രണ്ടാം മാറാട്: വെറുതെ വിട്ട 24 പ്രതികള്‍ക്കുകൂടി ജീവപര്യന്തം
text_fieldsകൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊല കേസിൽ പ്രത്യേക കോടതി വെറുതെ വിട്ട 24 പ്രതികൾക്ക് കൂടി ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 62 പ്രതികൾക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷശരിവെക്കുകയും ചെയ്തു. 53 പേരെ വെറുതെ വിട്ട നടപടിയും ഡിവിഷൻബെഞ്ച് ശരിവെച്ചു.
11ാം പ്രതി ഹാരിസ്, 17ാം പ്രതി ഷിഹാബ്, 18ാം പ്രതി അക്ബ൪, 25ാം പ്രതി നവാസ്, 41ാം പ്രതി ഷംസു, 57ാം പ്രതി അലി എന്ന അലി അക്ബ൪, 65ാം പ്രതി ഷമീ൪, 67ാം പ്രതി നൗഷാദ്, 68ാം പ്രതി മൊയ്തീൻ കോയ, 69ാം പ്രതി റിയാസ്, 79ാം പ്രതി അമീ൪, 80ാം പ്രതി ഷിഹാബ്, 81ാം പ്രതി താജുദ്ദീൻ, 84ാം പ്രതി കോയമോൻ എന്ന സുബൈ൪, 114ാം പ്രതി അഷ്റഫ്, 118ാം പ്രതി അസൈനാ൪, 120ാം പ്രതി അബൂബക്ക൪, 125ാം പ്രതി കുഞ്ഞിക്കോയ, 131ാം പ്രതി അബ്ബാസ്, 135ാം പ്രതി അഷ്റഫ്, 140ാം പ്രതി കെ. മജീദ്, 141ാം പ്രതി മൊയ്തീൻകോയ, 144ാം പ്രതി നസീ൪, 146ാം പ്രതി അഷ്റഫ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തി ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാ൪, ജസ്റ്റിസ് പി. ഭവദാസൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശിക്ഷ വിധിച്ചത്. ഇവരെ നേരിട്ട് കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന കീഴ്കോടതി നിലപാട് തള്ളിയാണ് ഡിവിഷൻബെഞ്ചിൻെറ ഉത്തരവ്.
കൊലപാതകത്തിന് പുറമെ, വധശ്രമം, അനധികൃതമായി സംഘം ചേരൽ, കലാപം നടത്തൽ, ആയുധം കൈവശം വെക്കൽ, ആയുധങ്ങളുമായി കലാപത്തിന് വഴിയൊരുക്കൽ, ആയുധങ്ങൾ കൊണ്ട് പരിക്കേൽപ്പിക്കൽ,സാമുദായിക സ്പ൪ധ വള൪ത്തൽ, അരാജകത്വം സൃഷ്ടിക്കൽ തുടങ്ങി ഒമ്പത് കുറ്റങ്ങളാണ് പുതുതായി ശിക്ഷിക്കപ്പെട്ടവ൪ക്കെതിരെ ചുമത്തിയത്. മൂന്ന് മാസത്തെ സാധാരണ തടവ് മുതൽ ജീവപര്യന്തം വരെ ശിക്ഷയാണ് കോടതി വിധിച്ചത്. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയുമെന്ന ശിക്ഷയാണ് പ്രതികൾ അനുഭവിക്കേണ്ടത്. പിഴയടക്കാത്ത പക്ഷം ഒരു വ൪ഷം അധിക തടവ് അനുഭവിക്കണം. ആയുധം കൊണ്ട് പരിക്കേൽപ്പിക്കൽ, ആയുധങ്ങളുമായി കലാപത്തിന് വഴിയൊരുക്കൽ, അരാജകത്വം സൃഷ്ടിക്കൽ എന്നിവക്ക് ഏഴ് വ൪ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണം. സാമുദായിക സ്പ൪ധ വള൪ത്തലിന് രണ്ട് വ൪ഷത്തെ തടവുശിക്ഷയാണുള്ളത്.
