കുരുതികള്‍ നല്‍കുന്ന അപായ സന്ദേശം
text_fieldsഗുജറാത്ത്, വംശഹത്യയുമായി ബന്ധപ്പെട്ട ഓരോ കേസിലെ വിധി വരുമ്പോഴും കലാപത്തിനു പിന്നിലെ യഥാ൪ഥ കുറ്റവാളിയായ നരേന്ദ്ര മോഡിയുടെ ശിക്ഷാവിധി വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എന്നിൽ ഉണരാറുള്ളത്. നരോദ പാട്യയിലെ കുരുതിയുടെ സംഘാടകയായ മായാ കോഡ്നാനിക്ക് 28 വ൪ഷത്തെ തടവുവിധിച്ച സന്ദ൪ഭത്തിലും അതേ പ്രതീക്ഷയിലായിരുന്നു ഞാൻ. വൈകിയാലും നീതി നിഷേധിക്കപ്പെടില്ല എന്ന പ്രത്യാശ എന്നിൽ ഇപ്പോഴുമുണ്ട്. കലാപത്തിൽ സ്വന്തം ഭാഗം ‘നന്നായി’ നിറവേറ്റിയതിൻെറ പേരിൽ മായാ കോഡ്നാനിയെ മന്ത്രിപദവി നൽകിയായിരുന്നു മോഡി അനുമോദിച്ചത്.
എന്നാൽ, ഗുജറാത്ത് പൊലീസിൻെറ സ൪വ കരുനീക്കങ്ങളെയും മറികടന്ന് പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി) മായയെ നീതിക്ക് മുന്നിൽ ഹാജരാക്കി. അന്യമതക്കാരായി എന്നതുകൊണ്ടു മാത്രം സ്വന്തം പൗരന്മാരെ കൊന്നു തള്ളാൻ പ്ളാനിട്ട് ആ പദ്ധതി പ്രാവ൪ത്തികമാക്കുന്ന ഒരു മുഖ്യമന്ത്രിയെ രാജ്യം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്? 2000ത്തിൽപരം മുസ്ലിംകളെയാണ് ഗുജറാത്തിൽ വകവരുത്തിയത്. സമാനമായ കുരുതിയായിരുന്നു 1984ൽ ന്യൂദൽഹിയിൽ അരങ്ങേറിയത്. ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനെ തുട൪ന്ന് തലസ്ഥാന നഗരികളിൽ 3000 ത്തോളം സിഖുകാ൪ നിഷ്ഠുരമായി വധിക്കപ്പെട്ടു. നിരപരാധികളായ സിഖ് പൗരന്മാരെ വധിക്കാൻ ഗൂഢാലോചന നടത്തിയവരെ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ആശീ൪വദിക്കുകയായിരുന്നു. അദ്ദേഹത്തിൻെറ കുപ്രസിദ്ധമായ ആ വാചകം നാം ഇപ്പോഴും ഓ൪മിക്കുന്നു: ‘വൻമരങ്ങൾ വീഴുമ്പോൾ ഭൂമി കുലുക്കം സംഭവിക്കാതെവയ്യ’ എന്ന വാചകം ആ൪ക്ക് സാന്ത്വനം പകരും?
ഗുജറാത്തിലെയും ദൽഹിയിലെയും കുരുതികളും കൊള്ളകളും സമാന രീതിയിലാണ് നി൪വഹിക്കപ്പെട്ടത്. ആദ്യം പൊതുജനങ്ങളെ ഇളക്കിവിടുന്നു. നിഷ്ക്രിയരാകാൻ പൊലീസിന് നി൪ദേശം നൽകുക. വൈകിമാത്രം പട്ടാളത്തെ വിളിക്കുക. ‘ലോക്പാൽ’ സംവിധാനം പ്രാബല്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ഈ കുരുതികളുടെ പേരിൽ മോഡിയും രാജീവ ്ഗാന്ധിയും പ്രതിപ്പട്ടികയിൽ ചേ൪ക്കപ്പെട്ടേനെ. നി൪ഭാഗ്യവശാൽ നമുക്ക് അത്തരം സംവിധാനങ്ങളില്ല. നീതി ലഭിക്കാൻ ജനങ്ങൾ, പ്രത്യേകിച്ച് ഇരകൾ ആരെ ശരണം തേടും? സംരക്ഷിക്കേണ്ടവ൪ ജീവൻ അപായപ്പെടുത്തുന്ന ഘാതകരായി പരിണമിക്കുമ്പോൾ പൗരന്മാ൪ എന്തുചെയ്യും?
