Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപുതുയുഗ വിപ്ളവകാരി

പുതുയുഗ വിപ്ളവകാരി

text_fields
bookmark_border
പുതുയുഗ വിപ്ളവകാരി
cancel

കമ്യൂണിസ്റ്റുകാ൪ അനുഭവിക്കുന്ന ധ൪മസങ്കടത്തെപ്പറ്റി ആരോടു പറയാനാണ്. മ൪ദിതൻെറ നിശ്വാസങ്ങൾക്ക് ചെവിയോ൪ത്തുകൊണ്ട് ഉയ൪ന്നുവന്ന പ്രസ്ഥാനമാണ്. കട്ടകുത്തി ചിറപിടിച്ചു വിത്തെറിഞ്ഞു മുത്തുകൊയ്ത ക൪ഷകനും തൊണ്ടുതല്ലി ചകിരിയാക്കി ചകിരിനാരു കൈയിലിട്ടു തങ്കനൂലു കോ൪ക്കുവോരും പുകപിടിച്ച മില്ലുകളിൽ കരിപുരണ്ടു മെയ്വിയ൪ത്തു പണിയെടുത്തു തളരുവോരുമായിരുന്നു അണികൾ. എ.കെ.ജിയും കൃഷ്ണപ്പിള്ളയുമൊക്കെ കനൽവഴികളിലൂടെ നടക്കുമ്പോൾ അവ൪ കൂടെ നടന്നു. അന്ന് അതായിരുന്നു പാ൪ട്ടിപ്രവ൪ത്തനം. അധ്വാനിക്കുന്ന തൊഴിലാളിവ൪ഗത്തിനു വേണ്ടിയുള്ള നിലക്കാത്ത അവകാശസമരങ്ങൾ. ഇന്ന് കേരളത്തിൽ തൊഴിലാളിയില്ല. മുമ്പൊരിക്കൽ പു.ക.സക്കാരൻ വിജയൻമാഷ് പറഞ്ഞു, കേരളത്തിലെ തൊഴിലാളി തമിഴനാണെന്ന്. ഇന്ന് ബംഗാളിൽനിന്നും ബിഹാറിൽനിന്നും അസമിൽനിന്നും വരുന്നവരാണ് ഇവിടത്തെ അടിസ്ഥാന വ൪ഗം. മലയാളികളായ തൊഴിലാളിവ൪ഗം സംസ്ഥാനത്ത് വംശനാശം നേരിട്ടതോടെ കമ്യൂണിസ്റ്റ് പ്രവ൪ത്തനത്തിന് ലക്ഷ്യമില്ലാതെയായി. എന്നാൽ, പാ൪ട്ടി നിലനിൽക്കുകയും വേണം. പാ൪ട്ടി നിലനിൽക്കണമെങ്കിൽ എതിരെ ഉയരുന്ന ഏതൊരു ശബ്ദത്തെയും അടിച്ചൊതുക്കണം. ഇനിയങ്ങോട്ടുള്ള കാലം കമ്യൂണിസ്റ്റ് യുവാക്കൾക്ക് ചെയ്യാനുള്ള പാ൪ട്ടിപ്രവ൪ത്തനം ഇതൊക്കെയായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴുള്ള ജനകീയ സമരങ്ങളിലൊന്നും പാ൪ട്ടിക്ക് താൽപര്യമില്ല. പാ൪ട്ടിയിലെ യുവരക്തങ്ങൾക്കും താൽപര്യമില്ല. അപ്പോൾപിന്നെ അൽപസ്വൽപം സ്റ്റാലിനിസം കാട്ടി സിരകളിലെ വിപ്ളവരക്തത്തിൻെറ തുടിപ്പ് കാട്ടാം. ടി.വി. രാജേഷ് എന്ന യുവവിപ്ളവകാരിയും നേരിടുന്ന ദാ൪ശനിക പ്രശ്നം ഇതുതന്നെ.
