Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേസുകള്‍, കുരുക്കുകള്‍

കേസുകള്‍, കുരുക്കുകള്‍

text_fields
bookmark_border
കേസുകള്‍, കുരുക്കുകള്‍
cancel

കോഴിക്കോട് കെ.എസ്.ആ൪. ടി.സി ബസ്സ്റ്റാൻഡിൽവെച്ച് കോയമ്പത്തൂ൪ സ്ഫോടന കേസിലെ പ്രതി ഊമ ബാബുവിനെ പിടികൂടുന്നതോടെയാണ് ബംഗളൂരു കോടതിയിൽ വാറൻറ് വന്നുകിടക്കുന്ന കോഴിക്കോട് കേസിൻെറ തുടക്കം. 1998ലാണ് സംഭവം നടക്കുന്നത്. ഊമ ബാബുവിനെ ചോദ്യംചെയ്ത പൊലീസിന് കോഴിക്കോട് നല്ലളം സ്വദേശി അശ്റഫ്, തിരൂ൪ സ്വദേശി സുബൈ൪ എന്നിവരാണ് സംരക്ഷണം നൽകിയതെന്ന വിവരം ലഭിക്കുന്നു. ’98 മാ൪ച്ചിൽ കോഴിക്കോട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നു. ഊമ ബാബുവിന് തോക്ക് സംഘടിപ്പിച്ചുനൽകിയതിന് അയ്യപ്പൻ എന്നൊരാളും പിടിയിലാവുന്നു. അശ്റഫിൽനിന്ന് കണ്ടെടുത്ത പാസ്പോ൪ട്ടിൽ ബാങ്കോക്കിൽ പോയതായി കണ്ടെത്തി. തുട൪ന്ന് നടത്തിയ ചോദ്യംചെയ്യലിൽ പാകിസ്താനിൽ ഐ.എസ്.ഐ പരിശീലനത്തിന് പോകാനാണ് ബാങ്കോക് സന്ദ൪ശിച്ചതെന്നും മഅ്ദനിയാണ് തന്നെ പറഞ്ഞയച്ചതെന്നും അശ്റഫ് ‘മൊഴി’ നൽകുന്നു. അതോടെ സംഭവം ക്ളീൻ! മഅ്ദനിയെ പ്രതിചേ൪ത്ത് കേസ് രജിസ്റ്റ൪ ചെയ്യാൻ പിന്നെ താമസമുണ്ടായില്ല. രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധംചെയ്യാൻ പരിശീലനത്തിനയച്ചു, ആയുധനിയമം തുടങ്ങിയ വകുപ്പുകൾ പിറകെവന്നു. അശ്റഫ്, സുബൈ൪, അയ്യപ്പൻ, മഅ്ദനി, ഹാരിസ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെല്ലാം കോയമ്പത്തൂ൪ കേസിലും പ്രതികളായിരുന്നു. സമാനസ്വഭാവമുള്ള കേസുകളായിരുന്നിട്ടും എല്ലാവരും നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചു. കോഴിക്കോട് പൊലീസ് കേസ് രജിസ്റ്റ൪ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് കഴിയാത്തതിനെ തുട൪ന്ന് മഅ്ദനിയുൾപ്പെടെയുള്ളവ൪ക്ക് ജാമ്യം ലഭിച്ചു. എന്നാൽ, 12 വ൪ഷത്തിനുശേഷവും കേസ് തീ൪ന്നിട്ടില്ല. കോയമ്പത്തൂ൪ ജയിലിലായിരുന്നതിനാൽ കേസ് പരിഗണിച്ചപ്പോഴൊന്നും കോടതിയിൽ ഹാജരാവാൻ കഴിഞ്ഞില്ല. പലപ്പോഴും വാറൻറുള്ള വിവരംപോലും മഅ്ദനി അറിയാതെ പോയി. സ്വാഭാവികമായും പ്രതിയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കോടതി പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തു.
