സാമൂഹികക്ഷേമ വകുപ്പിന്‍െറ ‘നിര്‍ഭയ’ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയില്ല
text_fieldsകാസ൪കോട്: ഉദ്ഘാടനം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിൻെറ ‘നി൪ഭയ’ പദ്ധതിയുടെ പ്രാഥമിക പ്രവ൪ത്തനങ്ങൾ പോലും തുടങ്ങിയില്ല. സ്ത്രീകൾക്കും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും എതിരെയുള്ള ലൈംഗികാതിക്രമം തടയാൻ യു.ഡി.എഫ് സ൪ക്കാ൪ ആവിഷ്കരിച്ച പദ്ധതിയാണ് ‘നി൪ഭയ’.
വീട്ടകങ്ങളിലും പരിചയ വൃന്ദങ്ങളിലും ലൈംഗികാതിക്രമം നേരിടുന്ന ഇരകൾ നിയമാനുസൃത നടപടിക്രമത്തിലൂടെ പോകേണ്ടിവരുമ്പോൾ പലപ്പോഴും ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങി കോടതിയിൽ മൊഴി മാറ്റിപ്പറയുന്നു. കുറ്റവാളികൾ രക്ഷപ്പെടുന്ന ഈ അവസ്ഥക്ക് പരിഹാരം കാണാനാണ് ‘നി൪ഭയ’ ആവിഷ്കരിച്ചത്. എന്നാൽ, പദ്ധതി രൂപരേഖയിൽ പറഞ്ഞ കാര്യങ്ങളിൽ ബഹുഭൂരിഭാഗവും ഇതേവരെ നടപ്പായിട്ടില്ല.
മുഖ്യമന്ത്രി ചെയ൪മാനും സാമൂഹികക്ഷേമ മന്ത്രിയും ആദിവാസിക്ഷേമ മന്ത്രിയും വൈസ് ചെയ൪മാൻമാരുമായുള്ള സംസ്ഥാനതല ഏകോപന കമ്മിറ്റിക്ക് കീഴിൽ ജില്ലാ സമിതികൾ വിഭാവനം ചെയ്തിരുന്നു. ഒരു ജില്ലയിലും, പക്ഷേ സമിതി രൂപവത്കരിച്ചിട്ടില്ല.
ജില്ലാ പ്ളാനിങ് ഓഫിസ൪ ചെയ൪മാനും ജില്ലാ കലക്ട൪ വൈസ് ചെയ൪മാനുമായുള്ള നി൪ഭയ സമിതിയാണ് അതത് ജില്ലകളിലെ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടത്.
നഗരസഭ, പഞ്ചായത്ത് എന്നിവക്ക് കീഴിൽ ജാഗ്രതാ സമിതികൾ രൂപവത്കരിക്കണമെന്ന നി൪ദേശവും എവിടെയും നടപ്പായിട്ടില്ല. ലൈംഗിക കച്ചവടത്തിനായി സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയാനായി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻെറ നേതൃത്വത്തിൽ ആൻറി ട്രാഫിക്കിങ് സ്ക്വാഡ് രൂപവത്കരിക്കണമെന്ന നി൪ദേശവും കടലാസിലാണ്. സംസ്ഥാനതലത്തിൽ സാമൂഹികക്ഷേമ ഡയറക്ടറേറ്റിൽ സെൽ രൂപവത്കരണം, തെരുവ് കുട്ടികൾ, അനാഥ൪, വിവാഹബന്ധം വേ൪പിരിഞ്ഞവരുടെ മക്കൾ എന്നിവ൪ക്ക് സുരക്ഷയേകാൻ എല്ലാ ജില്ലകളിലും കെയ൪ ഹോമുകൾ എന്നീ നി൪ദേശങ്ങളും നടപ്പായിട്ടില്ല.
കഴിഞ്ഞ ജൂൺ മൂന്നിന് കൊച്ചിയിൽ മന്ത്രി എം.കെ. മുനീ൪ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ 18004251400 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ ആളെടുക്കും എന്നത് മാത്രമാണ് നിലവിൽ ‘നി൪ഭയ’യുടെ പ്രവ൪ത്തനം.
പദ്ധതിരേഖ തയാറാക്കിയ ‘നി൪ഭയ’ നി൪വാഹക സമിതി അംഗം സുഗതകുമാരി ടീച്ചറുടെ തിരുവനന്തപുരത്തെ ‘അഭയ’യുടെ ഓഫിസിലാണ് ഫോൺ. ഫോൺ വിളിച്ചാൽ വിളിച്ച ആളുടെ വിവരം ശേഖരിച്ച് തിരിച്ചുവിളിക്കുമെന്ന് പറയുമെങ്കിലും തിരിച്ചുവിളിക്കാറില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. കാസ൪കോടിൻെറ വിദൂര ഗ്രാമങ്ങളിൽനിന്ന് ഒരു മാസം മുമ്പ് ബന്ധപ്പെട്ടതിനൊന്നും ഇതേവരെ മറുപടിയില്ല.
ഒന്നിലധികം തവണ പരാതി ഉന്നയിച്ചിട്ടും തിരിഞ്ഞുനോക്കാത്ത അനുഭവക്കാരുണ്ട്. അതേസമയം, ജൂലൈ 31ന് എല്ലാ ജില്ലകളിലും ജില്ലാ സമിതികൾ വിളിച്ചുചേ൪ക്കാൻ നി൪ദേശം നൽകിയതായി സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ട൪ എം.എസ്. ജയ പറഞ്ഞു.
ഇതിനുശേഷം പഞ്ചായത്ത്തല ജാഗ്രതാ സമിതികൾ രൂപവത്കരിക്കും. ടോൾഫ്രീ നമ്പറിൽ വിളിച്ചിട്ട് കൃത്യമായ മറുപടി ഇല്ലെങ്കിൽ അക്കാര്യം അന്വേഷിക്കുമെന്നും ഡയറക്ട൪ കൂട്ടിച്ചേ൪ത്തു. ദിവസം 400ഓളം പരാതി ഫോൺവിളികളാണ് ‘നി൪ഭയ’യിൽ ലഭിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.