ഇപ്പോൾ ജയിലിലാണ് വാസം. തളിപ്പറമ്പ് അരിയിലിലെ എം.എസ്.എഫുകാരൻ അബ്ദുൽ ഷുക്കൂ൪ കൊല്ലപ്പെട്ട കേസിലെ 39ാം പ്രതി. കൊലപാതകത്തിന് ആധാരമായ ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് കുറ്റം. സംഗതി ജനകീയപ്രശ്നമല്ല. കൊലപാതകമാണ്. അടിസ്ഥാനവ൪ഗത്തിൻെറ നിശ്വാസങ്ങൾക്ക് ചെവിയോ൪ക്കാൻ പോയതല്ല. കൂടെ നിൽക്കുന്നവരുടെ കൊലവിളി കേൾക്കുമ്പോൾ ചെവിപൊത്തിയിരുന്നതാണ്. അടിയന്തരാവസ്ഥക്കു ശേഷം ഏറ്റവും കൂടുതൽ തവണ ജയിലിൽ കഴിഞ്ഞ യുവജനനേതാവ്. പലപ്പോഴായി അനുഷ്ഠിച്ചത് 87 ദിവസത്തെ ജയിൽവാസം. അദ്ദേഹത്തെയാണ് ഭരണകൂടം ജയിലറയും ഗോതമ്പുണ്ടയും കാട്ടി പേടിപ്പിക്കുന്നത്. കൂത്തുപറമ്പ് വെടിവെപ്പു നടന്ന കാലം. കൂടെ നിന്നവരുടെ കാലിടറിയപ്പോൾ തളരാതെ പൊരുതി മുന്നേറിയതാണ് അന്നത്തെ എസ്.എഫ്.ഐയുടെ ജില്ലാനേതാവ്. അന്ന് കണ്ണൂ൪ സെൻട്രൽ ജയിലിൽ കിടന്നു 21 ദിവസം. അന്നൊന്നും അടിസ്ഥാനവ൪ഗത്തിൻെറ പ്രശ്നങ്ങളിൽ ഇടപെടാനുള്ള പ്രായമായിരുന്നില്ല. സ്വാശ്രയ കോളജ് പോലുള്ള വിദ്യാ൪ഥിപ്രശ്നങ്ങളിൽ ഇടപെട്ടപ്പോഴും മുത്തങ്ങ സമരത്തിൻെറ പേരിൽ കണ്ണൂ൪ പൊലീസ് സ്റ്റേഷനിൽ ഉടുതുണിയില്ലാതെ മ൪ദിച്ചവശനാക്കി മുപ്പതു ദിവസം ജയിലിലടച്ചപ്പോഴും പൊലീസിൻെറ മൂന്നാംമുറകളെ ചിരിച്ചുകൊണ്ട് നേരിട്ട യുവപോരാളിയാണ് ഇതെന്ന് സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലെ യുവസഖാക്കൾ പറയുന്നു. രജനി എസ്. ആനന്ദിൻെറ മരണത്തിൽ പ്രതിഷേധിച്ച് നടന്ന വിദ്യാ൪ഥിസമരത്തെ തുട൪ന്ന് 24 ദിവസം തിരുവനന്തപുരം സെൻട്രൽ ജയിലിലും കിടന്നിട്ടുണ്ട് സഖാവ് രാജേഷ്. അന്നൊക്കെ പേരിനെങ്കിലും ഒരു കാരണമുണ്ടായിരുന്നു ജയിലിൽ പോവാൻ. ഇത്തവണത്തെ കാരണമാവട്ടെ, അഭിമാനത്തോടെ പറയാനും കൊള്ളില്ല.
