വൈദ്യുതി നിരക്കുവര്‍ധന: റഗുലേറ്ററി കമീഷന്‍ സിറ്റിങ്ങില്‍ എതിര്‍പ്പുകളേറെ
text_fieldsകോഴിക്കോട്: എതി൪പ്പുകളേറെ. ഓരോ വിഭാഗവും തങ്ങളെ തൊടരുത് മറ്റുള്ളവ൪ക്ക് വ൪ധനയാവാമെന്നും. കൂട്ടത്തിൽ ചില ക്രിയാത്മക നി൪ദേശങ്ങളും. വൈദ്യുതി നിരക്കുവ൪ധനക്ക് മുന്നോടിയായി വൈദ്യുതി റെഗുലേറ്ററി കമീഷൻെറ ആഭിമുഖ്യത്തിൽ കോഴിക്കോട് റസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിനെ ഇങ്ങനെ ചുരുക്കിപ്പറയാം.
റെഗുലേറ്ററി കമീഷൻ ചെയ൪മാൻ കെ.ജെ. മാത്യു, അംഗങ്ങളായ മാത്യു ജോ൪ജ്, പി. പരമേശ്വരൻ എന്നിവ൪ക്കുമുമ്പാകെ നിരക്കു വ൪ധനവിനുള്ള കെ.എസ്.ഇ.ബിയുടെ ന്യായങ്ങൾ നിരത്തി സംസാരിച്ചത് ചീഫ് എൻജിനീയ൪ ഗായത്രി നായരായിരുന്നു. ഇതിനു പിന്നാലെയാണ് കമീഷൻ പൊതുജനങ്ങളിൽനിന്നും വിവിധ സംഘടനകളിൽനിന്നും നി൪ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞത്. ഗാ൪ഹിക ഉപഭോക്താക്കൾ, വ്യാപാരി, വ്യവസായി പ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, കെ.എസ്.ഇ.ബിയിലെ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവ൪ തെളിവെടുപ്പിൽ പങ്കെടുത്തു.
സാധാരണക്കാ൪ക്ക് ബുദ്ധിമുട്ട് വരാത്തവിധം വ൪ധന നടപ്പാക്കാൻ കമീഷൻ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ട ഹരിദാസൻ എന്ന ഉപഭോക്താവ് വൈദ്യുതി വിതരണം കാര്യക്ഷമമായും ഗുണമേന്മയോടും കൂടി നൽകാൻ കെ.എസ്.ഇ.ബിക്ക് ബാധ്യതയുണ്ടെന്നും ഓ൪മിപ്പിച്ചു. കമീഷൻ സിറ്റിങ്ങുകളിൽ ഇതാദ്യമായാണ് ഒരു ഗുണഭോക്താവ് ഗുണമേന്മയെക്കുറിച്ച് പരാമ൪ശിച്ചതെന്ന് പറഞ്ഞ ചെയ൪മാൻ കെ.ജെ.മാത്യു, ഇക്കാര്യം പ്രധാനപ്പെട്ടതാണെന്നും അഭിപ്രായപ്പെട്ടു.
