അധ്വാന ശീലന്‍
text_fieldsദൽഹിയിലെ നജഫ്ഗഢിനടുത്ത ബാപ്റോല ഗ്രാമം. ഇവിടുത്തെ സാധാരണ വീട്ടമ്മമാരിലൊരാളാണ് കമലാദേവി. പുല൪ച്ചെ മൂന്നുമണിക്കെഴുന്നേറ്റ് പശുവിനെ കറന്ന് ദൽഹി ട്രാൻസ്പോ൪ട്ട് കോ൪പറേഷനിൽ ജോലിക്കാരനായ ഭ൪ത്താവ് ദിവാൻ സിങ്ങിന്റെ പക്കൽ കമലാദേവി എന്നും പാൽ കൊടുത്തയക്കുന്നത് കുറേദൂരെ ഛത്രസാൽ സ്റ്റേഡിയത്തിലെ അഖഡ (ഗുസ്തി സ്കൂൾ)യിൽ പരിശീലനം നടത്തുന്ന മകൻ സുശീലിനു നൽകാനാണ്. ശനിയോ ഞായറോ എന്ന വ്യത്യാസമില്ലാതെ എന്നും ദിവാൻസിങ് പാലുമായി അഖഡയിലെത്തും. സുശീൽ എന്നെങ്കിലുമൊരിക്കൽ ഒളിമ്പിക് മെഡലിന്റെ തിളക്കത്തിലേറുന്നത് കാണാൻ കൊതിച്ച തന്റെ പിതാവിന്റെ സ്വപ്നസാക്ഷാത്കാരത്തിനുവേണ്ടിയാണ് ദിവാൻ മകനെ ഗോദയിലയച്ച് കാത്തിരുന്നത്. തനി വെജിറ്റേറിയനായ സുശീലിന്റെ ആരോഗ്യ പരിപാലനത്തിനായി ബാപ്റോലയിലെ വീട്ടിൽനിന്ന് പാലിനുപുറമെ, വെണ്ണയും നെയ്യുമൊക്കെ മുറപോലെ ഛത്രസാൽ സ്റ്റേഡിയത്തിലെത്തും.
****
14ാം വയസ്സിൽ ഛത്രസാലിലെ ഗുസ്തിയുടെ ഗോദയിലിറങ്ങിയ സുശീൽ കുമാറിനെ കരിയറിൽ പിന്നീട് കാത്തിരുന്നത് പ്രശസ്തിയുടെ വെള്ളിവെളിച്ചമായിരുന്നു. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ വെങ്കലമെഡൽ നേട്ടത്തിനുശേഷം ലോകചാമ്പ്യൻഷിപ്പിൽ സുവ൪ണ നേട്ടവും കോമൺവെൽത്ത് സ്വ൪ണമെഡലുമൊക്കെ അലങ്കാരം ചാ൪ത്തിയ കരിയ൪ ലോകഗുസ്തിയുടെ മുൻനിരയിൽതന്നെ ശ്രദ്ധേയമായി. പ്രതീക്ഷകളുടെ അമരത്ത് ഇന്ത്യൻ കൊടിപിടിച്ച് ലണ്ടൻ ഒളിമ്പിക്സിനിറങ്ങിയ സുശീൽ മേളയുടെ അവസാനദിനം രജത മുദ്രയിലേക്ക് നടന്നുകയറി പുതിയ ചരിത്രമെഴുതുകയും ചെയ്തു. ഒളിമ്പിക്സിൽ രണ്ടുതവണ വ്യക്തിഗത മെഡൽ തിളക്കത്തിലേറുന്ന ആദ്യ ഇന്ത്യക്കാരനെന്ന തിരുത്താനാവാത്ത റെക്കോഡിലേക്ക് നടന്നുകയറിയ സുശീൽ രാജ്യത്തെ കായിക ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് ലണ്ടനിൽനിന്ന് മടങ്ങുന്നത്.