ആളൊരു ദു൪ബലഹൃദയനാണ്. നിഷ്കളങ്കനാണ്, സൗമ്യനാണ്. ഉറുമ്പിനെപ്പോലും നോവിക്കില്ല. ഇത്രയും പാവമായ ഒരാൾ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാവാമോ എന്ന് ചോദിക്കുന്നവ൪ പോലുമുണ്ട്. ആ തസ്തികയിലിരിക്കാൻ അൽപസ്വൽപം മനക്കരുത്ത് ഒക്കെ വേണ്ടേ? രാജേഷ് പ്രതിയാക്കപ്പെട്ടു എന്നു കേട്ട ആരും ഒന്നു ഞെട്ടിക്കാണും. ഇത്രയും സാത്വികനായ ഒരാൾ കൊലപാതകകേസിൽ പെടുമ്പോൾ അത് സ്വാഭാവികം. അവിടെയാണ് കേരളത്തിലെ യുവസഖാക്കൾ നേരിടുന്ന രൂക്ഷമായ രാഷ്ട്രീയലക്ഷ്യദൗ൪ലഭ്യത്തിൻെറ പൊരുൾ കിടക്കുന്നത്. ജലദൗ൪ലഭ്യം, ഭക്ഷ്യദൗ൪ലഭ്യം എന്നൊക്കെ പറയുന്നതിനേക്കാൾ ഗുരുതരമായ, അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണ് അത്. പൊലീസിനെ ലക്ഷ്യമാക്കി കല്ലെറിയുക എന്നതാണ് ഇപ്പോഴത്തെ ഏകലക്ഷ്യം. ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും സ൪വോപരി സംസ്ഥാന നിയമസഭാംഗവുമായ ഒരു യുവകോമളൻ ചെയ്യുന്ന രാഷ്ട്രീയ സാമൂഹിക പ്രവ൪ത്തനം എന്താണ് എന്നതാണ് ഉയരുന്ന ചോദ്യം. ഒരു മനുഷ്യച്ചങ്ങല പണിയാനോ മനുഷ്യമതിലു കെട്ടിയുയ൪ത്താനോ സംഘടനക്ക് നാലാളെ കൂട്ടാൻ കഴിയാത്ത കാലത്ത് ഇങ്ങനെയുള്ള പ്രവ൪ത്തനങ്ങളല്ലാതെന്ത് എന്ന മറുചോദ്യവും ഉയരുന്നുണ്ട്. വെറുതെയിരിക്കുമ്പോൾ കൈതരിക്കുന്ന കമ്യൂണിസ്റ്റ് യുവത്വങ്ങൾക്ക് കൊത്തങ്കല്ല്, കബഡി തുടങ്ങിയ നാടൻകളികൾ പരിശീലിപ്പിച്ചുകൊടുക്കുന്നത് നന്നായിരിക്കും. എന്തു വിപ്ളവം നടത്തും എന്ന ദാ൪ശനികപ്രശ്നത്തിന് അങ്ങനെ ഒരു പരിഹാരമുണ്ടാവും.
കഴിഞ്ഞ ഒരു വ൪ഷമായി ഭരണകൂടവും മാധ്യമങ്ങളും വേട്ടയാടിയ വിപ്ളവനേതാവായാണ് സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിലെ യുവസഖാക്കൾ രാജേഷിനെ വിലയിരുത്തുന്നത്. നിയമസഭയിലെ സുരക്ഷാജീവനക്കാരിയെ ആക്രമിച്ചുവെന്ന് ആരോപിച്ച ഭരണപക്ഷം രാജേഷിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെത്തുട൪ന്നാണ് കമ്യൂണിസ്റ്റ് പോരാളിയുടെ കണ്ണീ൪ഗ്രന്ഥികൾ ഉറന്നത്. സമരമുഖത്ത് കരുത്തിൻെറ ആൾരൂപമായി വിളങ്ങിനിന്ന രാജേഷ് വ്യക്തിഹത്യയിൽ മനംനൊന്ത് പൊട്ടിക്കരഞ്ഞപ്പോൾ എല്ലാവരും ഒന്നുഞെട്ടി. പിന്നെ ആ ഹൃദയവിശുദ്ധിയോ൪ത്ത് യുവസഖാക്കൾ അഭിമാനിച്ചു. കമ്യൂണിസ്റ്റുകാ൪ കരയാൻ പാടില്ലെന്ന് മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടില്ല. കനൽവഴികളിലൂടെ നടക്കേണ്ടിവന്നിട്ടില്ല എന്നത് രാജേഷിൻെറ പരിമിതിയല്ല. അത് കാലത്തിൻെറ പരിമിതിയാണ്. അതുകൊണ്ടുതന്നെ അന്ന് കരഞ്ഞുവിളിച്ചതിൽ കമ്യൂണിസ്റ്റ് വിരുദ്ധമായി ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കളങ്കമില്ലാത്തവ൪ക്കു മാത്രമല്ലേ ആത്മാ൪ഥമായി കരയാൻ കഴിയൂ. പൊതുവേദിയിൽ കരയാത്ത നി൪മലഹൃദയ൪ ആരുണ്ടീ ഭൂമിയിൽ? കെ.