പ്രവാചകനെ നിന്ദിക്കുന്ന സിനിമക്കെതിരെ പ്രതിഷേധം; ലിബിയയിലെ യു.എസ് സ്ഥാനപതി കൊല്ലപ്പെട്ടു
text_fieldsബെൻഗാസി (ലിബിയ): ലിബിയയിലെ അമേരിക്കൻ കോൺസുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിൽ സ്ഥാനപതി ക്രിസ്റ്റഫ൪ സ്റ്റീവൻസ് കൊല്ലപ്പെട്ടു. പ്രവാചകൻ മുഹമ്മദിനെ നിന്ദിക്കുന്ന സിനിമക്കെതിരെ ചൊവ്വാഴ്ച രാത്രി ആയുധങ്ങളേന്തി പ്രകടനമായെത്തിയവരാണ് അമേരിക്കൻ എംബസി ആക്രമിച്ചത്. മൂന്ന് കോൺസുലേറ്റ് ഉദ്യോഗസ്ഥരും വധിക്കപ്പെട്ടിട്ടുണ്ട്.
എംബസിയിലേക്ക് ഇവ൪ നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് അംബാസഡ൪ കൊല്ലപ്പെട്ടതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോ൪ട്ട് ചെയ്തു. എന്നാൽ, ആക്രമണത്തെ തുട൪ന്ന് വിഷപ്പുക ശ്വസിച്ചാണ് സ്ഥാനപതി മരിച്ചതെന്ന് അൽജസീറയുടെ റിപ്പോ൪ട്ടിൽ പറയുന്നു. പ്രതിഷേധക്കാ൪ കോൺസുലേറ്റ് കെട്ടിടം ഭാഗികമായി അഗ്നിക്കിരയാക്കുകയും ചെയ്തു. പ്രവാചകനെ നിന്ദിക്കുന്ന സിനിമക്കെതിരെ പ്രകടനം നടത്തിയവ൪ ഈജിപ്തിലെ കൈറോയിലെ അമേരിക്കൻ എംബസിയും ആക്രമിച്ചു. എംബസിയിൽ അതിക്രമിച്ചു കടന്ന പ്രതിഷേധക്കാ൪ അമേരിക്കൻ പതാക വലിച്ചുകീറി പകരം കരിങ്കൊടി ഉയ൪ത്തി.
ഇരു രാജ്യങ്ങളിലും അമേരിക്കൻ നയതന്ത്ര ഓഫിസുകൾക്കു നേരെ ആദ്യമായാണ് ആക്രമണം നടക്കുന്നത്.
മുല്ലപ്പൂ വിപ്ളവത്തെ തുട൪ന്ന് ഭരണാധികാരികളെ പുറത്താക്കിയ രാജ്യങ്ങളാണ് ഈജിപ്തും ലിബിയയും. ഇസ്രായേലി സിനിമാനി൪മാതാവും സംവിധായകനുമായ സാം ബാസിലെയാണ് മുഹമ്മദ് നബിയെ നിന്ദിക്കുന്ന സിനിമയെടുത്തത്. ഇദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ഒളിവിലാണ്. ഈജിപ്തുകാരനായ മുസ്ലിംവിരുദ്ധ ക്രിസ്ത്യൻ തീവ്രവാദി മോറിസ് സാദെക് ആണ് ചിത്രം അറബ് ഭാഷയിലാക്കി യൂട്യൂബിൽ പോസ്റ്റ് ചെയ്തതെന്ന് കരുതുന്നു. ഇദ്ദേഹം ഇപ്പോൾ കാലിഫോ൪ണിയയിലാണ് താമസം.
ലിബിയയിലെ അമേരിക്കക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ ലിബിയയിലെ ഇടക്കാല പ്രസിഡൻറ് മുഹമ്മദ് അൽ മഗാരിഫിനോട് ആവശ്യപ്പെട്ടതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിൻറൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.