വിജ്ഞാനച്ചെപ്പുമായി വിദ്യാലയങ്ങള്‍
text_fieldsതിരുവനന്തപുരം: കണ്ണീരണിഞ്ഞ കണ്ണുകളുമായി ആദ്യമെത്തുന്നതിൻെറ അങ്കലാപ്പോടെയും കളിക്കമ്പത്തിന് അവധികൊടുത്ത് വിഷാദത്തോടെയും കുട്ടികൾ വീണ്ടും വിദ്യാലയങ്ങളിലേക്ക്.
സ്വകാര്യവിദ്യാലയങ്ങളിലെ കുട്ടികൾ സൗകര്യങ്ങൾക്ക് നടുവിലേക്ക് പോകുമ്പോൾ പൊട്ടിപ്പൊളിഞ്ഞ ചുവരുകളും ഇടിഞ്ഞുവീഴാറായ മേൽക്കൂരയുമാണ് മിക്ക സ൪ക്കാ൪ സ്കൂളുകൾക്കുമുള്ളത്.
അറ്റകുറ്റപ്പണികളും മുഖംമിനുക്കലും നടന്നെങ്കിലും പരിമിതികൾക്ക് നടുവിൽ ഇതൊക്കെ അപൂ൪ണം. നഗരത്തിലെ സ൪ക്കാ൪ സ്കൂളുകൾക്ക് അത്യാവശ്യ സൗകര്യങ്ങളുണ്ട്. എന്നാൽ ഉൾപ്രദേശങ്ങളിലെ സ്കൂളുകൾക്ക് വേണ്ടത്ര ക്ളാസ് മുറികളില്ല. കൂടാതെ സാമൂഹികവിരുദ്ധരുടെ ശല്യമുള്ള സ്കൂളുകളും നിരവധിയാണ്.
മണക്കാട് കാ൪ത്തികതിരുന്നാൾ ഗവൺമെൻറ് വൊക്കേഷണൽ ഹയ൪ സെക്കൻഡറി സ്കൂളിലാണ് തിരുവനന്തപുരം നഗരസഭാ അതി൪ത്തിയിലുള്ള സ്കൂളുകളിലെ പ്രവേശോത്സവം നടക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതരക്ക് മന്ത്രി വി.എസ്. ശിവകുമാ൪ ഉദ്ഘാടനം ചെയ്യും. മേയ൪ കെ. ചന്ദ്രിക, വി. ശിവൻകുട്ടി എം.എൽ.എ തുടങ്ങിയവ൪ പങ്കെടുക്കും.എല്ലാ സ്കൂളുകളിലും മധുരപലഹാരങ്ങൾ നൽകി കുട്ടികളെ വരവേൽക്കും.കഴക്കൂട്ടം യു.പി സ്കൂളിലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളുടെ പ്രവേശോത്സവം.
സ്പീക്ക൪ ജി.കാ൪ത്തികേയൻ ഉദ്ഘാടനം ചെയ്യും. പാലോട് രവി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രമണി പി. നായ൪ തുടങ്ങിയവ൪ പങ്കെടുക്കും. കൂടാതെ പഞ്ചായത്ത് പ്രസിഡൻറുമാ൪, മെംബ൪മാ൪ എന്നിവ൪ അതത് സ്കൂളിൽ പ്രവേശോത്സവം ഉദ്ഘാടനം ചെയ്യും.നിരവധി തവണ പ്രവേശോത്സവം സംബന്ധിച്ച യോഗങ്ങൾ കൂടിക്കഴിഞ്ഞു. എന്നാൽ ഇതേ ഗൗരവത്തോടെ പാഠപുസ്തക വിതരണവും സ്കൂൾ അറ്റകുറ്റപ്പണികളും മറ്റ് ഭൗതികസാഹചര്യങ്ങളും ആരും ഗൗനിക്കുന്നില്ല. നഗരത്തിലെ പ്രധാന സ്കൂളുകളായ കോട്ടൺഹിൽ, തൈക്കാട് മോഡൽ സ്കൂൾ, എസ്.എം.വി തുടങ്ങിയവ കാര്യമായ കുഴപ്പങ്ങളൊന്നുമില്ലാതെ പ്രവ൪ത്തിക്കുന്നുണ്ട്.
വിഴിഞ്ഞം ഗവൺമെൻറ് എൽ.പി സ്കൂൾ, പൂവാ൪ ഗവൺമെൻറ് എച്ച്.എസ്.എസ്, കാഞ്ഞിരംകുളം പഞ്ചായത്ത് ഹൈസ്കൂൾ, പരണിയം വി.എച്ച്.എസ്, നെയ്യാറ്റിൻകര ഗവൺമെൻറ് ബോയ്സ് ഹയ൪സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പരിമിതികൾ നിരവധിയാണ്.വിഴിഞ്ഞം എൽ.പി സ്കൂളിന് വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ തുക ഇതുവരെ കൈമാറി കിട്ടിയിട്ടില്ലെന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന വെങ്ങാനൂ൪ വാ൪ഡ് കൗൺസില൪ എച്ച്.സുകുമാരി പറഞ്ഞു. കഴിഞ്ഞവ൪ഷം നഗരസഭ അനുവദിച്ച 25,000 രൂപയും സ്കൂളിന് ഇതുവരെ കൈമാറിയിട്ടില്ല.
ഫണ്ടിൻെറ അപര്യാപ്തതയും അനുവദിച്ച തുക കൃത്യമായി ലഭിക്കാത്തതും സ്കൂളുകളുടെ നവീകരണത്തിന് തടസ്സമാകുന്നുണ്ട്. മിക്ക സ്കൂളുകളിലും അധ്യാപകരും രക്ഷാക൪ത്താക്കളുമായി സമ്പ൪ക്കമില്ല. പലയിടങ്ങളിലും പി.ടി.എ മീറ്റിങ്ങുകളും വിരളമാണ്.
സ൪ക്കാ൪ സ്കൂളുകൾക്ക് അഭിമാനമാണ് മണക്കാട് സ്കൂൾ. ഇവിടെ വിദ്യാ൪ഥികളെ ചേ൪ക്കാൻ രക്ഷാക൪ത്താക്കളുടെ തിരക്കാണ്. ഉന്നതരുടെ മക്കൾവരെ ഇവിടെ പ്രവേശം തേടിയെത്തുന്നുണ്ട്.
അധ്യാപകരുടെ മികവും സ്കൂളിൻെറ അടിസ്ഥാനസൗകര്യവുമാണ് ഇതിന് പിന്നിൽ. നഗരത്തിലെ മികച്ച ഇംഗ്ളീഷ് മീഡിയം സ്കൂളുകളോട് കിടപിടിക്കുന്നതാണ് മണക്കാട് സ്കൂൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.