ഉറവിട മാലിന്യസംസ്കരണ പരിപാടി: രണ്ടാംഘട്ടത്തിന് രൂപരേഖയായി
text_fieldsകോട്ടയം: ഉറവിട മാലിന്യസംസ്കരണ പരിപാടിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ കലക്ട൪ മിനി ആൻറണിയുടെ അധ്യക്ഷതയിൽ ചേ൪ന്ന കോ൪ കമ്മിറ്റി യോഗം തീരുമാനിച്ചു. ബയോഗ്യാസ് പ്ളാൻറുകൾ വ്യാപകമാക്കുക, പ്ളാസ്റ്റിക് കൂടുകളുടെ ഉപയോഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക, ബോധവത്കരണ പ്രവ൪ത്തനങ്ങൾ സജീവമാക്കുക തുടങ്ങിയ ക൪മപരിപാടികൾക്ക് രൂപം നൽകി.
പദ്ധതി യാഥാ൪ഥ്യമാക്കുന്നതിന് ജനങ്ങളുടെ ശീലങ്ങളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും അതുകൊണ്ടുതന്നെ എല്ലാവരുടെയും സഹകരണം വേണ്ടതുണ്ടെന്നും കലക്ട൪ പറഞ്ഞു. ആദ്യഘട്ടപ്രവ൪ത്തനങ്ങളുടെ തുട൪ച്ചയെന്നോണം ബോധവത്കരണം ലക്ഷ്യമിട്ടുള്ള സ്റ്റിക്കറുകൾ കൂടുതൽ വ്യാപാരസ്ഥാപനങ്ങളിൽ പതിക്കും. പ്ളാസ്റ്റിക് കൂടുകൾക്ക് വില ഈടാക്കാനും നിരോധിത പ്ളാസ്റ്റിക് കൂടുകൾ കടകളിൽനിന്ന് പിടിച്ചെടുക്കാനും മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കും. മുനിസിപ്പൽ കൗൺസിൽ യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച അന്തിമതീരുമാനമെടുക്കുക.
സ്കൂളുകൾ, സ൪ക്കാ൪ സ്ഥാപനങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, വീടുകൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ബയോഗ്യാസ് പ്ളാൻറുകൾ സ്ഥാപിക്കേണ്ടതിൻെറ അനിവാര്യതയെക്കുറിച്ചും ഇതിന് സബ്സിഡി ഉൾപ്പെടെ സൗകര്യങ്ങൾ ഏ൪പ്പെടുത്തുന്നതിനെക്കുറിച്ചും യോഗം ച൪ച്ച ചെയ്തു. പരിപാടിയുടെ ഭാഗമായി വ്യാപാരികളുടെ യോഗം 23നും റസിഡൻറ്സ് അസോസിയേഷനുകളുടെ യോഗം ജൂൺ 30നും ചേരും. സ്കൂളുകളിൽനിന്നുള്ള ജൈവമാലിന്യത്തിൻെറ അളവ് വിദ്യാഭ്യാസ വകുപ്പ് മുഖേന ശേഖരിക്കും. നഗരത്തിലെ മുഴുവൻ കോഴിക്കടകൾക്കും ബയോഗ്യാസ് പ്ളാൻറ് നി൪ബന്ധമാക്കണമെന്നും ആഗസ്റ്റ് 15ന് മുമ്പ് പ്ളാൻറ് സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടികൾ മുനിസിപ്പാലിറ്റി സ്വീകരിക്കണമെന്നും കലക്ട൪ നി൪ദേശിച്ചു.
ജനമൈത്രി പൊലീസും ആത്മയും പദ്ധതി യാഥാ൪ഥ്യമാക്കുന്ന പ്രവ൪ത്തനങ്ങളിൽ സഹകരിക്കും. സ൪ക്കാ൪ പരിപാടികളിൽ പ്ളാസ്റ്റിക് ഒഴിവാക്കുന്നതിന് ഓഫിസുകൾക്ക് നി൪ദേശം നൽകും. മേയ് 17ന് ആരംഭിച്ച ശുചിത്വയജ്ഞം ഒക്ടോബ൪ രണ്ടു വരെ നീളും. ആഗസ്റ്റ് 15, ചിങ്ങം ഒന്ന് തുടങ്ങിയ പ്രധാന ദിവസങ്ങളിൽ ശുചിത്വ മിഷൻെറ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ നടത്താനും യോഗം ധാരണയായി.
മുനിസിപ്പൽ ചെയ൪മാൻ സണ്ണി കല്ലൂ൪, മുനിസിപ്പൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.കെ. അനിൽകുമാ൪, കൗൺസില൪ കെ.എസ്. അനീഷ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ ജസി ജേക്കബ്, ഡി.ടി.പി.സി സെക്രട്ടറി ജിജു ജോസ്, മുനിസിപ്പാലിറ്റി ഹെൽത്ത് സൂപ്പ൪വൈസ൪ എം.എം. മത്തായി, റസിഡൻറ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡൻറ് രാധാകൃഷ്ണപിള്ള തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.