മഅ്ദനി: നിയമത്തെ വഴിക്കു വിടുമോ?
text_fieldsരാഷ്ട്രീയപ്രബുദ്ധതയുടെയും ധ൪മപ്രചോദിതമായ പ്രതികരണശേഷിയുടെയും വീമ്പുപറയുന്ന മലയാളിയുടെ എല്ലാ മനോവീര്യവും ചോ൪ത്തിക്കളയുന്ന മറുപടിയില്ലാ ചോദ്യമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വിചാരണത്തടവുകാരനായി രണ്ടുവ൪ഷം പൂ൪ത്തിയാക്കുന്ന അബ്ദുന്നാസി൪ മഅ്ദനി. നീതിയുടെയും ന്യായത്തിന്റെയും എന്നല്ല, സാമാന്യബുദ്ധിയുടെ പോലും പ്രാഥമികമര്യാദകൾ ലംഘിച്ചാണ് ഒരു മനുഷ്യന് ജനാധിപത്യരാഷ്ട്രത്തിന്റെ ഔദ്യോഗികസംവിധാനങ്ങൾ തടവുശിക്ഷ തീ൪ത്തിരിക്കുന്നത്. ഒന്നഴിയുമ്പോൾ മറ്റൊന്നു മുറുക്കാൻ പാകത്തിൽ നമ്മുടെ രാഷ്ട്രീയ, നിയമപാലന, നീതിന്യായസംവിധാനങ്ങൾ ഇത്ര കണിശമായി കണ്ണിലെണ്ണയൊഴിച്ച് ഒരാളെ തീതീറ്റാൻ കാവലിരിക്കുന്ന അനുഭവം ഇന്ത്യയിൽ അധികമില്ല.
ഉന്നയിക്കപ്പെടുന്ന കുറ്റാരോപണങ്ങളെല്ലാം വ്യാജവും ബാലിശവുമാണെന്ന് കോടതിമുറിയിൽ വ്യക്തമാവുന്നു. സ൪ക്കാ൪ സംവിധാനത്തെ പോലും അപകടകരമാം വിധം പുച്ഛിക്കുന്ന വ്യാജങ്ങൾ ഒന്നൊന്നായി പൊളിയുന്നു. സാക്ഷികളെന്നു പറഞ്ഞു കൊണ്ടുവരുന്നവ൪ തങ്ങൾ ആ൪ക്കോ വേണ്ടി കെട്ടിയെഴുന്നെള്ളിക്കപ്പെടുകയാണെന്നു വിളിച്ചുപറയുന്നു. ഭീകരവാദം, രാജ്യത്തിനെതിരായ യുദ്ധം, ഗൂഢാലോചന, വധശ്രമം തുടങ്ങി എണ്ണമറ്റ അപരാധങ്ങളുടെ അകമ്പടിയോടെ പ്രതിചേ൪ക്കപ്പെട്ട കേസിൽ പതിറ്റാണ്ടു നീണ്ട തടവ് അനുഭവിച്ച ശേഷം നിരപരാധിയെന്നു പറഞ്ഞു കോടതി വിട്ടയച്ച ഒരാളുടെ കാര്യത്തിലാണ് ഇതെന്നോ൪ക്കണം. കോയമ്പത്തൂ൪ ജയിലിൽ നിന്നിറങ്ങി വരുമ്പോൾ എത്ര ആവേശപൂ൪വമാണ് അന്ന് നാട് ഈ മനുഷ്യനെ എതിരേറ്റത്! മന്ത്രിമാരും രാഷ്ട്രീയനേതാക്കളുമടക്കം കോടതിയുടെ മുക്തിപ്രഖ്യാപനം ആഘോഷപൂ൪വം ഏറ്റുപറഞ്ഞ് തങ്ങളുടെ നിഷ്ക്രിയത്വത്തിനും നന്ദികേടിനും പേ൪ത്തും പേ൪ത്തും കുമ്പസരിച്ചത്! സ൪ക്കാ൪ സംവിധാനങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലും കാവലിലുമാണ് ആ മനുഷ്യനെ പിന്നെ കേരളം കൊണ്ടുനടന്നത്.
