ഗുഡ് ബൈ ലക്ഷ്മണ്‍...
text_fieldsഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് കാത്തുനിൽക്കാതെ ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റിങ് പ്രതിഭകളിലൊരാളായ വി.വി.എസ്. ലക്ഷ്മൺ കളി മതിയാക്കി. യുവനിരക്ക് വഴിമാറിക്കൊടുക്കുകയാണ് താനെന്നും ക്രിക്കറ്റ് താരമാവുകയെന്ന സ്വപ്നം യാഥാ൪ഥ്യമാക്കിത്തന്നതിന് ദൈവത്തോട് നന്ദിപറയുന്നതായും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി. അടുത്ത ദിവസം ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരക്കുശേഷമായിരിക്കും 37കാരൻ കളംവിടുകയെന്നായിരുന്നു വാ൪ത്തകൾ.
ഉടൻ നിലവിൽ വരുന്ന വിധത്തിലാണ് വിരമിക്കലെന്ന് ബി.സി.സി.ഐയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വ൪ഷം ഡ്രസിങ് റൂമിൽ ഒരുമിച്ചുണ്ടായിരുന്നവരോട് വിട ചോദിക്കുകയെന്നത് വൈകാരികമാണ്. എം.എസിന് (എം.എസ്. ധോണി) സംസാരിക്കാൻപോലും കഴിയുന്നില്ല. മത്സരത്തിൻെറ ഗതി നി൪ണയിക്കുന്ന ഏത് ഇന്നിങ്സും സുപ്രധാനമാണ്. അത്തരത്തിൽ നിരവധിയെണ്ണം കരിയറിലുണ്ടായി. സചിൻ ടെണ്ടുൽക൪, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, അനിൽ കുംബ്ളെ, വീരേന്ദ൪ സെവാഗ് തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചു. അവരാണ് റോൾമോഡൽ. എല്ലാവരും ഇന്ത്യൻ ക്രിക്കറ്റിൻെറ പുരോഗതിയാണ് ആഗ്രഹിച്ചതെന്നതിനാൽ തന്നെ നന്നായി പ്രോത്സാഹിപ്പിട്ടുണ്ടെന്ന് ലക്ഷ്മൺ നന്ദിയോടെ സ്മരിച്ചു.
ഡെക്കായി തുടങ്ങിയ
ഡെക്കാൻകാരൻ
ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് പൂ൪ണ വിരാമംകുറിച്ച് വൻഗിപ്പുറപ്പു വെങ്കട്ടസായി ലക്ഷ്മൺ തിരിച്ചുനടക്കുമ്പോൾ സാങ്കത്തേികത്തികവിൻെറ ഒരു യുഗം അവസാനിക്കുകയാണ്. ടെസ്റ്റ് സ്പെഷലിസ്റ്റായി അറിയപ്പെട്ട അദ്ദേഹം എക്കാലവും ടീമിൻെറ വിശ്വാസം കാത്തു. 134 ടെസ്റ്റിലും 86 ഏകദിനങ്ങളിലുമാണ് ‘വെരി വെരി സ്പെഷൽ’ ദേശീയ ജഴ്സിയണിഞ്ഞത്.
1974 നവംബ൪ ഒന്നിന് ഡോക്ട൪ ദമ്പതിമാരായ ശാന്താറാമിൻെറയും സത്യഭാമയുടെയും മകനായി ഹൈദരാബാദിലാണ് ജനനം. ലിറ്റിൽ ഫ്ളവ൪ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മാതാപിതാക്കളെ പിന്തുട൪ന്ന് മെഡിക്കൽ പഠനത്തിന് ചേ൪ന്ന അദ്ദേഹം പക്ഷേ ക്രിക്കറ്റാണ് തൻെറ ലോകമെന്ന് മനസ്സിലാക്കി കളിക്കളത്തിൽ പൂ൪ണ ശ്രദ്ധ കേന്ദ്രീകരിച്ചു. 1992-93 രഞ്ജി ട്രോഫി സീസണിൽ പഞ്ചാബിനെതിരെ ഹൈദരാബാദിൻെറ കുപ്പായമണിഞ്ഞ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറി. ആദ്യ ഇന്നിങ്സിൽ ഡെക്കായാണ് തുടക്കം.
1994ൽ ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ അണ്ട൪ 19 ടീമിനുവേണ്ടി കളിച്ചു. അരങ്ങേറ്റക്കാരായ ബ്രെറ്റ് ലീയെയും ജെയ്സൺ ഗില്ലസ്പിയെയും നേരിട്ട് പ്രഥമ ഇന്നിങ്സിൽ തന്നെ പുറത്താവാതെ 88 റൺസടിച്ച ഈ സ്റ്റൈലിഷ് ബാറ്റ്സ്മാൻ പ്രതിഭ ലോകത്തിന് കാട്ടിക്കൊടുത്തു. രണ്ടാം മത്സരത്തിൻെറ ആദ്യ ഇന്നിങ്സിൽ 151ഉം രണ്ടാമത്തേതിൽ 77ഉം റൺസായിരുന്നു സമ്പാദ്യം. പരമ്പരയിലുടനീളം മികവ് പുല൪ത്താൻ അദ്ദേഹത്തിനായി.
1994-95ലെ ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖലക്കുംവേണ്ടി ലക്ഷ്മൺ ഇറങ്ങി. അടുത്ത രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനായി റൺസ് വാരിക്കൂട്ടിയ വലംകൈയൻ ബാറ്റ്സ്മാന് താമസിയാതെ ദേശീയ ടീമിലേക്ക് വിളിയെത്തി.
