വിവാദ സിനിമ: പ്രതിഷേധം ആളിപ്പടരുന്നു; യു.എസ് നാവിക കപ്പലുകള്‍ ലിബിയയിലേക്ക് തിരിച്ചു
text_fieldsട്രിപളി: പ്രവാചകൻ മുഹമ്മദിനെ അവഹേളിക്കുന്ന സിനിമക്കെതിരായ പ്രതിഷേധം മുസ്ലിം രാജ്യങ്ങളിൽ ആളിപ്പടരുന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ ലിബിയയിലെ അമേരിക്കൻ അംബാസഡ൪ കൊല്ലപ്പെട്ട സംഭവത്തിനുപിന്നാലെ, യമനിലും ഈജിപ്തിലും യു.എസ് എംബസികൾക്കുനേരെ ആക്രമണമുണ്ടായി. ഇതിനിടെ, എംബസി തക൪ക്കപ്പെട്ട ലിബിയയിലേക്ക് 50 അമേരിക്കൻ മറീനുകളും രണ്ട് യുദ്ധക്കപ്പലുകളും നീങ്ങി.
യമൻ തലസ്ഥാനമായ സൻആയിലെ യു.എസ്. എംബസിയുടെ പ്രധാന കവാടം തക൪ത്ത് നൂറുകണക്കിന് പ്രതിഷേധക്കാ൪ എംബസി വളപ്പിലെ കാറുകൾ അഗ്നിക്കിരയാക്കുകയും സുരക്ഷാ ഓഫിസുകൾ തക൪ക്കുകയുമുണ്ടായി. സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 15 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.
കൈറോയിൽ എംബസി കെട്ടിടത്തിൽ കയറിയ പ്രക്ഷോഭക൪ അമേരിക്കൻ പതാക അഴിച്ചുമാറ്റി. അക്രമികളെ തുരത്തിയ പൊലീസ് നടപടിയിൽ 16പേ൪ക്ക് പരിക്കേറ്റു. സമരക്കാരെ നേരിടാൻ പൊലീസ് കണ്ണീ൪ വാതകങ്ങളും ഗ്രനേഡും പ്രയോഗിച്ചു. വിവാദസിനിമയെ അപലപിച്ച പ്രസിഡൻറ് മു൪സി പ്രതിഷേധം അക്രമത്തിലേക്ക് കടക്കരുതെന്ന് നി൪ദേശിച്ചു. തുനീഷ്യയിലെയും ബംഗ്ളാദേശിലെയും അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾക്കു മുന്നിലും വ്യാഴാഴ്ച പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറി. ഗസ്സയിലും പ്രതിഷേധ പ്രകടനം നടന്നു.
പടക്കപ്പലുകൾ ലിബിയൻ തീരത്തേക്ക് നീങ്ങിയതായി അമേരിക്ക ഔദ്യാഗികമായി പ്രഖ്യാപിച്ചിട്ടില്ല. ലിബിയയിലെ അടിയന്തര സാഹചര്യം നേരിടാൻ നടപടികൾ സ്വീകരിച്ചുവെന്നാണ് യു.എസ് അധികൃതരുടെ വിശദീകരണം. ടോമോഹാക് മിസൈലുകൾ അടക്കമുള്ള സജ്ജീകരണങ്ങളുള്ള പടക്കപ്പലുകൾ ഓരോന്നിലും മുന്നൂറോളം സൈനികരുമുണ്ട്.
യു.എസ് സ്ഥാനപതി കൊല്ലപ്പെട്ട സംഭവത്തിൽ ലിബിയൻ ഇടക്കാല പ്രധാനമന്ത്രി അമേരിക്കയോട് ക്ഷമചോദിച്ചു. അക്രമത്തിനുപിന്നിൽ വിദേശകരങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കൈറോയിലെ അമേരിക്കൻ വിരുദ്ധ പ്രക്ഷോഭങ്ങൾ അക്രമാസക്തമാവാതിരിക്കാൻ എല്ലാ മുൻകരുതലും സ൪ക്കാ൪ സ്വീകരിച്ചിട്ടുണ്ടെന്ന് ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സി വ്യക്തമാക്കി. വിവാദ സിനിമയെ മു൪സി അപലപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.