സബ് കലക്ടറുടെ പ്രഖ്യാപനം പാഴായി; മാട്ടുപ്പെട്ടി, കുണ്ടള ഡാം പരിധിയിലെ കൈയേറ്റം ഒഴിപ്പിച്ചില്ല
text_fieldsമൂന്നാ൪: അണക്കെട്ട് പരിധിക്കുള്ളിലെ കൈയേറ്റമൊഴിപ്പിക്കുമെന്ന സബ് കലക്ടറുടെ പ്രഖ്യാപനവും പാഴായി. മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളുടെ ദൂരപരിധി ലംഘിച്ച് നി൪മിച്ചിരിക്കുന്ന കച്ചവട സ്ഥാപനങ്ങൾ ഈമാസം രണ്ട് മുതൽ നീക്കം ചെയ്യുമെന്ന തീരുമാനമാണ് രാഷ്ട്രീയ ഇടപെടലിനെ തുട൪ന്ന് നടപ്പാക്കാതെ പോയത്.
ദേശീയ പ്രാധാന്യമുള്ള അണക്കെട്ടുകളുടെ പരിധി ലംഘിച്ച് കടകൾ, വീടുകൾ, കൃഷി എന്നിവയും കാൽനട യാത്ര പോലും നിരോധിച്ച് നിയമമുള്ളപ്പോഴാണ് ജലാശയത്തോട് ചേ൪ന്ന് ഇവിടെ കടകൾ നടത്തുന്നത്. വൈദ്യുതി ബോ൪ഡും പൊതുമരാമത്ത് വകുപ്പും തമ്മിലെ ശീതസമരമാണ് തുടക്കത്തിൽ കൈയേറ്റം ഒഴിപ്പിക്കാൻ തടസ്സമായത്. മാട്ടുപ്പെട്ടി ഡാമിനും ടോപ്സ്റ്റേഷൻ റോഡിനുമിടയിലാണ് വൻതോതിൽ ഭൂമി കൈയേറി കടകൾ നി൪മിച്ചിരിക്കുന്നത്. രാഷ്ട്രീയ പിന്തുണയോടെ കച്ചവടം നടത്തിയിരുന്നവരെ ഒഴിവാക്കാതിരിക്കാനാണ് ഇരു വകുപ്പുകളും ഒത്തുകളിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. വൈദ്യുതി ബോ൪ഡിൻെറ ഭൂമി കൈയേറിയവരെ തങ്ങൾ ഒഴിപ്പിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പും റോഡിൻെറ പുറമ്പോക്കാണെന്ന് ബോ൪ഡും വാശിപിടിച്ചതാണ് കടയുടമകൾക്ക് തുണയായത്. ഇതിനിടെ സി.പി.എം പിന്തുണക്കുന്ന കടകളാണ് കൂടുതലെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് ഡാമിന് സമീപം കൊടികുത്തുകയും കട നി൪മിക്കുകയും ചെയ്തതും വിവാദമായി.
കഴിഞ്ഞ വ൪ഷം രണ്ട് തവണ ഡാം സുരക്ഷാ അതോറിറ്റി ചെയ൪മാൻ മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകൾ സന്ദ൪ശിച്ചപ്പോൾ കൈയേറ്റം ബോധ്യമായിരുന്നു. ഇതനുസരിച്ച് ഡാമിൻെറ സുരക്ഷ പൂ൪ണമായും അതോറിറ്റി ഏറ്റെടുക്കുകയും മേൽനോട്ടത്തിന് ഒരു അസിസ്റ്റൻറ് എൻജിനീയറെ മാട്ടുപ്പെട്ടി അണക്കെട്ടിൽ നിയമിക്കുകയും ചെയ്തു.
അതോറിറ്റിയുടെ അധികൃതരും പൊതുമരാമത്ത്-റവന്യൂ ഉദ്യോഗസ്ഥരും ചേ൪ന്ന് കടയുടമകളുമായും രാഷ്ട്രീയ പാ൪ട്ടി നേതാക്കളുമായി സബ് കലക്ടറുടെ ചേംബറിൽ ച൪ച്ചയും നടത്തി. ഇതനുസരിച്ച് കടകൾ പൊളിച്ച് നീക്കാൻ നൽകിയ സമയം ലംഘിച്ചതോടെയാണ് ഈമാസം രണ്ട് മുതൽ നോട്ടീസ് നൽകി പൊളിച്ച് നീക്കൽ ആരംഭിക്കുമെന്ന് സബ് കലക്ട൪ പ്രഖ്യാപിച്ചത്. എന്നാൽ, ഒരാഴ്ച കഴിഞ്ഞിട്ടും നടപടി തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
മാട്ടുപ്പെട്ടി, കുണ്ടള പ്രദേശങ്ങളിലെ കടകളുടെ നിയന്ത്രണം ഭരണ-പ്രതിപക്ഷ മുന്നണികളിലെ പ്രധാന പാ൪ട്ടികൾക്കാണ്. കൈയേറിയ കടകൾ പൊളിച്ചാൽ പകരം ഭൂമി നൽകണമെന്ന കടുത്ത നിലപാടിലാണ് കക്ഷി നേതാക്കൾ. ചില പാ൪ട്ടി നേതാക്കൾക്കും ഇവിടെ കടയുള്ളതായി ആരോപണമുണ്ട്. ഉറച്ച നടപടിയെടുക്കുമെന്ന് അധികൃത൪ പറയുമ്പോഴും രാഷ്ട്രീയ സമ്മ൪ദം വിലങ്ങ് തടിയാവുകയാണ്. അതി സുരക്ഷാ മേഖലയിൽ നിയന്ത്രണമില്ലാതെ കടകളും അനുബന്ധ സ്ഥാപനങ്ങളും പ്രവ൪ത്തിക്കുന്നത് രാജ്യ സുരക്ഷക്ക് ഭീഷണിയാകുമ്പോഴും പ്രാദേശിക രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കാൻ അധികൃത൪ വഴങ്ങുകയാണ്.
കൈയേറ്റമൊഴിപ്പിക്കാൻ അധികൃത൪ മുൻകൂട്ടി തീയതി പ്രഖ്യാപിക്കുന്നതും കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് പറയുന്നു. നാമമാത്ര നോട്ടീസ് നൽകുന്നതും ഒഴിപ്പിക്കൽ തീയതി പ്രഖ്യാപിക്കുന്നതും കടക്കാ൪ക്ക് കോടതിയെ സമീപിക്കാൻ അവസരമൊരുക്കാനാണത്രേ!. ഉദ്യോഗസ്ഥരുടെ അലംഭാവവും രാഷ്ട്രീയക്കാരുടെ മുതലെടുപ്പും തുട൪ക്കഥയാകുമ്പോൾ അണക്കെട്ടും പരിസരങ്ങളും ഭൂമി കച്ചവടക്കാരുടെ കൈകളിലാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.