ഐ.എസ്.എസ് നിരോധിച്ചശേഷം ’93 ജനുവരിയിലാണ് മഅ്ദനി ആദ്യ തടവ് അനുഭവിക്കുന്നത്. മൂന്നു മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കിടന്നു. ജയിൽമോചിതനായശേഷമാണ് പി.ഡി.പി രൂപവത്കരിക്കുന്നത്. ’92ൽ മുതലക്കുളം മൈതാനിയിൽ നടത്തിയ പ്രസംഗത്തിൻെറ പേരിൽ കോഴിക്കോട് പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിൽ 1996ൽ വാറൻറ് പുറപ്പെടുവിക്കുന്നതോടെയാണ് മഅ്ദനിയുടെ മേൽ യഥാ൪ഥ കുരുക്ക് മുറുകുന്നത്. രണ്ടു വ൪ഷം കഴിഞ്ഞ് ’98ലാണ് അദ്ദേഹത്തെ കണ്ണൂ൪ ജയിലിൽ റിമാൻറ് ചെയ്യുന്നത്. ഇതു മൂന്നുമാസം നീണ്ടു. അപ്പോഴേക്കും കോയമ്പത്തൂ൪ കേസിലെ തിരക്കഥ തയാറായിരുന്നു. കേസിൽ പ്രതിചേ൪ക്കപ്പെട്ട മഅ്ദനിയെ കോയമ്പത്തൂ൪ പൊലീസ് കൊണ്ടുപോവുകയും ചെയ്തു.
ഐ.എസ്.എസ് നിരോധിച്ചതിനുശേഷം 1992 ഡിസംബ൪ 13ന് അൻവാ൪ശേരിയിൽ മഅ്ദനിയും മറ്റു 17 പേരും യോഗം ചേ൪ന്നെന്നാരോപിച്ച് കൊല്ലം ശാസ്താംകോട്ട പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിലാണ് ബംഗളൂരു ജയിലിലെത്തിയിരിക്കുന്ന രണ്ടാമത്തെ വാറൻറ്. ആയുധനിയമം, സ്ഫോടക വസ്തു നിയമം, അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തിരുന്നത്. മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റ൪, അൻവാ൪ശേരിയിലെ വിദ്യാ൪ഥികൾ എന്നിവരും കേസിൽ പ്രതികളാണ്. റിവോൾവ൪, മൂന്നു തിരകൾ, വെടിമരുന്ന് എന്നിവ അൻവാ൪ശേരിയിൽനിന്ന് കണ്ടെടുത്തതായും പൊലീസ് രേഖയിലുണ്ട്. കൊല്ലം സെഷൻസ് കോടതിയായിരുന്നു കേസ് തുടക്കത്തിൽ പരിഗണിച്ചിരുന്നത്. പിന്നീടാണ് എറണാകുളം സെഷൻസ് കോടതിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും വ൪ഷങ്ങൾ പിന്നിട്ടിരുന്നു. കേസിൽ മഅ്ദനി ജാമ്യമെടുത്തെങ്കിലും വിചാരണവേളയിൽ കോയമ്പത്തൂരിലായിരുന്നതിനാൽ ഹാജരാവാൻ കഴിയാതെ പോയി. ഈ കേസിലാണ് നീണ്ട 20 വ൪ഷത്തിനുശേഷം പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചിരിക്കുന്നത്.
മഅ്ദനിയെ കോയമ്പത്തൂ൪ ജയിലിൽ സൂഫിയ സന്ദ൪ശിച്ചപ്പോൾ അധികൃത൪ അപമര്യാദയായി പെരുമാറിയതിന് പകരംചോദിക്കാൻ കോയമ്പത്തൂ൪ പ്രസ്ക്ളബിന് സമീപത്തെ ബൂത്തിൽ ടൈമറോടുകൂടിയ സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് കൊണ്ടുവെച്ചുവെന്നതാണ് മൂന്നാമത്തേതും ഏറ്റവും അപകടകരവുമായ കേസ്. 2002ലാണ് സംഭവം നടക്കുന്നത്. കാക്കനാട് സ്വദേശി ശബീ൪, തിക്കോടി നൗഷാദ് എന്നിവരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പിടികൂടുന്നത്. ദേശസുരക്ഷാ നിയമം അനുസരിച്ച് ഇവരെ ഒരു വ൪ഷം തടവിലിട്ടു. എന്നാൽ, കുറ്റപത്രം സമ൪പ്പിക്കാത്തതിനെ തുട൪ന്ന് ഇവ൪ക്ക് ജാമ്യം ലഭിച്ചു. കേസിലെ നാലാം പ്രതിയായ കണ്ണൂ൪ സ്വദേശി ഗൾഫിൽനിന്ന് നാട്ടിലേക്ക് വരുന്നതിനിടെ പിടിയിലായതോടെയാണ് നസീ൪ ഈ കേസിൽ വരുന്നത്. പിന്നീട് നസീ൪ മൂന്നാം പ്രതിയാവുന്നതാണ് കണ്ടത്. നസീ൪ വന്നതോടെ മഅ്ദനിയിലേക്കുള്ള വഴി തെളിഞ്ഞു. അദ്ദേഹം അഞ്ചാം പ്രതിയായി. മഅ്ദനി ആവശ്യപ്പെട്ടപ്രകാരമാണ് സ്ഫോടക വസ്തുക്കൾ വെച്ചതെന്നായി കേസ്. ഇവരെ കൂടാതെ സാബി൪ എന്ന പ്രതികൂടിയുണ്ട്. ഇയാൾ ഒളിവിലാണ്. കോയമ്പത്തൂ൪ ജയിലിൽ കിടന്ന് പ്രതികളുമായി പ്രസ്ക്ളബിൽ സ്ഫോടകവസ്തു വെക്കാൻ മഅ്ദനി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലാണ് അന്വേഷണ ഉദ്യോഗസ്ഥ൪ 10 വ൪ഷത്തിനുശേഷം ഇപ്പോൾ നടത്തിയിരിക്കുന്നത്. അതും ബംഗളൂരു സ്ഫോടന കേസിൽ ജയിലിലായതിനുശേഷം. നസീറിൻെറ മൊഴിയാണ് ഈ കേസിലും മഅ്ദനിക്കെതിരെയുള്ളത്.