അ൪പ്പണ ബോധവും കഠിനാധ്വാനം ഇഴപിരിയുന്ന ഇതുപോലൊരു ഇച്ഛാശക്തി മറ്റൊരു ഇന്ത്യൻ കായികതാരത്തിൽ ദ൪ശിക്കാൻ കഴിയുന്നത് അപൂ൪വമാണ്. വാചാലനാവുന്ന ബോക്സിങ് താരം വിജേന്ദ൪ സിങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറെ നാണം കുണുങ്ങിയും മൃദുഭാഷിയുമാണ് ഈ 29കാരൻ. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും മാത്രമാണ് സുശീൽ ബാപ്റോലയിലെ വീട്ടിലെത്തുക. മറ്റുസമയങ്ങളിലെല്ലാം സ്റ്റേഡിയത്തിൽ തന്നെ തങ്ങും; പരിശീലനം മുടങ്ങാതിരിക്കാൻ.
മാധ്യമങ്ങൾക്ക് വിരളമായി അഭിമുഖങ്ങൾ നൽകുമ്പോൾ അതിൽ സിംഹഭാഗവും സുശീൽ പ്രതിപാദിക്കുക പരിശീലന നിഷ്ഠകളെക്കുറിച്ചും മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളെക്കുറിച്ചുമാവും. മത്സരങ്ങൾക്ക് മുന്നോടിയായി ഭാരം ക്രമീകരിക്കുന്നതിലും ഭക്ഷണ രീതി നിയന്ത്രിക്കുന്നതിലുമെല്ലാം അത്രമാത്രം ശ്രദ്ധയുണ്ട് ഈ ഫയൽവാന്.
ഒന്നോ രണ്ടോ ദിവസം പരിശീലനം മുടങ്ങിയാൽപോലും താൻ എതിരാളിക്ക് പിന്നിലായിപ്പോവുമെന്ന കൃത്യമായ ബോധമുണ്ട് സുശീലിന്. ബെയ്ജിങ്ങിലെ വെങ്കലമെഡൽ നേട്ടത്തിനുശേഷം സ്വീകരണ ചടങ്ങുകളും സാമൂഹിക പരിപാടികളുമൊക്കെ അധികരിച്ചപ്പോൾ തിരിച്ചെത്തുന്നത് ചിലപ്പോൾ രാത്രി വൈകിയാവും. എന്നാലും അത്യാവശ്യം വ്യായാമവും മറ്റും അ൪ധരാത്രിയാണെങ്കിൽപോലും മുടക്കാറില്ല. ഗുസ്തിയാണ്; സ്വീകരണമല്ല വലുതെന്നതിനാൽ ഒടുവിൽ ചടങ്ങുകൾ നന്നേ കുറച്ചുവെന്നും സുശീൽ.
അടുത്തദിവസത്തേക്കുള്ള പരിശീലനക്രമവും മറ്റും തലേന്നുതന്നെ നിശ്ചയിച്ചാണ് സുശീൽ മത്സരങ്ങൾക്ക് മുന്നൊരുക്കം നടത്തുക. ട്രെയ്നിങ് ഒരിക്കലും ഈസിയായി എടുക്കാറില്ല ഈ ഒളിമ്പ്യൻ. ഓരോ തവണ പരിശീലനത്തിനിറങ്ങുമ്പോഴും കൊച്ചുകുട്ടിയുടെ മാനസികാവസ്ഥയാണ് തന്നിലുണ്ടാവുന്നതെന്ന് സുശീൽ പറയുന്നു. എതിരാളിയെ മനസ്സിൽ കണ്ടാണ് പരിശീലനത്തിൽ മുന്നേറുന്നതിനാൽ 'പോരാപേരാ' എന്ന തോന്നൽ എപ്പോഴും മനസ്സിലുണ്ടാവും.
വിദേശത്ത് മത്സരങ്ങൾക്ക് പോയാൽ കാഴ്ച കാണാനും കറങ്ങിയടിക്കാനുമൊന്നും സുശീൽ മെനക്കെടാറില്ല. സ്ഥലം കാണാനല്ല, ഗുസ്തി പിടിക്കാനാണ് വന്നതെന്ന ഉത്തമബോധ്യം എപ്പോഴും മനസ്സിലുറപ്പിക്കാറുണ്ട്. ഭാരം ക്രമീകരിക്കുന്നതിനായി പട്ടിണി കിടക്കുന്നതിനാൽ എന്തു സൈറ്റ്സീയിങ് എന്നും സുശീൽ ചോദിക്കുന്നു.
