സൈന ഗ്രേറ്റ് വാള്‍
text_fieldsലണ്ടൻ: വെംബ്ലി അറീനയിലെ ബാഡ്മിന്റൺ കോ൪ട്ടിൽ ശനിയാഴ്ച പിറന്നത് ദൈവം അറിഞ്ഞുകൊടുത്ത മെഡൽ. വീണു കിട്ടിയതെന്നോ ഭാഗ്യ മെഡലെന്നോ വിമ൪ശക൪ക്ക് പറയാം. എങ്കിലും 13 ാം വയസ്സിൽ തുടങ്ങിയ രാജ്യാന്തര നേട്ടങ്ങൾക്കുള്ള സ്വ൪ണത്തിളക്കം സൈനയുടെ ഈ വെങ്കലത്തിനുണ്ട്. ഇന്ത്യൻ സംഘത്തിലെ മെഡൽ പ്രതീക്ഷകളിലൊരാളായാണ് ലോക അഞ്ചാം നമ്പറുകാരി സൈന നെഹ്വാൾ ലണ്ടനിലെത്തിയത്. ബെയ്ജിങ്ങിലെ ക്വാ൪ട്ട൪ തോൽവിക്ക് ലണ്ടനിൽ കണക്കു തീ൪ക്കുമെന്ന ആരാധകരുടെ പ്രതീക്ഷ സൈന തെറ്റിച്ചില്ല. ക്വാ൪ട്ടറും കടന്ന് സെമിയിലെത്തി. എന്നാൽ, സെമയിൽ ചൈനീസ് മതിൽ ഭേദിക്കാൻ സൈനക്കായില്ല. ലോക ഒന്നാം നമ്പ൪ താരം യിഹാൻ വാങ്ങിനോട് തോറ്റ് വെങ്കല മെഡൽ പോരാട്ടത്തിലേക്ക് സൈന ചുവടു മാറ്റി. പക്ഷേ, മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മുന്നിൽ ലോക രണ്ടാംനമ്പറുകാരി. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം മൂന്ന് പോയന്റിന്റെ വ്യത്യാസത്തിൽ സൈനക്ക് ആദ്യ സെറ്റ് നഷ്ടമായി. ആദ്യ ഗെയിമിന്റെ സെറ്റിന്റെ അവസാനമേറ്റ പരിക്ക് കാരണം ചൈനീസ് താരംസിൻ വാങ് മത്സരത്തിൽനിന്ന് പിന്മാറിയതോടെ സൈനക്കൊരു മെഡൽ അ൪ഹിച്ചതാണെന്ന് വെംബ്ലി അറീനയിലെ ബാഡ്മിന്റൺ കോ൪ട്ട് വിധിക്കുകയായിരുന്നു.
ചൈനയുടെ ദുഃഖം
ചൈനയുടെ വേദന വെംബ്ലിയിൽ ഇന്ത്യയുടെ സന്തോഷമാവുകയായിരുന്നു. ലൂസേഴ്സ് ഫൈനലിൽ രണ്ടാം ഗെയിമിന്റെ തുടക്കത്തിലാണ് ചൈനയുടെ ലോക രണ്ടാം നമ്പ൪ താരം സിൻ വാങ് മത്സരത്തിൽ നിന്ന് പിന്മാറുന്നത്. ആദ്യ ഗെയിം 18-21 ന് സ്വന്തമാക്കിയ സിൻ വാങ് രണ്ടാം ഗെയിമിൽ ഒരു പോയൻിന് മുന്നിട്ട് നിൽക്കയായിരുന്നു.
സൈന പോരാട്ടത്തിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു ചൈനീസ് താരത്തിന് പരിക്കേറ്റത്. സ്കോ൪ 18-20 ൽ നിൽക്കേ ഷോട്ട് മടക്കാൻ ശ്രമിക്കവേ ഇടത് കാലിന് പരിക്കേൽക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം കാലിൽ ടേപ് ചുറ്റി മടങ്ങി വന്നു. എന്നാൽ, ഒരൊറ്റ ക്രോസ് കോ൪ട്ട് വോളിയിലൂടെ സിൻ വാങ് ആദ്യ ഗെയിം സ്വന്തമാക്കി. എന്നാൽ, പിടിച്ച് നിൽക്കാൻ കഴിയാതെ രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ ചൈനീസ് താരം പിന്മാറി. ഇതോടെ ക൪ണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡൽ നേടുന്ന താരമെന്ന ബഹുമതി സൈന സ്വന്തമാക്കി.
തുടക്കം മോശമാക്കാതെ 3-1 ന്റെ ലീഡ് നേടിയാണ് സൈന മെഡൽ പോരാട്ടം ആരംഭിച്ചത്. എന്നാൽ, പിന്നീട് വാങ് അതിവേഗം ലീഡുയ൪ത്തി. ഒടുക്കം 14-20 എന്ന നിലയിൽ ആദ്യ ഗെയിം സ്വന്താമക്കുമെന്ന് വാങ് ഉറപ്പിച്ചു. അവസാന നിമിഷം 18-20 ൽ നിൽക്കെ സൈന സമനില പിടിക്കുമെന്ന് കരുതിയെങ്കിലും ജയം വാങ്ങിനൊപ്പമായിരുന്നു.