മുഴുസമയ സെക്യൂരിറ്റിയുള്ള കോയമ്പത്തൂ൪ സെല്ലിലിരുന്നാണ് മഅ്ദനി ഫോണിൽ ഗൂഢാലോചന നടത്തുന്നത്! ഇതൊക്കെയും വിശ്വസിച്ചേ മതിയാകൂ. കാരണം, സംഗതി രാജ്യദ്രോഹ കുറ്റമാണ്. അന്വേഷണം ഇപ്പോഴും മുറക്കു നടക്കുകയാണ്. ഇതാണ് മൂന്നാമത്തെ വാറൻറായി കിടക്കുന്ന കേസ്. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന ചെറു കേസുകൾ വേറെയുമുണ്ട്. പി.ഡി.പി രൂപവത്കരിച്ചശേഷവും അതിനു മുമ്പും നടത്തിയ പ്രസംഗങ്ങളുടെ പേരിലാണ് ഈ കേസുകളത്രയും. 23 കേസുകളാണ് ആകെയുണ്ടായിരുന്നത്. അവയിൽ പലതും വിവിധ പൊലീസ് സ്റ്റേഷനുകളിൽ വാറൻറായി കിടന്നു. കൊല്ലം ജില്ലയിൽ മാത്രം 13 കേസുകളുണ്ടായിരുന്നു. കരുനാഗപ്പള്ളി കോടതിയിലായിരുന്നു ഇതിൽ ഏഴെണ്ണം. ഇവയെല്ലാം പ്രാഥമിക വാദം കേട്ടതിനുശേഷം കോടതി തള്ളി. മഅ്ദനി ഹൈകോടതിയിൽ അപേക്ഷ നൽകിയതിനെ തുട൪ന്ന് ബാക്കി കേസുകളെല്ലാം എറണാകുളത്തേക്ക് മാറ്റി. ആറു കേസുകൾ വാദംകേട്ടശേഷം കോടതി തള്ളി. 10 കേസുകൾ ബാക്കിയുണ്ട്.
ബംഗളൂരു കേസിൻെറ വിചാരണ നടക്കുന്ന സന്ദ൪ഭത്തിലാണ് വ൪ഷങ്ങൾക്കു മുമ്പുള്ള കേസുകളിൽ മഅ്ദനി പ്രതിയാകുന്നതും വാറൻറ് വരുന്നതുമെന്നത് ശ്രദ്ധേയമാണ്. വിവിധ കോടതികൾ ഹാജരാക്കാനാവശ്യപ്പെട്ട ഒരു പ്രതിയോട് വിചാരണ കോടതിക്കുള്ള സമീപനം ഊഹിക്കാവുന്നതേയുള്ളൂ. ജാമ്യത്തിനാണെങ്കിൽ താങ്കൾ വാദിക്കേണ്ടെന്ന് മുതി൪ന്ന അഭിഭാഷകനായ സുശീൽ കുമാറിനോടുപോലും പറയുന്ന ജഡ്ജിമാരുള്ള നാടാണിത്. ഒരു കാര്യം തീ൪ച്ച, ബംഗളൂരുവിൽ നിന്നിറങ്ങിയാലും ഈ മനുഷ്യനെ വീണ്ടും കോയമ്പത്തൂ൪ ജയിൽകവാടം കാത്തിരിപ്പുണ്ട്. അതിനു പിറകെ ഗുജറാത്തും വന്നേക്കാം. വേറെയും കേസുകൾ കാത്തിരിപ്പുണ്ടാവാം. നമുക്ക് കാതോ൪ത്തിരിക്കാം, കൂടുതൽ ഞെട്ടിപ്പിക്കുന്ന കേസുകൾക്കായി.
(അവസാനിച്ചു).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story