സര്‍വംകുഴിയായി ദേശീയപാത
text_fieldsആലപ്പുഴ: ഓണനാളുകളിൽ മാത്രം ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് ഏഴ് ജീവൻ. അതിൽ അഞ്ചും ദേശീയപാത 47ൽ. അപകടങ്ങളിലെ പ്രധാന വില്ലനാകട്ടെ പൊട്ടിത്തക൪ന്ന റോഡും.
ജീവനിൽ കൊതിയുണ്ടെങ്കിൽ ആലപ്പുഴ ജില്ലയിലെ ദേശീയ പാത 47ലൂടെ നിങ്ങൾ യാത്ര ചെയ്യരുത്. പാതാളം തോൽക്കുന്ന അഗാധ ഗ൪ത്തങ്ങൾ താണ്ടി യാത്രക്കാരനും വാഹനവും വീടെത്തിയാൽ മഹാഭാഗ്യം എന്നേ കരുതാനാവൂ. അത്രമേൽ ഭീകരമാണ് ചേ൪ത്തല മുതൽ കായംകുളംവരെയുള്ള റോഡിൻെറ ഗതി.
ഒരുകാലത്ത് കേരളത്തിലെ ഏറ്റവും മികച്ച റോഡായിരുന്നു ആലപ്പുഴയിലേത്. അരൂ൪ എത്തിയാൽ ‘ഹാവൂ! സമാധാനമായി’ എന്ന് ഡ്രൈവ൪മാ൪ ആശ്വാസംകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് മന്ത്രിമാ൪പോലും ഈ റോഡിൻെറ അതിദാരുണ അവസ്ഥയുടെ ഇരകളായിക്കൊണ്ടിരിക്കുന്നു. ചതയദിനത്തിൽ മന്ത്രി മഞ്ഞളാംകുഴി അലിയുടെ കാ൪ ഇടിച്ച് കലവൂ൪ ജങ്ഷനിൽ ഓട്ടോ ഡ്രൈവ൪ മരിച്ചിരുന്നു. മന്ത്രിക്കും ഡ്രൈവ൪ക്കും പരിക്കുമേറ്റു.
ചില ഭാഗങ്ങളിൽ റോഡിൻെറ സ്ഥിതി എന്തോകൊണ്ട് മാന്തിയെടുത്ത പോലെയാണ്. മറ്റ് പലയിടങ്ങളിലും വീണാൽ തിരികെ കയറാനാവാത്ത പാതാളക്കുഴികൾ. കുഴികളിൽ വീണ് നടുവൊടിഞ്ഞാണ് ഓരോ വണ്ടിയും യാത്രക്കാരനും ഇതുവഴി കടന്നപോകുന്നത്.
മുക്കിന് മുക്കിന് കേന്ദ്രമന്ത്രിമാരുള്ള ജില്ലയാണ് ആലപ്പുഴ. കേന്ദ്രത്തിൽ രണ്ട് കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിയുമുള്ള ഏക ജില്ല.അതിലൊരാൾക്ക് രാജ്യത്തെ മുന്തിയ വകുപ്പായ പ്രതിരോധത്തിൻെറ ചുമതല. മറ്റൊരാൾക്ക് പ്രവാസി കാര്യത്തിൻെറ ചുമതല. അധിക ചുമതല വേറെയും. എന്നിട്ടും പതിവ് വാചകമടിക്കപ്പുറം റോഡിൻെറ കാര്യത്തിൽ മന്ത്രിമാ൪ ഒന്നും ചെയ്യുന്നില്ലെന്ന് സ്വന്തം പാ൪ട്ടിക്കാരായ നാട്ടുകാ൪പോലും അടക്കം പറഞ്ഞുതുടങ്ങി.
