ഓങ്ങല്ലൂരില്‍ അട്ടിമറിയിലൂടെ ഭരണമാറ്റം തുടര്‍ക്കഥ
text_fieldsപട്ടാമ്പി: ഓങ്ങല്ലൂരിൽ അട്ടിമറിയിലൂടെ ഭരണമാറ്റം തുട൪ക്കഥയാകുന്നു. ഇതിന് കാരണമാവുന്നതാകട്ടെ കോൺഗ്രസിലെ പടലപ്പിണക്കവും. വ്യാഴാഴ്ച നടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- മുസ്ലിംലീഗ് സംയുക്ത സ്ഥാനാ൪ഥിക്കെതിരെ രംഗത്തുവന്നതും പ്രസിഡൻറായതും കോൺഗ്രസ് അംഗമായ സി.എം. ബിന്ദുവാണ്.
സി.പി.എം സ്ഥാനാ൪ഥിയെ നി൪ത്തിയിരുന്നെങ്കിലും അവസരത്തിനൊത്തുയ൪ന്ന് അട്ടിമറിക്ക് കളമൊരുക്കുകയുംചെയ്തു. ഇതോടെ ഒമ്പതംഗ സി.പി.എം പിന്തുണയോടെ കോൺഗ്രസ് വിമതക്ക് പ്രസിഡൻറ് പദവിയിലെത്താനായി.
14ാം വാ൪ഡ് അംഗമായ ബിന്ദുവിന് പ്രസിഡൻറ് പദവിയിലേക്ക് നി൪ദേശിച്ചത് 15ാം വാ൪ഡ് അംഗമായ കോരനാണ്. ഇദ്ദേഹം ആദ്യകാല കോൺഗ്രസ് പ്രവ൪ത്തകനാണ്.
കഴിഞ്ഞ ഭരണസമിതിയിലും ഭരണമാറ്റത്തിന് വഴിതെളിച്ചത് കോൺഗ്രസിലെ വിമത നീക്കമായിരുന്നു. 2007ൽ സി.പി.എം പിന്തുണയോടെ കോൺഗ്രസ് നേതാവായിരുന്ന പി. ഉണ്ണികൃഷ്ണൻ പ്രസിഡൻറായി രണ്ടര വ൪ഷം ഭരിച്ചിരുന്നു. ജനവിധി യു.ഡി.എഫിന് അനുകൂലമായി വരുമ്പോഴും തുട൪ച്ചയായി ഭരണം നഷ്ടപ്പെടുന്ന ദുര്യോഗമാണ് കോൺഗ്രസിന്.
ഇത്തവണ മുസ്ലിംലീഗിലെ പറമ്പിൽ ഐഷാബി പ്രസിഡൻറായി വന്നശേഷവും ഒട്ടേറെ പ്രതിസന്ധികളാണ് യു.ഡി.എഫ് അഭിമുഖീകരിച്ചത്. കഴിഞ്ഞ ഡിസംബറിൽ പ്രസിഡൻറ് പദവി രാജിവെച്ചതായി അറിയിച്ചുള്ള ഐഷാബിയുടെ കത്ത് വിവാദമായിരുന്നു. പിന്നീട് താൻ രാജിവെച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്തുവന്ന ഇവ൪ തെരഞ്ഞെടുപ്പ് കമീഷനെയും കോടതിയെയും സമീപിച്ച് അനുകൂല വിധി സമ്പാദിച്ച് പദവി തിരിച്ചുപിടിച്ചു. മുസ്ലിംലീഗിലെ മറ്റൊരു അംഗവും ഇവരെ പിന്തുണച്ചിരുന്നു. ഇരുവ൪ക്കുമെതിരെ മുസ്ലിംലീഗ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. അതിനിടെ ഐഷാബിയുടെ വീടിന് നേരെ ആക്രമണവും ഉണ്ടായി. അനുരഞ്ജനത്തിലൂടെ ഇവരെ കഴിഞ്ഞമാസം രാജിവെപ്പിക്കാൻ മുസ്ലിംലീഗ് നേതൃത്വത്തിന് കഴിഞ്ഞെങ്കിലും ഭരണതുട൪ച്ചക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് ഇത്തവണയും കഴിഞ്ഞില്ല.
അധികാരത്തിലെത്താനായില്ലെങ്കിലും രണ്ടുതവണയും സി.പി.എമ്മിൻെറ കൈപ്പിടിയിൽ ഭരണം വന്നുചേരുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.