ഖത്തര്‍ ഫൗണ്ടേഷനില്‍ എക്സി. വൈസ് പ്രസിഡന്‍റായി മലയാളി ശാസ്ത്രജ്ഞന്‍
text_fieldsദോഹ: ഖത്ത൪ ഫൗണ്ടേഷനിലെ ഗവേഷണ, വികസന വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറായി മലയാളി ശാസ്ത്രജ്ഞൻ നിയമിതനായി. എറണാകുളം സ്വദേശി ഡോ. തോമസ് സക്കറിയയാണ് ഫൗണ്ടേഷൻെറ സുപ്രധാന വകുപ്പുകളിലൊന്നായ ഗവേഷണ, വികസന വകുപ്പിൻെറ ചുമതലക്കാരിൽ ഒരളായി എത്തുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോ. തോമസ് ഇപ്പോൾ യു.എസ് ഊ൪ജ വകുപ്പിന് കീഴിലെ ഓക്റിഡ്ജ് നാഷനൽ ലബോറട്ടറിയിൽ (ഒ.ആ൪.എൻ.എൽ) ശാസ്ത്ര, സാങ്കേതിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടറാണ്. സെപ്തംബ൪ ഒന്നിന് ഡോ. തോമസ് ചുമതലയേൽക്കുമെന്ന് ഖത്ത൪ ഫൗണ്ടേഷൻ അധികൃത൪ അറിയിച്ചു.
ശാസ്ത്ര, സാങ്കേതിക, ഗവേഷണ രംഗങ്ങളിലെ ഡോ. തോമസ് സക്കറിയയുടെ അനുഭവസമ്പത്ത് ഫൗണ്ടേഷന് മുതൽക്കൂട്ടായിരിക്കുമെന്ന് ഫൗണ്ടേഷനിലെ ഗവേഷണ, വികസന വിഭാഗം പ്രസിഡൻറ് ഫൈസൽ അൽ സുവൈദി അഭിപ്രായപ്പെട്ടു.
എറണാകളും ച൪ച്ച് ലാൻറിംഗ് റോഡിൽ പാലമറ്റം പി.ടി സക്കറിയയുടെയും ചിന്നമ്മ സക്കറിയയുടെയും മകനായ ഡോ. തോമസ് മഹാരാജാസ് കോളജിലാണ് പ്രീഡിഗ്രി വിദ്യാഭ്യാസം പൂ൪ത്തിയാക്കിയത്.
തുട൪ന്ന് ക൪ണാടകയിലെ സൂറത്കല്ലിലുള്ള റീജിയനൽ ടെക്നിക്കൽ കോളജിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടി. പിന്നീട് ഓക്സ്ഫോ൪ഡിലെ മിസിസ്സിപ്പി സ൪വ്വകലാശാലയിൽ നിന്ന് മെറ്റീരിയൽ സയൻസിൽ എം.എസും ന്യൂയോ൪ക്കിലെ ക്ളാ൪ക്സൺ സ൪വ്വകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് സയൻസിൽ പിഎച്ച്.ഡിയും എടുത്തു. 1987ൽ മെറ്റൽസ് ആൻറ് സെറാമിക് ഡിവിഷനിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായാണ് ഡോ. തോമസ് ഒ.ആ൪.എൻ.എല്ലിൽ ചേ൪ന്നത്. 1998ൽ കമ്പ്യൂട്ട൪ സയൻസ് ആൻറ് മാത്തമാറ്റിക്സ് ഡിവിഷൻെറ ഡയറക്ടറും 2000ൽ ഡെപ്യൂട്ടി അസോസിയേറ്റ് ലബോറട്ടറി ഡയറക്ടറുമായി.
ഇതിനിടെ 1995ൽ ഒരു വ൪ഷത്തിലധികം മദ്രാസ് ഐ.ഐ.ടിയിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമുനഷ്ഠിച്ചിരുന്നു. എ.എഫ് ഡേവിസ് വെള്ളിമെഡൽ, വില്ല്യം സ്പ്രാരജൻ സ്മാരക അവാ൪ഡ് എന്നിവയടക്കം ശാസ്ത്ര, സാങ്കേതിക മേഖലകളിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം ദേശീയ, അന്ത൪ദേശീയ തലങ്ങളിലുള്ള നിരവധി ശാസ്ത്ര ഉപദേശക സമിതികളിൽ പ്രവ൪ത്തിച്ചിട്ടുണ്ട്. അമേരിക്കൻ വെൽഡിംഗ് സൊസൈറ്റിയിൽ അംഗമായ ഇദ്ദേഹം ശാസ്ത്രസംബന്ധിയായ നൂറോളം പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
കൊച്ചിയിലെ അറിയപ്പെടുന്ന എഞ്ചിനീയറും സംരംഭകനുമായിരുന്നു ഡോ. തോമസിൻെറ പിതാവും കൂത്താട്ടുകളും സ്വദേശിയുമായ പി.ടി സക്കറിയ. കോലഞ്ചേരി സ്വദേശിനിയായ മാതാവ് ചിന്നമ്മ എറണാകുളത്തെ ടോക് എച്ച് പബ്ളിക് സ്കൂൾ, ജോ൪ജിയൻ സ്കൂൾ എന്നിവയുടെ സ്ഥാപക പ്രിൻസിപ്പലാണ്. ഭാര്യ സിന്ധുവും ഒ.ആ൪.എൻ.എല്ലിലെ ഉദ്യോഗസ്ഥയാണ്. ന്യൂയോ൪ക്കിലുള്ള ഡോ. നിയ സക്കറിയ, ഷോൺ സക്കറിയ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.