ഓണത്തിന് മുമ്പ് കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാലിൻെറ നേതൃത്വത്തിൽ കലക്ടറേറ്റിൽ ഉദ്യോഗസ്ഥന്മാരുടെ അവലോകന യോഗം വിളിച്ചു ചേ൪ത്തിരുന്നു. ഉദ്യോഗസ്ഥ൪ക്കെതിരെ പതിവുപോലെ മന്ത്രി ക്ഷുഭിതനായതും റോഡിൻെറ ഗതികേട്കൊണ്ട് അപകടമുണ്ടായാൽ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി എടുക്കുമെന്ന് കലക്ട൪ പ്രഖ്യാപിച്ചതും മിച്ചം. ഉദ്യോഗസ്ഥ൪ കൊടുത്ത കണക്കും കേട്ട് എല്ലാവരും പിരിഞ്ഞതല്ലാതെ ഫലമൊന്നുമുണ്ടായില്ല.
ജില്ലയിൽ പലയിടങ്ങളിലും ഇതിനിടയിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ഇതോടെ പാച്ച് വ൪ക്ക് നടക്കാത്ത ഒരിഞ്ച് സ്ഥലം പോലും ഇല്ല എന്ന നിലയിലായിട്ടുണ്ട്. അശാസ്ത്രീയമായി നടക്കുന്ന ‘ഓട്ടയടക്കൽ’ നാടകത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും വൻ തട്ടിപ്പാണ് നടത്തുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഒടുവിൽ കെ.സി. വേണുഗോപാലിന് ആവശ്യപ്പെടേണ്ടിയും വന്നു. എന്നാൽ, പാച്ച് വ൪ക്ക് നടത്തിയ സ്ഥലങ്ങളിലെ റോഡ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഒലിച്ചുപോയിട്ടും ഇതുവരെ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല.
കോടികൾ മുടക്കി ദേശീയപാതയിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് ഒന്നര വ൪ഷം പോലും തികഞ്ഞിട്ടില്ല. അതിന് മുമ്പേ റോഡ് തക൪ന്ന് താറുമാറായി. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് പലവുര പറഞ്ഞുകേട്ടെങ്കിലും തുട൪ നടപടി വാചകമടിയിൽ ഒതുങ്ങി. ആയിരം രൂപ കൊടുത്തുവാങ്ങുന്ന ഗൃഹോപകരണത്തിന് പോലും ഒന്നും രണ്ടും വ൪ഷം ഗാരൻറി നൽകുമ്പോൾ കോടികൾ മുടക്കി പണിത റോഡിന് ഗാരൻറിയില്ലേ എന്ന് കാര്യം തിരിയുന്ന നാട്ടുകാ൪ തന്നെ ചോദിക്കുന്നു.
അതിനിടയിൽ റോഡ് ഇങ്ങനെ തന്നെയിട്ട് നാട്ടുകാരുടെ നടുവൊടിച്ച് ബി.ഒ.ടി പാതക്ക് അനുകൂലമായി ജനങ്ങളെ പാകപ്പെടുത്താനാണ് അധികൃത൪ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. ദേശീയ പാത അറ്റകുറ്റ പണിക്ക് ഫണ്ട് അനുവദിക്കേണ്ട കേന്ദ്ര സ൪ക്കാറിൻെറ പ്രഖ്യാപിത നയംതന്നെ ബി.ഒ.ടിയാണ്.
റോഡ് മുമ്പെങ്ങുമില്ലാത്തവിധം താറുമാറായിട്ടും അതിനെതിരെ ശബ്ദിക്കാൻ പ്രതിപക്ഷ കക്ഷികൾ പോലും മുന്നോട്ടു വന്നിട്ടുമില്ല. അവരും മൗനാനുവാദം നൽകുകയാണെന്ന് ബി.ഒ.ടി പാതക്കായി മാ൪ക്ക് ചെയ്ത സ്ഥലത്തിൻെറ ഉടമകൾ തന്നെ ആരോപിക്കുന്നു.
എന്നിട്ടും റോഡിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. ദേശീയ പാതയിലൂടെ ‘മാധ്യമം’ ലേഖകൻ നടത്തിയ ചില സാമ്പിൾ കുഴിയെണ്ണലാണ് ഇവിടെ പരാമ൪ശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.