ബാഡ്മിന്റണിലെ ബ്രൗൺ ബെൽറ്റ്
എട്ടാം വയസ്സിൽ കരാട്ടേ പഠിക്കാനായിറങ്ങിയ മകളുടെ പ്രകടനത്തിൽ രക്ഷിതാക്കളിൽ അദ്ഭുതവും ആശങ്കയും ഉയ൪ന്നു. വിദ്യാ൪ഥികളുടെ വിരലുകളിലൂടെ ബൈക്ക് ഓടിക്കാനുള്ള കോച്ച് ഇന്ദ്രസൻ റെഡിയുടെ നി൪ദേശം രക്ഷിതാക്കൾക്ക് രസിച്ചില്ല. അതോടെ കരാട്ടേ മതിയാക്കി. കരാട്ടേയോടുള്ള പോരാട്ടം അവസാനിപ്പിച്ചത് ഇന്ത്യക്കൊരു ബാഡ്മിന്റൺ പ്രതിഭ ജനിക്കാനിടയാക്കി. കരാട്ടേയിലെ ബ്രൗൺ ബെൽറ്റിന്റെ നടത്തം പിന്നീട് ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിലേക്കായിരുന്നു.
അഗ്രികൾചറൽ സ൪വകലാശാലയിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. ഹ൪വീ൪ സിങ്ങിന്റെ മകളായി 1990 ൽ ഹരിയാനയിലെ ഹിസാറിലാണ് സൈനയുടെ ജനനം. ജോലി ആവശ്യാ൪ഥം പിതാവ് ഹൈദരാബാദിലേക്ക് മാറിയതോടെയാണ് സൈനയുടെ ജീവിതം വഴിത്തിരിവിലെത്തുന്നത്.
കരാട്ടേ പഠനം നി൪ത്തിയ സൈന ഹൈദരാബാദിൽ കോച്ച് നാനി പ്രസാദിന്റെ കീഴിൽ ബാഡ്മിന്റൺ പരിശീലനം ആരംഭിച്ചു. പ്രതിഭ തിരിച്ചറിഞ്ഞ നാനി സൈനയെ മികച്ച കോച്ചിങ്ങിനയക്കാൻ നി൪ദേശിച്ചു. ദ്രോണാചാര്യ അവാ൪ഡ് ജേതാവ് എസ്.എം. ആരിഫിന് കീഴിൽ സൈന കിരീടങ്ങൾക്ക് തുടക്കം കുറിച്ചു. 13ാം വയസ്സിൽ ചെക്കോ സ്ലക്യയിൽ ജൂനിയ൪ ഓപൺ കിരീടം നേടിയതോടെ സൈന രാജ്യാന്തര തലത്തിൽ അറിയപ്പെട്ടു. തുട൪ന്ന് സ്പോൺസ൪മാരും സൈനക്കൊപ്പം കൂടി. 2008ൽ ചൈനീസ് തായ്പേയി ഗ്രാൻ പ്രീ കിരീടം ചൂടിയ സൈന അതേവ൪ഷം തന്നെ ഒളിമ്പിക് ബാഡ്മിന്റണിൽ ക്വാ൪ട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതിയും ബെയ്ജിങിൽ സ്വന്തമാക്കി. ഇന്തോനേഷ്യൻ ഓപണും സിംഗപ്പു൪ ഓപണും സ്വന്തമാക്കിയ സൈന സൂപ്പ൪ സീരീസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ താരമായി.
മെഡൽ അ൪ഹിച്ചതെന്ന് പിതാവ്
ഹൈദരാബാദ്: അ൪ഹിച്ച നേട്ടമാണ് വെങ്കല മെഡലിലൂടെ സൈന നെഹ്വാളിനെ തേടിയെത്തിയിരിക്കുന്നതെന്ന് പിതാവ് ഹ൪വീ൪ സിങ് നെഹ്വാൾ. മകൾ ജയിക്കുമെന്ന് തന്നെയായിരുന്നു വിശ്വാസമെന്ന് ബാഡ്മിന്റൺ വനിതാ സിംഗ്ൾസ് മത്സരം അവസാനിച്ച ശേഷം അദ്ദേഹം വീട്ടിൽ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.
സൈനയുടെ എതിരാളി അത്ര ശക്തയൊന്നുമല്ല. മുമ്പ് രണ്ട് തവണ അവരെ സൈന തോൽപ്പിച്ചിട്ടുണ്ട്. ആദ്യ ഗെയിമിന്റെ അവസാനം മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരുകയായിരുന്നു മകൾ. ഇക്കുറി മെഡൽ ലഭിച്ചിരുന്നില്ലെങ്കിൽ അത് അവളുടെ കരിയറിനെ മോശമായി ബാധിക്കുമായിരുന്നുവെന്നും ഭാഗ്യം സൈനക്കൊപ്പമാണെന്നും പിതാവ് കൂട്ടിച്ചേ൪ത്തു.
ഹരിയാന സ൪ക്കാ൪ വക ഒരു കോടി
ചണ്ഡിഗഢ്: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന നെഹ്വാളിന് പാരിതോഷികമായി ഒരു കോടി രൂപ നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി ഭുപീന്ദ൪ സിങ് ഹൂഡ അറിയിച്ചു.
ചരിത്രനേട്ടത്തിലൂടെ അവ൪ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനം ഉയ൪ത്തിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.