കവര്‍ന്ന പൊതുമുതല്‍ തിരിച്ചെടുക്കാന്‍ അന്താരാഷ്ട്ര ശ്രമം വേണം: അമീര്‍
text_fieldsദോഹ: വിവിധ രാജ്യങ്ങളിൽ നിന്ന് കവ൪ച്ച ചെയ്യപ്പെട്ട പൊതുമുതലുകൾ തിരിച്ചെടുക്കാൻ അന്താരാഷ്ട്രതലത്തിൽ ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഖത്ത൪ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു. കവ൪ച്ചാമുതലുകൾ തിരിച്ചുപിടിക്കുന്നതുസംബന്ധിച്ച് നിയമവാഴ്ച, അഴിമതിവിരുദ്ധ കേന്ദ്രം (ആ൪.എൽ.എ.സി) സംഘടിപ്പിച്ച ത്രിദിന അറബ് ഫോറം സെൻറ് റീഗിസ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീ൪.
വിവിധ രാജ്യങ്ങളിൽ നിന്ന് കൊള്ളയടിക്കപ്പെട്ട പൊതുമുതൽ വീണ്ടെടുത്ത് നൽകുന്നതിന് അന്താരാഷ്ട്ര സമൂഹം മുന്തിയ പരിഗണന നൽകണമെന്ന് അമീ൪ പറഞ്ഞു.
കവ൪ച്ച ചെയ്യപ്പെട്ട പൊതുമുതലുകൾ വീണ്ടെടുക്കാൻ അറബ് വസന്ത രാജ്യങ്ങൾ കഠിനപ്രയത്നം നടത്തുന്ന സാഹചര്യത്തിൽ ഈ വിഷയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
ഓരോ രാജ്യത്തിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. കവ൪ന്ന പൊതുമുതലുകൾ കൂട്ടായ ശ്രമങ്ങളിലൂടെ തിരിച്ചുപിടിക്കാതിരുന്നാൽ അത് ഓരോ രാജ്യത്തിൻെറയും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. കവ൪ച്ചചെയ്യപ്പെട്ട തങ്ങളുടെ പൊതുസ്വത്ത് വീണ്ടെടുക്കാൻ ഓരോ രാജ്യവും നടത്തുന്ന ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിൻെറ കൂട്ടായ പിന്തുണയുണ്ടാകണമെന്ന് അമീ൪ നി൪ദേശിച്ചു. സാങ്കേതികമായും നിയമപരമായും ഈ രാജ്യങ്ങളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് ബാധ്യതയുണ്ട്. ഫോറത്തിൻെറ തീരുമാനങ്ങൾ നടപ്പാക്കാൻ ആ൪.എൽ.എ.സി നടത്തുന്ന ശ്രമങ്ങളെ ഖത്ത൪ പിന്തുണക്കുമെന്നും സാമ്പത്തികമായി സഹായിക്കുമെന്നും അമീ൪ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയുടെ സന്ദേശം സമ്മേളനത്തിൽ സംപ്രേഷണം ചെയ്തു.
അറബ് വസന്ത രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരതയും വള൪ച്ചയും ഉറപ്പാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കവ൪ച്ചാസ്വത്ത് വീണ്ടെടുക്കേണ്ടത് അനിവാര്യമാണെന്ന് ഒബാമ അഭിപ്രായപ്പെട്ടു.
തുനീഷ്യയും ഈജിപ്തും ലിബിയയും പോലുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് അവിടങ്ങളിൽ നിന്ന് കൊള്ളയടിക്കപ്പെട്ട പൊതുമുതൽ കൂട്ടായപ്രവ൪ത്തനത്തിലൂടെ വീണ്ടെടുത്ത് നൽകുമെന്ന് ഫോറം ഉറപ്പക്കണമെന്നും ഒബാമ പറഞ്ഞു.
കോടിക്കണക്കിന് ഡോള൪ മൂല്യം വരുന്ന സ്വത്തുക്കൾ അതത് രാജ്യങ്ങളിലെ ജനങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്. കൊള്ളമുതലുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് അമേരിക്കയുടെ പൂ൪ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
ഫോറത്തിൽ പങ്കെടുക്കാനെത്തിയ തുനീഷ്യൻ നേതാവ് റാഷിദ് അൽ ഗനൂഷി, അറബ്ലീഗ് സെക്രട്ടറി ജനറൽ ഡോ. നബീൽ അൽ അറബി എന്നിവരുമായി അമീ൪ നേരത്തെ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.