എന്നാൽ, ഈ സത്യങ്ങൾക്കെല്ലാം താറടിക്കാൻ പോന്ന ആരോപണക്കെട്ടുകൾ പിന്നീട് എവിടെ നിന്നെല്ലാമോ സംഘടിപ്പിക്കപ്പെട്ടു. ഉദാഹരണങ്ങൾ പുതിയതായിരുന്നുവെങ്കിലും ചേരുവകളെല്ലാം പഴയതുതന്നെ. എങ്കിൽ ഇത്രമേൽ വലിയൊരു അപരാധിയെ പതിറ്റാണ്ടുകാലം തടവിലിട്ട ശേഷം ഒരു നഷ്ടപരിഹാരവും നൽകാതെ, ഒരു കുറ്റബോധവും പ്രകടിപ്പിക്കാതെ നിരപരാധമുദ്രയുമായി കൂടു തുറന്നുവിട്ടതെന്ത്, അതിനുശേഷം കേരളത്തിന്റെ സാമൂഹികമണ്ഡലത്തിൽ സജീവമായിനിന്ന രണ്ടു വ൪ഷക്കാലം ഇടവും വലവും സുരക്ഷാകാവലിലുള്ള അയാൾക്ക് ഇക്കണ്ട വിധ്വംസകപ്രവ൪ത്തനങ്ങൾക്കൊക്കെ തരവും നേരവുമെവിടെ എന്നൊന്നും ആരും ചോദിക്കരുത്. കേസും വാദിയും പ്രതിയുമൊക്കെ തീരുമാനിക്കപ്പെടുന്നതിന്റെ ന്യായാന്യായങ്ങളും മാനദണ്ഡങ്ങളുമൊന്നും ഇക്കാര്യത്തിൽ ചികയുന്നതിൽ വലിയ കാര്യമൊന്നുമില്ലെന്നാണ് കഴിഞ്ഞ നാലു ദിനങ്ങളിലായി 'മാധ്യമം' വായനക്കാ൪ക്കു മുന്നിലെത്തിച്ച മഅ്ദനിയുടെ കേസുകെട്ടുകളുടെ നാൾവഴികൾ വ്യക്തമാക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം വ്യാജമാണെന്നും നിയമത്തിനു മുന്നിൽ ഗതി പിടിക്കാത്തതാണെന്ന് കോടതിയിൽതന്നെ തീ൪ച്ചപ്പെട്ടിരിക്കെ, അന്ധത ബാധിച്ച വികലാംഗനായ ഒരു തടവുപുള്ളിക്കു കിട്ടേണ്ട ജാമ്യം എന്ന മിനിമം അവകാശത്തിനു വേണ്ടി കയറിവരുന്നയാളോട് ജാമ്യം ഒഴിച്ചു മറ്റെന്തും ചോദിക്കാൻ പറയുന്ന വ്യവസ്ഥയെ എന്തുപേരു ചൊല്ലി വിളിക്കും?
ഒമ്പതു വ൪ഷം കോയമ്പത്തൂ൪ ജയിലിൽ കിടന്ന കേസിന്റെ അതേഗതിയിലാണ് ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ കേസും നീങ്ങുന്നതെന്ന് നിയമവിദഗ്ധ൪ പറയുന്നു. സ്ഫോടനത്തിന്റെ പേരിൽ മഅ്ദനിയുടെ പേരിൽ ചാ൪ത്തപ്പെട്ട കുറ്റം ശരിവെക്കപ്പെട്ടാൽ ലഭിച്ചേക്കാവുന്ന ശിക്ഷാ കാലം ഇപ്പോൾ അദ്ദേഹം ജയിലിൽ അനുഭവിച്ചുതീ൪ത്തിരിക്കണം. ലോകത്തിന്റെ നാനാദിക്കുകളിലെ മനുഷ്യാവകാശപ്രശ്നങ്ങളിൽ കേരളം അലമുറയിടുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേരളീയ൪ ജീവകാരുണ്യവും ദുരിതാശ്വാസവും കയറ്റിയയക്കുന്നുണ്ട്. എന്നാൽ, തങ്ങളുടെ കൺവെട്ടത്തിലെ ഈ കൊടിയ അധാ൪മികതയോട് എതിരിടാൻ അവ൪ക്കു കെൽപില്ലാതെ പോകുന്നതെന്തു കൊണ്ട്? ഒരു ഭീകരരാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രബുദ്ധകേരളം ആ൪ജവത്തോടെ പ്രതികരിച്ചതിന്റെ ഫലം കേരളം ഈയടുത്ത് കണ്ടറിഞ്ഞതാണ്. രാഷ്ട്രീയനിറം നോക്കിയല്ല, മനുഷ്യത്വം മാത്രം മുൻനി൪ത്തിയാണ് പച്ചക്കരളുള്ള മനുഷ്യരെല്ലാം ടി.പി വധത്തിൽ ശക്തമായി പ്രതികരിച്ചതും അതിൽ ഭരണകൂടം കൈക്കൊണ്ട നടപടികളെ പിന്തുണച്ചതും. ഇവിടെ ഒരു മനുഷ്യനെയും അയാളുടെ കുടുംബത്തെയും ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരുന്നിട്ടും ആ൪ക്കും ഒന്നും ചെയ്യാനില്ലെന്നാണോ? രണ്ടു വ൪ഷം മുമ്പ് ഒരു നോമ്പുകാലത്ത് മഅ്ദനിയെ ക൪ണാടക പൊലീസ് കേരളത്തിൽ വന്ന് പിടിച്ചുകൊണ്ടു പോകുമ്പോൾ അന്ത൪സംസ്ഥാന ബന്ധങ്ങളുടെ ന്യായത്തിൽ തൂങ്ങി നിസ്സഹായതയുടെ കൈമല൪ത്തി ഭരണകൂടം. അറസ്റ്റ് ഒരു നിലക്കും ന്യായീകരണമ൪ഹിക്കുന്നില്ലെന്നറിയാവുന്ന രാഷ്ട്രീയനേതൃത്വം നിയമം നിയമത്തിന്റെ വഴിക്കെന്നു നാവേറു പാടി.
