പ്രവാചക നിന്ദ: പ്രതിഷേധം യൂറോപ്പിലേക്കും
text_fieldsലണ്ടൻ: പ്രവാചകൻ മുഹമ്മദിനെ അപകീ൪ത്തിപ്പെടുത്തുന്ന വിവാദ സിനിമക്കെതിരെയുള്ള പ്രതിഷേധം യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. യൂറോപ്യൻ മേഖലയിൽ നേരത്തെ തു൪ക്കിയിൽ മാത്രം ഒതുങ്ങിയ പ്രതിഷേധമാണ് ഇപ്പോൾ ബ്രിട്ടനുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു കൂടി പട൪ന്നത്. വിവാദ സിനിമ ഇൻറ൪നെറ്റിൽ പ്രചരിക്കപ്പെട്ട സന്ദ൪ഭത്തിൽ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലുമാണ് കാര്യമായ സമരങ്ങൾ നടന്നത്. വിവാദം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും, ഏഷ്യയിൽ നിന്നടക്കം 20 രാജ്യങ്ങളിലെങ്കിലും ഇസ്ലാം വിരുദ്ധ സിനിമക്കെതിരായ പ്രക്ഷോഭം ശക്തമാണെന്നാണ് റിപ്പോ൪ട്ടുകൾ.
ലണ്ടനിലെ പ്രമുഖ ഇസ്ലാമിക സംഘടനയായ ഹിസ്ബു തഹ്രീറിൻെറ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. യു.എസ് എംബസിക്കു മുന്നിൽ നടത്തിയ സമരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ പങ്കെടുത്തു. അമേരിക്കൻ വിരുദ്ധ പ്ളക്കാ൪ഡുകളേന്തി നടന്ന സമരം സമാധാനപരമായിരുന്നു.
അമേരിക്കൻ ചിത്രത്തിനെതിരായ കേവല പ്രതിഷേധമല്ല, മറിച്ച് ലോക മുസ്ലിംകളുടെ ആഴത്തിലുള്ള വികാരമാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ, പ്രത്യേകിച്ച് അമേരിക്ക മുസ്ലിംകളുടെ മണ്ണിനും വിശ്വാസത്തിനും മേൽ തുട൪ച്ചയായി ആക്രമണം നടത്തുകയാണ്. തങ്ങളെ പിന്തുണക്കുന്ന അറബ് സ്വേച്ഛാധിപതികളെ കൂട്ടുപിടിച്ച് അഫ്ഗാനിലും ഇറാഖിലും ഗ്വണ്ടാനമോ തടവറയിലും അവ൪ ഇതുതന്നെ ചെയ്യുന്നു -പ്രതിഷേധക൪ പറഞ്ഞു. സമരക്കാരെ നേരിടാൻ ഏതാനും പൊലീസുകാരും എംബസിക്കുമുന്നിലുണ്ടായിരുന്നു.
ബെൽജിയത്തിലെ ആൻറ്വെ൪പ്പിലെ യു.എസ് എംബസിക്കു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഫ്രാൻസിലെ പാരിസാണ് ഇസ്ലാം വിരുദ്ധ സിനിമക്കെതിരെ പ്രതിഷേധം നടന്ന മറ്റൊരു യൂറോപ്യൻ നഗരം.
ആസ്ട്രേലിയയിലും അമേരിക്കൻ വിരുദ്ധ പ്രക്ഷോഭം ശക്തമാണ്. സിഡ്നിയിൽ അമേരിക്കൻ കോൺസുലേറ്റിനു മുന്നിൽ നടന്ന സമരം സംഘ൪ഷത്തിലേക്ക് നീങ്ങിയതായി റിപ്പോ൪ട്ടുകളുണ്ട്.
പ്രതിഷേധം ശക്തമാവുന്നതിനിടെ അമേരിക്ക വിവിധ രാജ്യങ്ങളിൽ സുരക്ഷ ശക്തമാക്കുകയാണ്. സുഡാൻ, തുനീഷ്യ എന്നീ രാജ്യങ്ങളിലെ എംബസികളിൽനിന്നും അത്യാവശ്യമില്ലാത്ത ജീവനക്കാരോട് രാജ്യം വിടാൻ യു.എസ് നി൪ദേശിച്ചിട്ടുണ്ട്.
സിനിമ നി൪മിച്ചവ൪ക്കെതിരെ നടപടിയെടുക്കുന്നതുവരെ രാജ്യത്തെ മുഴുവൻ യു.എസ് കോൺസുലേറ്റുകളും എംബസിയും അടച്ചിടണമെന്ന് ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് മുഹമ്മദ് സഈദ് പാക് സ൪ക്കാറിനോട് ആവശ്യപ്പെട്ടു.
അതേസമയം, യു.എസ് എംബസികൾ ആക്രമിക്കാനുള്ള അൽഖാഇദ ആഹ്വാനത്തിനു തൊട്ടുടനെ ഇതേ ആഹ്വാനവുമായി ഹിസ്ബുല്ലയും രംഗത്തു വന്നു. ഈ ചിത്രത്തിന് യു.എസ് കണക്കു പറയേണ്ടിവരുമെന്ന് ഹിസ്ബുല്ല നേതാവ് ശൈഖ് നസ്റുള്ള ഹസൻ ഒരു ടെലിവിഷൻ സംഭാഷണത്തിൽ മുന്നറിയിപ്പ് നൽകി. ഇതിലൂടെ തങ്ങളുടെ വികാരം അറിയിക്കുക മാത്രമല്ല നടപടിക്ക് നേതാക്കളോട് ആവശ്യപ്പെടുകയാണെന്നും നസ്റുല്ല പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.