ലക്ഷ്യത്തിലേക്ക് മനസ്സുറപ്പിച്ച സുശീലിന് വിവാഹം കഴിഞ്ഞ് ഒരു വ൪ഷമായെങ്കിലും ഭാര്യ സാവിക്കൊപ്പം ഇതുവരെ മധുവിധു യാത്ര പോകാൻ കഴിഞ്ഞിട്ടില്ല. കല്യാണത്തിനുശേഷം ഒളിമ്പിക്സിന്റെ തിരക്കിട്ട ഒരുക്കങ്ങളിലായിരുന്നു ഞാൻ. സമയം തീരെ കിട്ടിയില്ല. മനസ്സിൽ ഒളിമ്പിക് മെഡലെന്ന സ്വപ്നമായിരുന്നു നിറയെ. സാവി ജീവിതത്തിലെത്തിയശേഷം വേൾഡ് ക്ളാസ് ഗുസ്തിക്കാരെ പലരെയും മല൪ത്തിയടിക്കാൻ കഴിഞ്ഞത് ഭാഗ്യത്തിന്റെ കടന്നുവരവായി സുശീൽ കാണുന്നു. തന്റെ കോച്ചും മുൻ രാജ്യാന്തര താരവുമായ സത്പാൽ സിങ്ങിന്റെ മകളാണ് സാവി. സുശീൽ ഗുസ്തി പരിശീലിക്കുമ്പോൾ ഐ.എ.എസ് ട്രെയ്നിങ്ങിലാണ് ഗുസ്തിവീരന്റെ നല്ല പാതിയുടെ ശ്രദ്ധ മുഴുവൻ.
ഗോദയിൽ മറ്റാ൪ക്കുമറിയാത്ത ചില ടെക്നിക്കുകളൊക്കെ തനിക്ക് വശമുണ്ടെന്നാണ് സുശീലിന്റെ പക്ഷം. ഫൈറ്റിങ് സ്റ്റൈൽ ഒന്നു മാറ്റിയെടുക്കാനും ഒളിമ്പിക്സിന്റെ ഒരുക്കങ്ങൾക്കുമായി അമേരിക്കയിൽ കൊളറാഡോ സ്പ്രിങ്സിലെ യു.എസ് ഒളിമ്പിക്സ് സെന്ററിലായിരുന്നു പരിശീലനം. ഡേവ് ഷൂൾസ് മെമ്മോറിയൽ ഇന്റ൪നാഷനൽ റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ സ്വ൪ണമെഡൽ നേടിയാണ് പുതിയ സ്റ്റൈൽ വിജയകരമാണെന്ന് തെളിയിച്ചത്. എതിരാളിയെ ആശയക്കുഴപ്പത്തിലാക്കാൻ ശൈലിയിൽ ഇടക്ക് മാറ്റംവരുത്തേണ്ടത് അനിവാര്യമാണെന്ന പക്ഷക്കാരനാണ് സുശീൽ.
നജഫ്ഗഢിന്റെ ഗല്ലികളിൽ പന്തടിച്ച് ലോകക്രിക്കറ്റിന്റെ മുൻനിരയിലെത്തിയ വീരേന്ദ൪ സെവാഗിന്റെ നാട്ടുകാരനാണ് ചെമ്മൺകോ൪ട്ടിൽ ഗുസ്തിപിടിച്ച് ചരിത്രനേട്ടത്തിലേക്ക് മുന്നേറിയ സുശീൽ. ലണ്ടൻ ഒളിമ്പിക്സിന്റെ അവസാന യോഗ്യതാ വേദിയിൽ ലക്ഷ്യംനേടി വിശ്വമേളയിൽ വീണ്ടും മെഡൽ തിളക്കത്തിലേറിയ സുശീൽ രാജ്യത്തെ കായികഭൂപടത്തിൽ വീരുവിനെയും വെല്ലുന്ന വീരനായകനായി മാറിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.