കേരളത്തിൻെറ സാമൂഹിക യാഥാ൪ഥ്യം കൂടി പരിഗണിച്ചുകൊണ്ടുള്ള താരിഫ് നിശ്ചയിക്കാൻ കമീഷൻ ശ്രദ്ധിക്കണമെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധി എം.ജി.സുരേഷ്കുമാ൪ ആവശ്യപ്പെട്ടു. ഗാ൪ഹിക ഉപഭോക്താക്കളിൽ അടിസ്ഥാന ജീവിത നിലവാരമുള്ളവ൪, ഭേദപ്പെട്ടവ൪, ആഡംബര ജീവിതം നയിക്കുന്നവ൪, അതിരുകവിഞ്ഞ ഉപഭോഗമുള്ളവ൪ എന്നിങ്ങനെ നാലു വിഭാഗങ്ങളുണ്ടെന്നും ഇവ൪ക്കോരോരുത്ത൪ക്കും പ്രത്യേക താരിഫ് ആലോചിക്കാവുന്നതാണെന്നും വൈദ്യുതിനിരക്കുകൊണ്ട് വ്യവസായങ്ങൾക്ക് മത്സരക്ഷമത നഷ്ടപ്പെടുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, നിരക്കുവ൪ധന സംസ്ഥാനത്തെ വ്യവസായങ്ങളുടെ മരുപ്പറമ്പാക്കുന്ന വിധമാകരുതെന്ന് സ്റ്റാൻഡിങ് കൗൺസിൽ ഓഫ് ട്രേഡ് യൂനിയൻസ് ജനറൽ കൺവീന൪ കെ.എൻ.ഗോപിനാഥ് പറഞ്ഞു. വ്യവസായങ്ങളുടെ നിരക്ക് തമിഴ്നാട്, ക൪ണാടകം തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെയാക്കണമെന്ന വാദം അടിസ്ഥാനമില്ലാത്തതാണെന്നും അവിടങ്ങളിൽ ജലവൈദ്യൂതി പദ്ധതികൾ കുറവായതിനാലാണ് വൈദ്യുതിനിരക്ക് കൂടിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരക്കുവ൪ധന ചെറുകിട നെല്ലുകുത്ത് മില്ലുകളുടെ സമ്പൂ൪ണ തക൪ച്ചക്ക് വഴിവെക്കുമെന്നായിരുന്നു റൈസ് മില്ലേഴ്സ് അസോസിയേഷൻ പ്രതിനിധി കെ. നരേന്ദ്രൻെറ ആശങ്ക. ഹോട്ടലുകളെ വ്യവസായമായി പരിഗണിച്ച് എൽ.ടി. നാല് കാറ്റഗറിയിൽ പെടുത്തണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ പ്രതിനിധി മൊയ്തീൻകുട്ടി ഹാജി ആവശ്യപ്പെട്ടു. ഇതേ താരിഫ് വേണമെന്ന ആവശ്യം പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.പി. ശിവാനന്ദനും ഉന്നയിച്ചു. മീറ്ററിന് അനന്തമായി ചാ൪ജ് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാൻ നി൪ദേശിക്കണമെന്ന് റസിഡൻസ് അപ്പക്സ് കൗൺസിൽ പ്രസിഡൻറ് കെ. രാജൻ ആവശ്യപ്പെട്ടു. ചെറുകിട വ്യവസായങ്ങളെ തക൪ച്ചയിലേക്ക് നയിക്കുന്നതാകരുത് നിരക്ക് വ൪ധനയെന്ന് കേരള സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രതിനിധി ദാമോദ൪ അഭ്യ൪ഥിച്ചു. ഗാ൪ഹിക ഉപഭോക്താക്കൾക്ക് പ്രത്യേക പരിഗണനയും പാക്കേജും വേണമെന്നും 150 യൂനിറ്റുവരെയുള്ള ഉപഭോക്താക്കൾക്ക് നിരവക്ക് വ൪ധിപ്പിക്കരുതെന്നും ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹികളായ സാമി മാസ്റ്ററും ടി.കെ. അസീസും നി൪ദേശിച്ചു.
എ. അഹമ്മദ്കോയ, പി.ടി. വത്സലൻ, പ്രേമൻ,സുരേഷ്കുമാ൪, കെ.പി. ഷൈജു, എം.പി. മൊയ്തീൻകോയ, സി.ജെ. ആൻറപ്പൻ എന്നിവരും സംസാരിച്ചു.
അനാവശ്യമായി വൈദ്യുതി ബോ൪ഡിന് കാഷ് കൊടുക്കുന്നതിനെ കമീഷൻ അംഗീകരിക്കുന്നില്ലെന്ന് മറുപടി പ്രസംഗത്തിൽ ചെയ൪മാൻ കെ.ജെ. മാത്യു വ്യക്തമാക്കി.നിരക്ക് വ൪ധിപ്പിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. അത് ന്യായമായും നിയമാനുസൃതമായും നി൪വഹിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.