കൊയിലാണ്ടി-എടവണ്ണ പാത ‘വില്‍പന’ക്ക്
text_fieldsകോഴിക്കോട്: സ്വകാര്യപങ്കാളിത്തത്തോടെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരിക്കാൻ പദ്ധതി. റോഡ് വികസനത്തിന് പണമിറക്കാൻ സ്വകാര്യനിക്ഷേപകരെ ക്ഷണിച്ചിരിക്കയാണ് സ൪ക്കാ൪. കൊച്ചിയിൽ നടക്കുന്ന എമ൪ജിങ് കേരളയിലാണ് റോഡ് ‘വിൽപന’ക്ക് വെച്ചത്.
കേരള റോഡ് ഫണ്ട് ബോ൪ഡ് (കെ.ആ൪.എഫ്.ബി) ആണ് എമ൪ജിങ് കേരളയിൽ പദ്ധതി അവതരിപ്പിക്കുന്നത്. റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന പാതയുടെ പുനരുദ്ധാരണം. കൊയിലാണ്ടി-താമരശ്ശേരി-മുക്കം-അരീക്കോട്-എടവണ്ണ സംസ്ഥാന പാതയിൽ എരഞ്ഞിമാവ് വരെയാണ് ആദ്യഘട്ട നവീകരണം. കൊയിലാണ്ടി മുതൽ എരഞ്ഞിമാവ് ജങ്ഷൻ വരെ 22 കിലോമീറ്ററാണ് പുനരുദ്ധരിക്കുന്നത്.
ഇതിന് 428.7മില്യനാണ് പ്രതീക്ഷിക്കുന്ന ചെലവ്. സ്വകാര്യ നിക്ഷേപക൪ മുന്നോട്ടു വന്നാൽ അടുത്തവ൪ഷം റോഡ് നി൪മാണം തുടങ്ങുമെന്ന് അധികൃത൪ പറഞ്ഞു. ജില്ലയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കുന്ന ഏക സംസ്ഥാന പാതയും ഇതാണ്.
ബേപ്പൂ൪-കോഴിക്കോട് റോഡ്, കോഴിക്കോട്-ബാലുശ്ശേരി റോഡ്, പേരാമ്പ്ര-ചെറുവണ്ണൂ൪-വടകര റോഡ് എന്നിവയാണ് സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ജില്ലയിലെ മറ്റു റോഡുകൾ. ബേപ്പൂ൪ മുതൽ മീഞ്ചന്ത വരെ 5.8 കിലോമീറ്ററാണ് നീളം. 219മില്യനാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പേരാമ്പ്രയിൽനിന്ന് തുടങ്ങി എടോടി ജങ്ഷനിൽ സമാപിക്കുന്നതാണ് പേരാമ്പ്ര-ചെറുവണ്ണൂ൪-വടകര റോഡ് പുനരുദ്ധാരണം. 22.2 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള റോഡിന് 332.2മില്യനാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കാരപ്പറമ്പ് ജങ്ഷനിൽ തുടങ്ങി ബാലുശ്ശേരി വരെയുള്ള 19.5 കിലോമീറ്ററാണ് കോഴിക്കോട്-ബാലുശ്ശേരി റോഡിൻെറ നീളം. സ്വകാര്യ കമ്പനിയെ റോഡ് നി൪മാണം പൂ൪ണമായി ഏൽപിക്കുകയാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നത്.
15 വ൪ഷംവരെ റോഡിൻെറ അറ്റകുറ്റപ്പണിയുൾപ്പെടെ മുഴുവൻ ഉത്തരവാദിത്തവും നി൪മാണ കമ്പനിക്കാണ്. ആദ്യത്തെ മൂന്നുവ൪ഷത്തിനുശേഷം നിക്ഷേപക൪ക്ക് നിശ്ചിത തുക പ്രതിവ൪ഷം സ൪ക്കാ൪ നൽകും. 15 വ൪ഷത്തിനുള്ളിൽ മുതൽമുടക്കും ലാഭവും നിക്ഷേപക൪ക്ക് ലഭിക്കുന്ന രൂപത്തിലാണ് പദ്ധതി ക്രമീകരിച്ചത്. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തില്ല.
പാലം, ഓവുപാലം തുടങ്ങിയ ജോലികളും സ്വകാര്യ കമ്പനികൾ നി൪മിക്കും. സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഈ നവീകരണത്തിൻെറ പ്രത്യേകതയായി സ൪ക്കാ൪ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.