ഇന്ത്യയിലെ നിയമവാഴ്ചാ സംവിധാനം തകരാറിലാണോ എന്ന സംശയമാണ് ഇവിടെ ഉയരുന്നത്. പൊലീസുകാ൪ അധികാരികളുടെ ചൊൽപ്പടിക്കുമാത്രം വഴങ്ങുന്നവ൪. പ്രവ൪ത്തന സ്വാതന്ത്ര്യം അശേഷവുമില്ലാത്തവ൪. നമ്മുടെ പൊലീസ് സംവിധാനം കുറ്റമറ്റതാക്കാൻ 1980 ൽതന്നെ ധ൪മവീര കമീഷൻ സുപ്രധാന ശിപാ൪ശകൾ സമ൪പ്പിക്കുകയുണ്ടായി. പൊലീസിനെ നിയന്ത്രിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നൽകണമെന്നതാണ് കമീഷൻെറ ശിപാ൪ശകളിലൊന്ന്. ഈ സമിതിയിൽ പ്രതിപക്ഷത്തിന് പ്രാതിനിധ്യം നൽകുകയും വേണം. എന്നാൽ, ഈ ശിപാ൪ശകൾ നടപ്പാക്കാൻ ഒറ്റ സംസ്ഥാന ഭരണകൂടവും തയാറായില്ല. അമേരിക്കയിൽ സംസ്ഥാനങ്ങളിലെ വ൪ണ വിവേചനം, ഒറ്റപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ ഇടപെടാൻ സംയുക്ത ഫെഡറൽ പൊലീസ് സംവിധാനമുണ്ട്. മിസിസ്സിപ്പി സംസ്ഥാനത്ത് പ്രാദേശിക ഭരണകൂടവും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധത്തിന് ഫെഡറൽ പൊലീസ് അറുതിവരുത്തിയ സംഭവം ചരിത്രപ്രസിദ്ധമാണ്.
ക്രമസമാധാനപാലന വ്യവസ്ഥയുടെ നിയന്ത്രണം അഭിമാന വിഷയമായാണ് സംസ്ഥാനങ്ങൾ കണക്കാക്കിപ്പോരുന്നത്. അതിനാൽ ന്യൂദൽഹി നിയോഗിക്കുന്ന ഫെഡറൽ പൊലീസിനെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യാൻ സംസ്ഥാനങ്ങൾ തയാറാകില്ല. കൂടാതെ സ്വന്തം പാ൪ട്ടി പ്രവ൪ത്തകരെ സംരക്ഷിക്കാൻ ഏതറ്റംവരെ പോകാൻ അധികാരി വ൪ഗം മടിക്കില്ല എന്നാണ് ഗുജറാത്തിലേയും ന്യൂദൽഹിയിലേയും കുരുതികൾ നൽകുന്ന അനുഭവപാഠം. നിറവും പേരും മാറാമെങ്കിലും രാഷ്ട്രീയ യജമാനന്മാരുടെ മ൪ദകോപകരണങ്ങളായി വ൪ത്തിക്കുന്ന അണികൾ സുലഭമായിരിക്കെ നിയമവാഴ്ച പുലരുമെന്ന പ്രതീക്ഷക്ക് സ്ഥാനമില്ല.
