ആനന്ദന്‍കുടിക്ക് സമീപം പൗരാണിക ഗുഹ കണ്ടെത്തി
text_fieldsകോതമംഗലം: കുട്ടമ്പുഴ പിണവൂ൪കുടി ആനന്ദൻകുടിക്ക് സമീപം പൗരാണിക ഗുഹ കണ്ടെത്തി. ശിലായുഗ കാലത്തേതെന്ന് സംശയിക്കുന്ന ‘വവ്വാൽ അള്ള്’ എന്ന പേരിൽ അറിയപ്പെടുന്ന ഗുഹയാണ് ആനന്ദൻ കുടിയിൽ ഏകദേശം നാല് കിലോമീറ്റ൪ അകലെ ഉൾകാടുകളിൽ കണ്ടെത്തിയത്. 100 ൽ പരം പേ൪ക്ക് ഇരിക്കാനും നിൽക്കാനും സൗകര്യമുള്ളതാണ് ഗുഹ.
ഇരുനിലകളിലായാണ് ഗുഹ നി൪മിച്ചിരിക്കുന്നത്. ഗുഹക്കകത്ത് അപൂ൪വയിനം വവ്വാലുകളുടെ ആവാസ കേന്ദ്രമാണ് ഇപ്പോൾ ഗുഹ. ഗുഹയിലേക്ക് എത്തിപ്പെടണമെങ്കിൽ കുത്തനെയുള്ള കയറ്റം കയറിയതിന് ശേഷം ഏകദേശം ഒരുമീറ്റ൪ താഴ്ചയിലേക്ക് ചാടിയിറങ്ങിയാൽ മാത്രമേ ഗുഹാ മുഖത്ത് എത്തിച്ചേരാൻ സാധിക്കൂ. ഒരാൾക്ക് നുഴഞ്ഞുകടക്കാവുന്ന ഗുഹാമുഖം കടന്നുചെന്നാൽ ഏകദേശം 1500 സ്ക്വയ൪ ഫീറ്റ് വിസ്തൃതിയിൽ ചെത്തിമിനുക്കിയനിലയിൽ വിശ്രമത്തിന് ഒരുക്കിയ ഇടം. ഇരുൾ മൂടിയ ഈ പ്രദേശത്ത് എത്തിപ്പെടണമെങ്കിൽ ഏറെ ക്ളേശം സഹിക്കേണ്ടതുണ്ട്. ഈ ഗുഹയിൽ നിന്നും 55 മീറ്റ൪ അകലെയായി ആദിവാസികളുടെ ശ്മശാനം ഉണ്ടെങ്കിലും ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
പക്ഷി നിരീക്ഷകനായ എം.എസ്. സുധീഷാണ് ഗുഹയെ സംബന്ധിച്ച വിവരം പുറംലോകത്തെത്തിച്ചത്. വവ്വാൽ അള്ളിനെക്കുറിച്ച് വിവരം അറിഞ്ഞതോടെ ധാരാളം ആളുകൾ ഇത് കാണുന്നതിന് എത്തുന്നുണ്ട്.
പൂയംകുട്ടി, തട്ടേക്കാട് മേഖലകളിൽ നിരവധി മുനിയറകൾ, നേരത്തേ കണ്ടെത്തിയിരുന്നു. എങ്കിലും ആദ്യമായാണ് ഇത്രയും വലിയ ഗുഹ കണ്ടെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.