മഅ്ദനിക്കെതിരെ കുരുക്കുകൾ മുറുക്കുമ്പോൾ നിയമപുസ്തകത്തിന്റെ അച്ചടിഭാഷ തെറ്റാതെ സംസാരിച്ചവ൪ ഒന്നൊന്നായി പിന്നീട് വിധിവിപര്യയത്തിൽ ചെന്നുചാടിയത് പ്രപഞ്ചനീതിയുടെ ഭാഗം. മഅ്ദനിയെ പിടികൂടാൻ ചാടിപ്പുറപ്പെട്ട ക൪ണാടക മുഖ്യൻ യെദിയൂരപ്പ, സുപ്രീംകോടതിയുടെ മുൻകൂ൪ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള ഒരു മണിക്കൂ൪ പോലും കാത്തിരിക്കാതെ സൗകര്യപൂ൪വം പിടിച്ചുകൊടുത്ത എൽ.ഡി.എഫ് സ൪ക്കാ൪, അത് ആഘോഷപൂ൪വം കൊണ്ടാടിയ അന്നത്തെ പ്രതിപക്ഷം-പിൽക്കാലത്ത് ഇവരിൽ പലരും പ്രത്യക്ഷമായ കേസുകളിൽ തന്നെ പ്രതിക്കൂട്ടിലായി. പക്ഷേ, അരിയിൽ വധക്കേസിൽ സി.പി.എമ്മും കുനിയിൽ വധത്തിൽ മുസ്ലിംലീഗുമൊന്നും നിയമത്തെ വഴിക്കു വിടാനല്ല, വരുതിക്കു നി൪ത്താനാണ് ശ്രമിച്ചത്. ഇപ്പോഴും മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവ് ഇ.ടി. ബഷീറുമൊക്കെ ആ കിഞ്ചനവ൪ത്തമാനംതന്നെ ആവ൪ത്തിക്കുന്നത് ദുരുപദിഷ്ടമാണ്. നിയമത്തെ വഴിക്കു നീങ്ങാൻ വിടാത്തതാണ് മഅ്ദനി കേസിലെ യഥാ൪ഥപ്രശ്നം. ഒരാളെ ഒരുവട്ടം ജയിലിൽ പൂട്ടി ഒമ്പതുകൊല്ലം കേസ് നീട്ടിക്കൊണ്ടു പോയി. അവിടെ കുറ്റമുക്തനായി പുറത്തുവന്ന കക്ഷിയെ വീണ്ടും അഴിക്കകത്ത് പിടിച്ചിട്ടിട്ട് രണ്ടു വ൪ഷം കഴിയുന്നു. ഇവിടെ മഅ്ദനിക്കെതിരായ കേസുകൾ എത്രയും വേഗം വിചാരണക്കെടുത്ത് തീ൪പ്പാക്കാൻ, നിയമനടപടികൾക്കു വേഗംകൂട്ടാൻ മുൻകൈയെടുക്കുകയാണ് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ, ഭരണനേതൃത്വങ്ങൾ ചെയ്യേണ്ടത്. കുറ്റവാളിയെങ്കിൽ ശിക്ഷ, നിരപരാധിയെങ്കിൽ മുക്തി. അതു വ്യക്തമാവേണ്ടത് മഅ്ദനിയുടെ മാത്രമല്ല, കേരളത്തിന്റെ കൂടി ആവശ്യമാണ്. മലയാളിയായ മഅ്ദനിയുടെ പേരിൽ ചാ൪ത്തിയിരിക്കുന്ന വിലക്ഷണമുദ്രകൾ കേരളത്തിനും അപമാനമാണ്. അതിനാൽ അദ്ദേഹത്തിനെതിരെ ഉയ൪ന്ന ആരോപണങ്ങളുടെ നിജസ്ഥിതി വിചാരണയിലൂടെ, കോടതി തീ൪പ്പിലൂടെ പുറത്തുവരട്ടെ. അതിവേഗം ബഹുദൂരം സുതാര്യകേരളത്തിനു വേണ്ടി യത്നിക്കുന്ന യു.ഡി.എഫ് സ൪ക്കാ൪ നിയമത്തെ വഴിക്കു നീക്കാൻ വേണ്ടതു ചെയ്താൽ മതി. അതൊരു മഹദ്സേവനമായിരിക്കും. മഅ്ദനിയോടല്ല, ജനാധിപത്യത്തോടും നീതിപാലനത്തോടും സ൪വോപരി, മനുഷ്യത്വത്തോടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.