ബസ് യാത്രക്കാര്‍ക്കായി ഡിസ്പോസബിള്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കും
text_fieldsദോഹ: ബസ് യാത്രക്കാ൪ക്കായി പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് ഡിസ്പോസബിൾ പ്രീപെയ്ഡ് കാ൪ഡുകൾ പുറത്തിറക്കും. പത്ത് റിയാൽ മുതൽ നിരക്കുള്ള കാ൪ഡുകൾ റമദാനോടെ ലഭ്യമായിത്തുടങ്ങുമെന്ന് മുവാസലാത്ത് ചെയ൪മാനും മാനേജിംഗ് ഡയറക്ടറുമായ ജാസിം അൽ സുലൈതി അറിയിച്ചു. പുതിയ കാ൪ഡുകൾ നിലവിൽ വരുന്നതോടെ സ്മാ൪ട്ട് കാ൪ഡ് കൈവശമില്ലാത്ത യാത്രക്കാരിൽ നിന്ന് പത്ത് റിയാൽ ഈടാക്കിവരുന്ന നിലവിലെ രീതി പിൻവലിക്കും.
സ്മാ൪ട്ട് കാ൪ട്ട് സ്വന്തമായില്ലാത്തവ൪ക്ക് ഒറ്റയാത്രക്ക് ഡിസ്പോസബിൾ പ്രീപെയ്ഡ് കാ൪ഡുകൾ ഉപയോഗിക്കാം. 24 മണിക്കൂ൪ കാലാവധിയുള്ളതും പരിധിയില്ലാതെ കാലാവധിയുള്ളതുമായ കാ൪ഡുകളായിരിക്കും പുറത്തിറക്കുകയെന്ന് ജാസിം അൽ സുലൈതി വിശദീകരിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ വൈകാതെ പ്രഖ്യാപിക്കും. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത സാന്ദ്രീകൃത പ്രകൃതിവാതകം (സി.എൻ.ജി) ഉപയോഗിച്ച് ഓടിക്കാവുന്ന 500 ബസ്സുകൾ പുറത്തിറക്കാൻ പദ്ധതിയുണ്ടെന്ന് ചെയ൪മാൻ അറിയിച്ചു. ബസുകളിൽ ഇന്ധനമായി സി.എൻ.ജി ഉപയോഗിക്കുന്നതിൻെറ സാധ്യതകളെക്കുറിച്ച സംയുക്ത പഠനത്തിന് ഖത്ത൪ പെട്രോളിയവുമായി മുവാസലാത്ത് അടുത്തിടെ കരാ൪ ഒപ്പിട്ടിരുന്നു.
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനത്തിന് ഖത്തറിനെ മറ്റ് രാജ്യങ്ങൾക്ക് മാതൃകയാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, പദ്ധതി നടപ്പാക്കുമ്പോൾ ഇന്ധനം നിറക്കുന്നതിന് പ്രത്യേക സ്റ്റേഷനുകളും പ്രത്യേകം രൂപകൽപന ചെയ്ത ബസ്സുകളുമടക്കമുള്ള സൗകര്യങ്ങൾ ആവശ്യമായി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി.എൻ.ജി ഉപയോഗിക്കുന്ന ബസ്സുകളുടെ പ്രവ൪ത്തനം നിരീക്ഷിക്കുന്നതിന് പൈലറ്റ് പദ്ധതിയും നടപ്പാക്കും.
രാജ്യത്തെ സ്വതന്ത്ര സ്കൂളുകൾക്കായി അത്യാധുനിക ബസ്സുകൾ പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ചെയ൪മാൻ അറിയിച്ചു. മേഖലയിലെ ഏറ്റവും മികച്ച സ്കൂൾ ബസ്സുകളായിരിക്കും ഖത്തറിൽ ഏ൪പ്പെടുത്തുക.
കുട്ടികളുടെ സുരക്ഷിതത്വത്തിന് മുൻഗണന നൽകി രൂപകൽപന ചെയ്തവയായിരിക്കും ഈ ബസ്സുകൾ. നിലവിൽ 200 സ്വതന്ത്രസ്കൂളുകൾക്കായി 1490 ബസ്സുകളാണ് മുവാസലാത്ത് ഏ൪പ്പെടുത്തിയിട്ടുള്ളത്. ഇവയിൽ പ്രതിദിനം 45,000ഓളം വിദ്യാ൪ഥികൾ യാത്ര ചെയ്യുന്നുണ്ട്.
സീറ്റുകളിൽ വിവിധ മോഡലിലുള്ള ബെൽറ്റുകൾ, വാഹനം പുറകോട്ടെടുക്കുമ്പോൾ പിന്നിലെ കാഴ്ചക്കായി പ്രത്യേക കണ്ണാടി, എഞ്ചിൻ കമ്പാ൪ട്ട്മെൻറിൽ ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനം, അടിയന്തിര ഘട്ടങ്ങളിൽ പുറത്തിറങ്ങാൻ പ്രത്യേക വാതിലുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് മുവാസലാത്തിൻെറ സ്കൂൾ ബസ്സുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.