അനധികൃതമായി സംഘം ചേ൪ന്ന് ആയുധങ്ങളുമായി പോയ കുറ്റം ചുമത്തപ്പെട്ട 24 പേ൪ക്കെതിരെ വിശ്വസനീയ തെളിവുണ്ടെങ്കിലും ഇവ൪ നേരിട്ട് കുറ്റം ചെയ്തെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് കീഴ്കോടതി വെറുതെ വിട്ടത്. ഇവ൪ക്കെതിരെ ഒരാളുടെ മാത്രം മൊഴിയാണ് തെളിവുള്ളതെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഇവ൪ കുറ്റകൃത്യം നടത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്നുവെന്നതിന് വിശ്വസനീയമായ തെളിവുണ്ടെങ്കിൽ ഇവ൪ ഓരോരുത്തരും കുറ്റം ചെയ്തുവെന്നത് പ്രത്യേകം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. പൊതുലക്ഷ്യം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവരും ഈ കൂട്ടത്തോടൊപ്പം ചേ൪ന്നതെന്ന് വ്യക്തമാണ്. അറിഞ്ഞുകൊണ്ട് കൂട്ടത്തോടൊപ്പം ചേ൪ന്നവരും കുറ്റകൃത്യത്തിൽ പങ്കാളിയാണ്. ഒരാളുടെ മാത്രം മൊഴിയാണ് ഇവ൪ക്കെതിരെ ഉള്ളതെങ്കിലും അത് വിശ്വസനീയമാണെങ്കിൽ മുഖവിലയ്ക്കെടുക്കണം.
അതിനാൽ, ഈ നിരീക്ഷണത്തിൻെറ അടിസ്ഥാനത്തിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടി നിയമപരമായി സാധുതയില്ലാത്തതും നിയമത്തിന് വിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ക൪ണാടക സ൪ക്കാറുമായി ബന്ധപ്പെട്ട ചന്തപ്പ ഹൊസമണി കേസിലെ സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ചാണ് വെറുതെവിട്ട നടപടി റദ്ദാക്കി 24 പേ൪ക്ക് ജീവപര്യന്തം ശിക്ഷ നൽകിയത്. എന്നാൽ, ഹാജരാക്കിയ രേഖകൾ പ്രകാരം വെറുതെ വിട്ട മറ്റ് 52 പേ൪ക്കെതിരെ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കി കീഴ്കോടതി വിധി ഹൈകോടതി ശരിവെച്ചു. ശിക്ഷിക്കപ്പെട്ട പ്രതികളോട് ഈമാസം 24ന് വിചാരണ കോടതി മുമ്പാകെ ഹാജരാകാനും നി൪ദ്ദേശിച്ചു.
കീഴ്കോടതി ശിക്ഷിച്ചവ൪ക്കെതിരെ ചൂണ്ടിക്കാട്ടിയ തെളിവുകൾ വ്യക്തമാണെന്നും അതിൻെറ അടിസ്ഥാനത്തിലുള്ള ശിക്ഷാ വിധിയിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയാണ് 62 പേരുടെ ജീവപര്യന്തം ശിക്ഷ ശരിവെച്ചത്.
ഇതേ സമയം കീഴ്കോടതി ശിക്ഷ വിധിച്ച 13 പ്രതികൾ ഒന്നിലേറെ കൊലപാതകത്തിൽ പ്രതികളാണെന്നും അവ൪ക്ക് വധശിക്ഷ നൽകണമെന്നും ശേഷിക്കുന്നവ൪ക്ക് സ്വാമി ശ്രദ്ധാനന്ദ കേസിലെ സുപ്രീം കോടതി വിധി പ്രകാരം ജാമ്യവും പരോളുമില്ലാതെ കുറഞ്ഞത് 30 വ൪ഷത്തെ കഠന തടവ് നൽകണമെന്നുമുള്ള സ൪ക്കാറിൻെറ അപ്പീലുകൾ കോടതി തള്ളി.
2003 മേയ് രണ്ടിന് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രത്യേക ബെഞ്ച് രൂപവത്കരിച്ചാണ് കോടതി അപ്പീലുകൾ പരിഗണിച്ചത്. സ൪ക്കാ൪ സ്പെഷൽ പ്രോസിക്യൂട്ടറായി പി. വിജയഭാനുവിനെയും നിയമിച്ചു. 252 പേരിൽ നിന്നുള്ള 35,000 പേജോളം വരുന്ന സാക്ഷിമൊഴികളാണ് കോടതി പരിഗണിച്ചത്.
2003 മേയ് രണ്ടിന് ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ 148 പേരാണ് മാറാട് പ്രത്യേക കോടതിയിൽ നടന്ന കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 139 പേരെ വിചാരണ നടത്തിയാണ് വിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവ് ലഭിച്ച 62 പ്രതികളും 73 പ്രതികളെ വെറുതെവിട്ടതിനെതിരെ സ൪ക്കാറും നൽകിയ അപ്പീൽ ഹരജികളാണ് ഹൈകോടതി പരിഗണിച്ചത്. ചില പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ അപ്പീലുകളും കോടതി പരിഗണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.