1.22 ലക്ഷം കോടി രൂപ പ്രതിവര്‍ഷ നഷ്ടമെന്ന് റിപ്പോര്‍ട്ട്
text_fieldsതൃശൂ൪: തണ്ണീ൪ത്തടം നികത്തൽ തീരുമാനം വഴി പ്രതിവ൪ഷം കേരളത്തിന് 1,22,868 കോടി രൂപക്ക് തുല്യമായ നഷ്ടമുണ്ടാകും. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തണ്ണീ൪ത്തടങ്ങളെപ്പറ്റി നടന്ന പഠനത്തെ അധികരിച്ച് സലിം അലി ഫൗണ്ടേഷൻ തയാറാക്കിയ റിപ്പോ൪ട്ടിലാണ് സംസ്ഥാനത്തെ 1.61 ലക്ഷം ഹെക്ട൪ തണ്ണീ൪ത്തടങ്ങൾ ഇല്ലായ്മ ചെയ്യുന്നതിലൂടെ സംഭവിക്കുന്ന വൻ നഷ്ടം ചൂണ്ടിക്കാട്ടുന്നത്. ഈ പഠനം കൈയിലിരിക്കെയാണ് 2005 വരെ അനധികൃതമായി നികത്തിയതടക്കമുള്ള തണ്ണീ൪ത്തടങ്ങൾക്ക് നിയമസാധുത നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്.
ദി ഇക്കണോമിക്സ് ഓഫ് ഇക്കോ സിസ്റ്റംസ് ആൻഡ് ബയോ ഡൈവേഴ്സിറ്റി ('ടീബ്') എന്ന സ്ഥാപനമാണ് 2011ൽ രാജ്യത്തെ തണ്ണീ൪ത്തടങ്ങളുടെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി വിശദപഠനം നടത്തിയത്. കുടിവെള്ളം ഉറപ്പാക്കുന്ന തണ്ണീ൪ത്തടങ്ങളുടെ പാരിസ്ഥിതിക മൂല്യം പകരം വെക്കാനാവാത്തതാണെന്നായിരുന്നു പ്രധാന നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ തണ്ണീ൪ത്തടങ്ങളെപ്പറ്റി റിപ്പോ൪ട്ട് തയാറാക്കിയത്. സംസ്ഥാന ജൈവ വൈവിധ്യ ബോ൪ഡ് മുൻ ചെയ൪മാനും തൃശൂരിലെ സലിം അലി ഫൗണ്ടേഷൻ ചെയ൪മാനുമായ ഡോ. വി.എസ്. വിജയന്റെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ പഠനം.
'പാരിസ്ഥിതിക സേവനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 22 സംഭാവനകളാണ് തണ്ണീ൪തടങ്ങളും വയലേലകളും വഴി സംസ്ഥാനത്തിന് ലഭിക്കുന്നതെന്ന് ഡോ. വിജയൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഭക്ഷ്യ-ജല സുരക്ഷയാണ് ഏറ്റവും പ്രധാനം.
തണ്ണീ൪ത്തടങ്ങളില്ലെങ്കിൽ കിണറുകളിലും കുളങ്ങളിലും വെള്ളമുണ്ടാവില്ല. കുടിക്കാനും കൃഷി ആവശ്യത്തിനും വെള്ളം ഇല്ലാതാവും. കാലാവസ്ഥാ ക്രമീകരണം, മണ്ണ് സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, ഭൂജല നിരപ്പ് സംരക്ഷണം തുടങ്ങിവയും തണ്ണീ൪ത്തടങ്ങളുടെ സംഭാവനകളാണ്. ഇവ നികത്തിയാൽ സംഭവിക്കുന്ന ഭയാനക നഷ്ടത്തിന്റെ സാമ്പത്തിക മൂല്യമാണ് 1,22,868 കോടി രൂപ. ഒരു ഹെക്ട൪ തണ്ണീ൪ത്തടം നികത്തിയാൽ പ്രതിവ൪ഷം 22,24,380 രൂപക്ക് തുല്യമായ നഷ്ടമുണ്ടാവുമെന്നാണ് കണക്ക്. രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ തണ്ണീ൪ത്തടങ്ങൾ ഏറെ സമ്പുഷ്ടമാണ്. അതുകൊണ്ട് യഥാ൪ഥ നഷ്ടം രണ്ടോ മൂന്നോ ഇരട്ടിയാകുമെന്ന് സലിം അലി ഫൗണ്ടേഷന്റെ റിപ്പോ൪ട്ടിലുണ്ട്. റിപ്പോ൪ട്ട് നേരത്തേ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറിയിരുന്നു.
പ്രതിവ൪ഷം 40 ലക്ഷം ടൺ അരി ആവശ്യമുള്ള കേരളത്തിൽ നെൽകൃഷിയിടത്തിന്റെ വിസ്തൃതി ആപത്കരമാംവിധം കുറയുകയാണ്. ഇപ്പോൾ സംസ്ഥാനത്ത് 2,34,000 ഹെക്ട൪ വയലും 1,60,590 ഹെക്ട൪ തണ്ണീ൪ത്തടവുമാണുള്ളത്. റവന്യൂവരവടക്കം കേരളത്തിന്റെ വാ൪ഷിക ബജറ്റ് തുക 68,923.92 കോടി രൂപയാണെന്ന വസ്തുതയുമായി തട്ടിച്ചു നോക്കുമ്പോഴാണ് 'വെറ്റ് ലാൻഡ് ഇക്കോ സിസ്റ്റം' വഴി ഉണ്ടാകുന്ന സാമ്പത്തിക നേട്ടത്തിന്റ വ്യാപ്തി മനസ്സിലാവുകയെന്ന് റിപ്പോ൪ട്ടിൽ വ്യക്തമാക്കുന്നു.
ഇതിനിടെ, നീ൪ത്തടം നികത്തലിന് സാധുത നൽകാൻ നിലവിലുള്ള നിയമമനുസരിച്ച് സംസ്ഥാന മന്ത്രിസഭക്ക് പോലും അധികാരമില്ലെന്ന് നിയമവിദഗ്ധ൪ വ്യക്തമാക്കുന്നു.
2008ൽ നിയമസഭ പാസാക്കിയ നിയമത്തിൽ ഇക്കാര്യം പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇടതുമുന്നണിയുടെ ഭരണകാലത്തല്ല, കഴിഞ്ഞ ഫെബ്രുവരി എട്ടിന് ചേ൪ന്ന മന്ത്രിസഭയാണ് നികത്തലിനംഗീകാരം നൽകാൻ തീരുമാനിച്ചതെന്നും ഇതുസംബന്ധിച്ച് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.