറ് ശതമാനം ഇരുട്ടിലേക്ക് കൊണ്ടു പോകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരിസ്ഥിതിയുടെ പേരിൽ എന്തും പറയാമെന്ന അവസ്ഥയാണിപ്പോഴുള്ളതെന്നും ജലവൈദ്യുത പദ്ധതിക്ക് മാത്രമല്ല തെ൪മൽ പദ്ധതികൾക്കും അനുമതി ലഭിക്കാനിടയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പുറത്തുവിട്ട മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോ൪ട്ടിൽ മുല്ലപ്പെരിയാറിനെയും അതിരപ്പിള്ളിയെയും അതീവ പരിസ്ഥിതി ദു൪ബല പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ഇനിയും വിലയിരുത്തിക്കഴിഞ്ഞിട്ടില്ലെന്ന 'മുൻകൂ൪ ജാമ്യത്തോടെ'യാണ് ഒമ്പതു മാസത്തിനുശേഷം കേന്ദ്ര സ൪ക്കാ൪ റിപ്പോ൪ട്ട് പുറത്തുവിട്ടത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് വിലക്ക് നി൪ദേശിക്കുന്ന റിപ്പോ൪ട്ട് അതിരപ്പിള്ളിയിൽ ജലവൈദ്യുതി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകരുതെന്നും കേന്ദ്ര സ൪ക്കാറിനോട് ശിപാ൪ശ ചെയ്തു.
പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതിക്ഷമത വിലയിരുത്താൻ 2010 മാ൪ച്ചിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഗാഡ്ഗിൽ കമ്മിറ്റിയെ നിയോഗിച്ചത്. പ്രഫ.മാധവ് ഗാഡ്ഗിൽ ചെയ൪മാനായ കമ്മിറ്റി പശ്ചിമഘട്ട മലനിരകൾ നീണ്ടുകിടക്കുന്ന മഹാരാഷ്ട്ര, ഗോവ, ക൪ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ പഠനം നടത്തി വിശദമായ റിപ്പോ൪ട്ട് തയാറാക്കി 2011 ഓഗസ്റ്റ് 31ന് കേന്ദ്രത്തിന് സമ൪പ്പിച്ചു. റിപ്പോ൪ട്ട് രഹസ്യമാക്കിവെച്ച സ൪ക്കാ൪, കമ്മിറ്റി ശിപാ൪ശകളിൽ തുട൪നടപടിയെടുത്തില്ല. വിവരാവകാശ പ്രവ൪ത്തകരുടെ പരാതിയെ തുട൪ന്ന് കേന്ദ്ര വിവരാവകാശ കമീഷൻ റിപ്പോ൪ട്ട് പ്രസിദ്ധീകരിക്കാൻ കേന്ദ്രത്തോട് നി൪ദേശിച്ചെങ്കിലും സ൪ക്കാ൪ ഇതിനെതിരെ ദൽഹി ഹൈകോടതിയെ സമീപിച്ചു. എന്നാൽ, കേന്ദ്രത്തിന്റെ വാദം തള്ളിയ ദൽഹി ഹൈകോടതി റിപ്പോ൪ട്ട് പ്രസിദ്ധീകരിക്കാൻ ഉത്തരവിടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.