ഹോ! എന്തൊരു നാറ്റം
text_fieldsആലപ്പുഴ: നാറ്റം സഹിക്കാൻ അസാമാന്യ ശേഷിയുണ്ടെങ്കിലെ ഇപ്പോൾ നഗരത്തിലൂടെ നടക്കാനാകൂ. നീക്കം ചെയ്യാത്ത മാലിന്യങ്ങൾ കെട്ടിക്കിടന്ന് അഴുകിനാറുന്ന കുപ്പത്തൊട്ടിപോലെ ആയിരിക്കുകയാണ് ആലപ്പുഴ പട്ടണം. വ൪ഷങ്ങളായി നഗരത്തിലെ മാലിന്യം തള്ളിയിരുന്ന സ൪വോദയപുരത്ത് നാട്ടുകാ൪ ഉപരോധമേ൪പ്പെടുത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ നഗരസഭാ അധികൃതരും നെട്ടോട്ടത്തിലാണ്.
തിരുവമ്പാടി, കൊങ്കിണി ചുടുകാട്, ആലിശേരി, റബ൪ ഫാക്ടറി, തോണ്ടൻകുളങ്ങര, ശവക്കോട്ടപ്പാലം തുടങ്ങി സകല ജങ്ഷനുകളിലും റോഡരികിൽ മല പോലെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ചീഞ്ഞഴുകുകയാണ്. കാലവ൪ഷം ശക്തി പ്രാപിക്കാത്തതുകൊണ്ട് മാത്രമാണ് ഇവ രോഗകാരിയായി മാറാത്തത്. പക൪ച്ചപ്പനിയും ഡെങ്കി- എലിപ്പനികളും പട൪ന്നു പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. മഴ ശക്തിപ്പെട്ടാൽ സംഗതികൾ നിയന്ത്രണത്തിന് പുറത്താകും. അങ്ങനെയായാൽ നഗരം ഒരു മാലിന്യ ബോംബായി മാറുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവ൪ത്തക൪.
താൽക്കാലിക ശമനമെന്ന നിലയിൽ ബ്ളീച്ചിങ് പൗഡ൪ വിതറുക മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മാലിന്യ പ്രശ്നം രൂക്ഷമായിട്ടും വീടുകളിൽനിന്ന് പ്ളാസ്റ്റിക് കവറിലാക്കി ഇരുട്ടിൻെറ മറവിൽ മാലിന്യം റോഡരികിൽ തള്ളുന്നതിന് ഒരു കുറവും വന്നിട്ടില്ല. പൊലീസ് ഇക്കാര്യത്തിൽ ജാഗ്രത കാണിച്ചിരുന്നെങ്കിൽ മാലിന്യമലയുടെ വലുപ്പം പാതികണ്ട് കുറഞ്ഞേനെയെന്ന് ചില നഗരസഭാ കൗൺസില൪മാ൪ പറയുന്നു.
റോഡരികിൽ മാലിന്യം തള്ളുന്നവ൪ രഹസ്യ കാമറയുടെ നിരീക്ഷണത്തിലാണെന്ന് പലയിടത്തും പൊലീസിൻെറ ബോ൪ഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, മാലിന്യം തള്ളുന്നതിന് കുറവില്ല. ഈ കാമറയിൽ ഇന്നുവരെ ഒരാളും കുടുങ്ങിയിട്ടുമില്ല.അധികൃത൪ക്കൊപ്പം നാട്ടുകാരും വിചാരിച്ചാലെ പ്രശ്നം പരിഹരിക്കാൻ കഴിയൂവെന്ന് ആരോഗ്യ പ്രവ൪ത്തക൪ പറയുന്നു.
അതിനിടെ, നഗരസഭാ ജീവനക്കാ൪ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയ൪ന്നിട്ടുണ്ട്. ശമ്പളം മുടങ്ങുമ്പോഴും ചെയ൪ പേഴ്സണിന് എട്ടുലക്ഷം മുടക്കി പുതിയ സ്വിഫ്റ്റ് ഡിസയ൪ കാ൪ വാങ്ങിയതായി ജീവനക്കാ൪ പറയുന്നു.
150 സ്ഥിരം ജീവനക്കാരിൽ 90 പേ൪ മാത്രമാണ് മാലിന്യ നി൪മാ൪ജനത്തിൽ ഇപ്പോൾ ഏ൪പ്പെട്ടിട്ടുള്ളത്. മറ്റുള്ളവരെ ‘അദ൪ ഡ്യൂട്ടി’യിൽപ്പെടുത്തി നി൪ത്തിയിരിക്കുകയാണത്രേ. ഇതും മാലിന്യ നി൪മാ൪ജനം അവതാളത്തിലാകാൻ കാരണമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.