ബസേലിയസ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരം നൂറാം ദിവസത്തിലേക്ക്
text_fieldsകോതമംഗലം: ബസേലിയസ് ആശുപത്രിയിൽ നഴ്സുമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. നഴ്സുമാരുടെ സമരം മറ്റിടങ്ങളിലെല്ലാം രണ്ടുമാസങ്ങൾക്കകം അവസാനിച്ചിരുന്നു. യാക്കോബായ സഭയുടെ കീഴിൽ കോതമംഗലം മാ൪ത്തോമ ചെറിയപള്ളി ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആശുപത്രിയിലെ സമരം ഒത്തുതീ൪പ്പാക്കാൻ ഭരണതലത്തിൽ ഇടപെടൽ ഉണ്ടായിട്ടില്ല.സഭയെയും വിശ്വാസികളെയും പിണക്കാനുള്ള വിമുഖതയാണ് സ൪ക്കാറിനെ പിന്തിരിപ്പിക്കുന്നത്.
മാ൪ച്ച് അഞ്ചിന് ബസേലിയസിലെ നഴ്സുമാരും മാനേജ്മെൻറും വേതന വ൪ധന കരാറിൽ ഒപ്പിട്ടിരുന്നു. ഏപ്രിലിൽ കരാ൪ നടപ്പാക്കാത്തതിനെത്തുട൪ന്ന് ഇന്ത്യൻ നഴ്സ് അസോസിയേഷൻ (ഐ.എൻ.എ) നേതൃത്വത്തിൽ സമരം ആരംഭിക്കുകയായിരുന്നു.
സമരം 10 ദിവസം പിന്നിട്ടിട്ടും മാനേജ്മെൻറ് ച൪ച്ചക്ക് തയാറാകാത്ത സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ സമര സഹായ സമിതി രൂപവത്കരിച്ചു. ഇതിൻെറ ഭാഗമായി മാ൪ച്ചും ധ൪ണയും നടത്തിയെങ്കിലും മാനേജ്മെൻറ് വഴങ്ങിയില്ല. അടുത്ത ഘട്ടമെന്ന നിലയിൽ ആശുപത്രി ഉപരോധം ആരംഭിച്ചു. ഇതിനിടെ സമരത്തെ വ൪ഗീയവത്കരിക്കാൻ ശ്രമമുണ്ടാകുകയും ആശുപത്രി വളപ്പിലെ നഴ്സുമാരുടെ സമരപ്പന്തൽ തക൪ക്കുകയും ചെയ്തു.
സമരത്തിനെതിരെ ഇടവകാംഗങ്ങൾ രംഗത്തുവരണമെന്ന് പള്ളി വികാരി പരസ്യമായി ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.ഇതിനിടെ മൂവാറ്റുപുഴ ആ൪.ഡി.ഒ രണ്ടുവട്ടം ച൪ച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല. തുട൪ന്ന് ആ൪.ഡി.ഒ കലക്ട൪ക്ക് റിപ്പോ൪ട്ട് കൈമാറി. ഇതിനിടെ താൽക്കാലികമായി നി൪ത്തിയ ഉപരോധം പുനരാരംഭിച്ചു.ഒരുഡോക്ടറുടെ വീടിന് നേരെ കല്ലേറുമുണ്ടായി.
കലക്ട൪ പലവട്ടം ച൪ച്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതോടെ സമരം 24 മണിക്കൂറായി മാറ്റി.ഇതിനിടെ നഴ്സുമാരുടെ ഹോസ്റ്റൽ അടച്ചുപൂട്ടി നി൪മാണ പ്രവ൪ത്തനങ്ങളുടെ പേരിൽ പൊളിച്ചുനീക്കാനുള്ള ശ്രമവും അരങ്ങേറി. സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ നഴ്സുമാരുടെ ഡ്രസിങ് റൂം ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയുമുണ്ടായി.
ലേബ൪ കമീഷണറുമായുള്ള ച൪ച്ച പരാജയപ്പെട്ടതോടെ സമര സഹായ സമിതി ആശുപത്രി കവാടത്തിൽ റിലേ സത്യഗ്രഹം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മധ്യസ്ഥരായതോടെ സമരം തീരുമെന്ന പ്രതീക്ഷ ഉണ്ടായെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. സമരത്തിന് ശക്തിപകരാൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സമരപ്പന്തലിൽ എത്തിയിരുന്നു.
ആശുപത്രി സെക്രട്ടറിയുടെ കാറിൻെറ ചില്ലുകൾ തക൪ത്ത സംഭവത്തിൽ പള്ളി മാനേജിങ് കമ്മിറ്റിയംഗത്തിലേക്ക് അന്വേഷണം നീണ്ടത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. സി. പി.എം നേതാവ് കെ. ചന്ദ്രൻപിള്ള , ക്രൈം പത്രാധിപ൪ നന്ദകുമാ൪ എന്നിവ൪ സമരം അവസാനിപ്പിക്കാൻ ഇടപെട്ടെങ്കിലും വിജയം കണ്ടില്ല. സമരത്തിൻെറ അടുത്തഘട്ടം എന്ന നിലയിൽ സമരസഹായ സമിതി ആഗസ്റ്റ് രണ്ടിന് ജനകീയ മാ൪ച്ചും ഏഴിന് വഴിതടയൽ സമരത്തിനും രൂപം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.