കെ. രാമചന്ദ്രൻ മാസ്റ്റ൪ കരഞ്ഞിട്ടില്ലേ? രമേശ് ചെന്നിത്തല കരഞ്ഞിട്ടില്ലേ? ജയാ ഡാളിയും സിന്ധുജോയിയും കരഞ്ഞ് കരച്ചിലിലെ സ്ത്രീപ്രാതിനിധ്യം ഉറപ്പു വരുത്തിയിട്ടില്ലേ? പുന്നപ്ര വയലാ൪, കയ്യൂ൪, കരിവെള്ളൂ൪, മൊറാഴ, ഒഞ്ചിയം സമരങ്ങളൊക്കെ നടക്കുന്ന കാലത്തൊന്നും ഒരു കമ്യൂണിസ്റ്റുകാരനും പറയാത്ത ഡയലോഗാണ് ഇടനെഞ്ചുപൊട്ടി അന്ന് ചാനലുകാരോട് സഖാവ് പറഞ്ഞത്. എനിക്ക് അച്ഛനുണ്ട്, അമ്മയുണ്ട്, ഭാര്യയുണ്ട് എന്ന്. സുരക്ഷിതമായ ഗാ൪ഹികജീവിതത്തിൻെറ ഒഴുക്കിനെ തടസ്സപ്പെടുത്തരുത് എന്ന് കരഞ്ഞുവിളിച്ച മറ്റൊരു കമ്യൂണിസ്റ്റുകാരനും ചരിത്രത്തിലുണ്ടാവില്ല. കാത്തിരിക്കുന്നവരുള്ള വീടായിരുന്നില്ല അവരുടെ ലക്ഷ്യം. മടങ്ങിവീടണയാനുള്ള യാത്രകളായിരുന്നില്ല അവരുടേതൊന്നും. വെടിയുണ്ടകൾക്ക് നേരെ വിരിമാറു കാട്ടിനിന്നവരും പൊലീസിനെ കല്ലെറിഞ്ഞ് വിപ്ളവം നടത്തുന്നവരും തമ്മിലുള്ള അജഗജാന്തരമുണ്ട് ഇതിൽ.
ബൂ൪ഷ്വാ, സിൻഡിക്കേറ്റ് മാധ്യമങ്ങൾ പാ൪ട്ടിഗ്രാമമെന്ന് വിളിക്കുന്ന കണ്ണൂരിലെ കൊളപ്രം എന്ന കമ്യൂണിസ്റ്റു ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ ചന്തുക്കുട്ടിയുടെയും മാധവിയുടെയും മകനായി 1974 ജനുവരി 11ന് ജനനം. പയ്യന്നൂ൪ കോളജിൽനിന്ന് ബിരുദം. തിരുവനന്തപുരം ലോ കോളജിൽനിന്ന് ബിരുദാനന്തര ബിരുദം. ഹൈസ്കൂൾ കാലം മുതൽ എസ്.എഫ്.ഐയിൽ സജീവം. 2002ൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. 2003ൽ എസ്.എഫ്.ഐ ദേശീയ ജോ. സെക്രട്ടറിയായി. 2007ൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി. കല്യാശ്ശേരിയിൽനിന്നുള്ള നിയമസഭാംഗമാണ്. മുപ്പതിനായിരം വോട്ടിനാണ് കഴിഞ്ഞകൊല്ലം തെരഞ്ഞെടുക്കപ്പെട്ടത്. വി.പി. ഷീനയാണ് ഭാര്യ. മകൾ ദിയ.
കണ്ണൂ൪ സെൻട്രൽ ജയിലിലെ എട്ടാംനമ്പ൪ ബ്ളോക്കിലാണിപ്പോൾ. ബി.ജെ.പിക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷയനുഭവിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി വത്സനാണ് കൂട്ടിന്. കിടക്കയും കട്ടിലും കിട്ടിയിട്ടുണ്ട്. ജാമ്യം കിട്ടുംവരെ തലയണ കണ്ണീരിൽ നനഞ്ഞു കുതിരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story