1996 നവംബ൪ 20ന് ദക്ഷിണാഫ്രിക്കക്കെതിരെ അഹ്മദാബാദിൽ ആരംഭിച്ച ഒന്നാം ടെസ്റ്റിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ 11 റൺസ് മാത്രം നേടി മടങ്ങിയ ലക്ഷ്മൺ പക്ഷേ രണ്ടാമത്തേതിൽ 51 റൺസടിച്ച് ടോപ്സ്കോററായി വിശ്വാസം കാത്തു. 2000ത്തിലെ സിഡ്നി ടെസ്റ്റിലാണ് കരിയറിലെ ആദ്യ ശതകം (167) പിറന്നത്. ഈ വ൪ഷം ജനുവരിയിൽ ആസ്ട്രേലിയക്കെതിരെ അഡലെയ്ഡിലായിരുന്നു അവസാന ടെസ്റ്റ്.
1998ൽ കട്ടക്കിൽ സിംബാബ്വെക്കെതിരെയായിരുന്നു ഏകദിനത്തിലെ തുടക്കം. എന്നാൽ, കൂറ്റനടിക്കാരനല്ലാത്ത ലക്ഷ്മണ് പരിമിത ഓവ൪ ക്രിക്കറ്റിൽ അധികകാലം പിടിച്ചുനിൽക്കാനായില്ല. 2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിലായിരുന്നു അവസാന ഏകദിനം.
2007ലും 2009ലും ഇംഗ്ളീഷ് കൗണ്ടി ക്ളബായ ലങ്കാഷെയറിനുവേണ്ടി കളിച്ചു. 2008ലെ പ്രഥമ ഇന്ത്യൻ പ്രീമിയ൪ ലീഗിൽ ഹൈദരാബാദ് ടീമായ ഡെക്കാൻ ചാ൪ജേഴ്സിൻെറ നായകൻ ലക്ഷ്മണായിരുന്നു. അടുത്ത വ൪ഷം അദ്ദേഹം ആദം ഗിൽക്രിസ്റ്റിനായി സ്ഥാനമൊഴിഞ്ഞെങ്കിലും 2010വരെ ഡെക്കാനിൽ തുട൪ന്നു. 2011ൽ കൊച്ചി ടസ്കേഴ്സ് കേരളക്കുവേണ്ടിയാണ് ലക്ഷ്മൺ ഐ.പി.എല്ലിൽ ബാറ്റേന്തിയത്. എന്നാൽ, ഈ വ൪ഷം ഒരു ടീമും ലേലത്തിലെടുക്കാൻ മുന്നോട്ടുവന്നില്ല.
കങ്കാരുവിനെ ചതച്ച ബാറ്റ്
മുഹമ്മദ് അസ്ഹറുദ്ദീനുശേഷം ഇന്ത്യൻ ക്രിക്കറ്റിൽ ഹൈദരാബാദിൻെറ പ്രതിനിധിയായിരുന്നു ലക്ഷ്മൺ. കളിക്കളത്തിൽ അസ്ഹറായിരുന്നു തനിക്കെന്നും പ്രചോദനമെന്ന് പറഞ്ഞ അദ്ദേഹം മാന്യതയുടെ അതി൪വരമ്പ് ലംഘിക്കുന്ന തരത്തിൽ പെരുമാറിയില്ല. ക്രിക്കറ്റ് ലോകത്തിന് എന്നെന്നേക്കുമായി ഓ൪ത്തുവെക്കാൻ ഒരു പിടി സുവ൪ണ നിമിഷങ്ങൾ ലക്ഷ്മണിൻെറ കരിയറിലുണ്ടായി. ആസ്ട്രേലിയയായിരുന്നു മിക്കപ്പോഴും ഇര. ടെസ്റ്റിൽ കുറേക്കാലം ഒന്നാം നമ്പ൪ ടീമായിരുന്ന ഓസീസിനെ അതിൻെറ പ്രതാപകാലത്ത് ലക്ഷ്മൺ സധൈര്യം കൈകാര്യം ചെയ്തു. ടെസ്റ്റിൽ കങ്കാരുക്കൾക്കെതിരെ ഏറ്റവും മികവ് കാണിച്ച ഇന്ത്യൻ താരമെന്ന് വി.വി.എസിനെ വിശേഷിപ്പിക്കുന്നത് അധികമാവില്ല.
റെക്കോഡ് വിജയങ്ങളുമായി ഇന്ത്യൻ പര്യടനത്തിനെത്തിയ ഓസീസിൻെറ കുതിപ്പിന് 2001ൽ അന്ത്യമിട്ടത് ലക്ഷ്മണിൻെറ നേതൃത്വത്തിലായിരുന്നു. ദ്രാവിഡിനൊപ്പം രണ്ടു ദിവസത്തോളം ക്രീസിൽ നിന്ന് 281 റൺസ് എന്ന ഉയ൪ന്ന വ്യക്തിഗത സ്കോ൪ സ്വന്തമാക്കിയ അദ്ദേഹത്തിൻെറ പ്രകടനം ടെസ്റ്റിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായാണ് വിസ്ഡൺ വിലയിരുത്തിയത്. ഒരു ഏകദിന പരമ്പരയിൽ മൂന്ന് സെഞ്ച്വറി നേടിയ അപൂ൪വം താരങ്ങളിലൊരാളാണ് ലക്ഷ്മൺ. ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹത്തിൻെറ ഭൂരിഭാഗം ശതകങ്ങളും പിറന്നത് വിദേശത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.