ചേരിതിരിവില്‍ നിന്ന് അകന്നു നില്‍ക്കുക - അബ്ദുല്ല രാജാവ്
text_fieldsമക്ക: പ്രാദേശികവും ചിന്താപരവുമായ ചേരിതിരിവിൽ നിന്ന് അകന്ന് നിൽക്കണമെന്ന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ്. മക്ക സഫ കൊട്ടാരത്തിൽ കിങ് അബ്ദുൽ അസീസ് നാഷണൽ ഡയലോഗ് സെൻറ൪ സാരഥികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനൈക്യവും അകൽച്ചയുമുണ്ടാക്കുന്ന വാക്കുകൾ ഉപയോഗിക്കരുതെന്നും സവിഷ്ണുതയുടെ മതമായ ഇസ്ലാമിൻെറ അധ്യാപനങ്ങളും നി൪ദേശങ്ങളും ഉൾക്കൊണ്ട് വള൪ന്ന സമൂഹത്തിന് അത് നിരക്കുന്നതല്ലെന്നും അബ്ദുല്ല രാജാവ് പറഞ്ഞു. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും വിവിധ സമൂഹങ്ങൾക്കിടയിലും വീക്ഷണങ്ങൾക്കിടയിലും യോജിപ്പും അടുപ്പവും സാധ്യമാക്കുന്നതിലും സംവാദത്തിന് ഏറെ പ്രസക്തിയുണ്ട്. മതമൂല്യങ്ങൾ കാത്തുസൂക്ഷിക്കുകയും നേതൃത്വത്തിന് ചുറ്റും നിലകൊള്ളുകയും ദേശീയ ഐക്യത്തിന് അതീവ താൽപര്യം കാണിക്കുകയും ചെയ്യുന്നുവെന്നതാണ് സൗദി സമൂഹത്തിൻെറ വ്യതിരിക്തത. കഴിഞ്ഞ കാലത്ത് രാജ്യം കടന്നുപോയ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഈ വസ്തുത അംഗീകരിക്കപ്പെട്ടതാണെന്ന് അബ്ദുല്ല രാജാവ് പറഞ്ഞു. നാടിനും നാട്ടുകാ൪ക്കും നന്മകളുണ്ടാക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് ഡയലോഗ് സെൻററിൻെറ പ്രവ൪ത്തനം കൂടുതൽ ഊ൪ജിതമാക്കണമെന്ന് അബ്ദുല്ല രാജാവ് നി൪ദേശിച്ചു. ഡയലോഗ് സെൻറ൪ സാരഥികളായ ഡോ. അബ്ദുല്ല ഉമ൪ നസീഫ്, ശൈഖ് റാശിദ് റാജിഹ് ശരീഫ്, ഡോ. അബ്ദുല്ല ബിൻ സ്വാലിഹ് ഉബൈദ്, ഫൈസൽ ബിൻ അബ്ദുറഹ്മാൻ ബിൻ മുഅമ്മ൪ എന്നിവരും ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ സുദൈസ്, മസ്ജിദുൽ ഹറാം കാര്യ ഉപമേധാവി ഡോ. മുഹമ്മദ് ബിൻ നാസി൪ ഖുസൈം, ഹറം ഇമാമുമാ൪, വാ൪ത്താ സാംസ്കാരികമന്ത്രി ഡോ. അബ്ദുൽ അസീസ് ബിൻ മുഹ്യിദ്ദീൻ ഖോജ, ഹജ്ജ് മന്ത്രി ഡോ. ബന്ദ൪ ഹിജാ൪, ഹജ്ജ് മന്ത്രാലയം, ഹജ്ജ് സേവന സ്ഥാപന മേധാവികൾ തുടങ്ങിയവ൪ സഫാകൊട്ടാരത്തിൽ അബ്ദുല്ല രാജാവിനെ സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.