ജയരാജന് ജാമ്യമില്ല
text_fieldsകണ്ണൂ൪: ഷുക്കൂ൪ വധകേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻെറ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതി സമൂഹത്തിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം അനുവദിച്ചാൽ കേസിലെ സാക്ഷികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻെറ വാദം കണക്കിലെടുത്താണ് കണ്ണൂ൪ ജുഡീഷ്യൽ ഒന്നാം ക്ളാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സെഷൻസ് കോടതിയുടെ അധികാര പരിധിയിൽ വരുന്ന കുറ്റകൃത്യമായതിനാൽ ഈ കേസിൻെറ മറ്റു കാര്യങ്ങളിൽ മജിസ്ട്രേറ്റ് കോടതി ഇടപെടുന്നില്ലെന്നും ജാമ്യാപേക്ഷ നിരസിച്ചുകൊണ്ടുള്ള ഉത്തരവിൽ പറഞ്ഞു. കേസന്വേഷണം പൂ൪ത്തിയായിട്ടില്ല. നിരവധി പ്രതികൾ ഇനിയും അറസ്റ്റിലാകാനുണ്ട്. ജയരാജൻ അറസ്റ്റിലായതിനെത്തുട൪ന്ന് പലഭാഗങ്ങളിലും അക്രമങ്ങൾ ഉണ്ടായി. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടു. സ൪ക്കാ൪ ഓഫിസുകൾക്ക് നാശമുണ്ടായി. സ൪ക്കാ൪ ജീവനക്കാ൪ ഉൾപ്പെടെയുള്ളവ൪ അക്രമത്തിനിരകളായി. ഇക്കാര്യങ്ങൾ പരിഗണിച്ചും കുറ്റകൃത്യത്തിൻെറ ഗൗരവം കണക്കിലെടുത്തുമാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി വ്യക്തമാക്കി. കേസ് തെളിയിക്കാൻ തക്കതായ തെളിവുകൾ കോടതിമുമ്പാകെ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് സാധിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകൻെറ വാദം കോടതി പരിഗണിച്ചില്ല. ഈ സാഹചര്യത്തിൽ തിങ്കളാഴ്ച ഹൈകോടതിയിൽ ജാമ്യാപേക്ഷ സമ൪പ്പിക്കുമെന്ന് ജയരാജനുവേണ്ടി ഹാജരായ അഡ്വ. ബി.പി. ശശീന്ദ്രൻ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ച 1.05നാണ് ജാമ്യാപേക്ഷയിൽ തീ൪പ്പാക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവുണ്ടായത്.
ആഗസ്റ്റ് ഒന്നിന് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലടച്ച ജയരാജനുവേണ്ടി രണ്ടിന് രാവിലെയാണ് ജാമ്യാപേക്ഷ സമ൪പ്പിച്ചത്.
പൊലീസ് റിപ്പോ൪ട്ടിനുവേണ്ടി അടുത്ത ദിവസത്തേക്ക് മാറ്റിവെച്ച അപേക്ഷയിൽ പ്രോസിക്യൂഷൻെറ വാദംകേട്ടശേഷമാണ് വെള്ളിയാഴ്ച തീ൪പ്പാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ. സി.കെ. ശ്രീധരനാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.