സംഘപരിവാര ശക്തികൾ കൂടുതൽ കൂടുതൽ ഹിന്ദുക്കളിൽ വ൪ഗീയ വിഷം കുത്തിവെച്ച് മുന്നേറുന്നു എന്നതാണ് അസ്വസ്ഥജനകമായ വസ്തുത. നരോദ പാട്യ കുരുതിയിൽ ബജ്റംഗ്ദളിൻെറ ഒരു പ്രവ൪ത്തകൻ ശിക്ഷിക്കപ്പെട്ടു എന്നത് ശുഭ സൂചനയാണ്. അതേസമയം ഹിന്ദു സമൂഹം മതേതരത്വത്തിനെതിരെ മുഖം തിരിക്കുന്നു എന്നത് നിരാശജനകമായ പ്രവണതയാണ്.
2014ലെ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള തയാറെടുപ്പ് നടത്തിവരുന്ന ബി.ജെ.പിക്ക് രാജ്യത്ത് ദിനേന സങ്കുചിതത്വം ശക്തിയാ൪ജിക്കുന്നതിൽ ആശങ്കയില്ല. അത്തരം പ്രതിലോമതകളിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്കില്ല എന്ന നിലപാടും ഈ പാ൪ട്ടി സ്വീകരിച്ചിരിക്കുന്നു.
മതേതരത്വത്തെ പിന്തുണക്കുന്ന കോൺഗ്രസാകട്ടെ ബി.ജെ.പിയുടെ കാ൪ബൺ പതിപ്പായി പരിണമിച്ചുകൊണ്ടിരിക്കുന്നു. മഹാത്മാഗാന്ധി, ജവഹ൪ലാൽ നെഹ്റു തുടങ്ങിയവരിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതായി അവകാശപ്പെടാറുണ്ടെങ്കിലും കോൺഗ്രസിന് അവസരവാദ നയമാണ് പഥ്യം.
ഈയിടെ മുസ്ലിംകൾക്കെതിരെ വിഷം വമിക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിച്ച രാജ്താക്കറെക്കെതിരെ നടപടി സ്വീകരിക്കാൻ കോൺഗ്രസ് കൂട്ടാക്കിയില്ല. ആസാദ് മൈതാനിയിൽ കലാപത്തിന് മുതി൪ന്ന മുസ്ലിം തീവ്രവാദികളെ തടയാനും കോൺഗ്രസ് സ൪ക്കാ൪ മടിക്കുകയുണ്ടായി. ജാതിയുടെ പേരുപറഞ്ഞാൽ കൂടുതൽ വോട്ടുകൾ സമാഹരിക്കാം എന്ന മൂഢ വിശ്വാസത്തിലാണിപ്പോൾ കോൺഗ്രസും ബി.ജെ.പിയും.
വ്യാജ ഏറ്റുമുട്ടൽ കേസുകളുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ മായാ കോഡ്നാനിമാ൪ ശിക്ഷിക്കപ്പെടുമായിരുന്നില്ല. പക്ഷേ, ദൽഹിയിലെ സിഖ് കുരുതിയുടെ കാര്യത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടായില്ല. കുരുതിയുടെ ചോരപ്പാടുകൾ കൗശലപൂ൪വം രാജീവ് സ൪ക്കാ൪ തുടച്ചുനീക്കിയിരുന്നു.
1987ൽ യു.പിയിലെ ഹാഷിംപുരയിൽ അരങ്ങേറിയ 22 മുസ്ലിംകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകളും നശിപ്പിക്കപ്പെട്ടു. ആ കേസ് ഒരിക്കലും കീഴ്കോടതിയിൽനിന്ന് മേൽക്കോടതികളിൽ എത്തിയില്ല. നിയമങ്ങൾ കൊണ്ടുമാത്രം നീതി നടപ്പാക്കാനാകില്ല. നിയമങ്ങൾ നടപ്പാക്കാനുള്ള യഥാ൪ഥ താൽപര്യം ഭരണകൂടം പ്രകടിപ്പിക്കുകയും വേണം. ഓരോ കലാപവും നൽകുന്ന സന്ദേശം അതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.