സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം: സമാധാനത്തിന് ധാരണ
text_fieldsആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി നടന്നുവരുന്ന സി.പി.എം-ആ൪.എസ്.എസ് ആക്രമണം ജനങ്ങൾക്ക് ഭീഷണിയായി മാറിയ സാഹചര്യത്തിൽ പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഇരുകക്ഷികളും മുന്നോട്ടുപോകണമെന്ന് കലക്ട൪ പി. വേണുഗോപാലിൻെറ അധ്യക്ഷതയിൽ ചേ൪ന്ന സ൪വകക്ഷിയോഗം ആഹ്വാനം ചെയ്തു.
വിവിധ കക്ഷിനേതാക്കളുടെ അഭിപ്രായങ്ങളും കലക്ടറുടെ നി൪ദേശങ്ങളും പരിഗണിച്ച് സംഘ൪ഷം അവസാനിപ്പിക്കാൻ ഇരുകക്ഷികളും സമ്മതിച്ചു. പള്ളിപ്പുറം, ചേ൪ത്തല, വെൺമണി, ചെങ്ങന്നൂ൪ തുടങ്ങിയ പ്രദേശങ്ങളിലാണ് സി.പി.എം-ആ൪.എസ്.എസ് സംഘട്ടനം നടന്നത്.പള്ളിപ്പുറം, ചേ൪ത്തല ഭാഗങ്ങളിൽ മാത്രമായി 101 പേ൪ക്കെതിരെ കേസുകൾ എടുത്തിട്ടുണ്ടെന്നും അക്രമരാഷ്ട്രീയത്തിൻെറ കാലം കഴിഞ്ഞെന്ന തിരിച്ചറിവോടെ ഓരോ കക്ഷികളും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റി സമാധാനത്തിൻെറ പാതയിലേക്ക് വരണമെന്നും കലക്ട൪ അഭ്യ൪ഥിച്ചു.
ശക്തമായ നടപടി പൊലീസിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് ചീഫ് കെ.ജി. ജയിംസ് പറഞ്ഞു. പൊലീസിനെ നിഷ്ക്രിയമാക്കാൻ അനുവദിക്കില്ല. ചേ൪ത്തല ഡിവൈ.എസ്.പിക്ക് ആവശ്യമായ നി൪ദേശങ്ങൾ നൽകിയിട്ടുണ്ട്. കേസുകളുടെ കാര്യത്തിൽ ഒത്തുതീ൪പ്പ് ഉണ്ടാകില്ലെന്നും മണലൂറ്റ് സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
മാസത്തിൽ ഒരുദിവസം സ൪വകക്ഷി യോഗങ്ങൾ നടത്തുന്നത് നന്നായിരിക്കുമെന്നും നിസ്സാര കാര്യങ്ങളുടെ പേരിലുള്ള തെറ്റിദ്ധാരണ പാ൪ട്ടി നേതാക്കൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.ചേ൪ത്തല താലൂക്കിൻെറ ഭാഗങ്ങളിൽ ഉണ്ടായ ആക്രമണ സംഭവങ്ങളിൽ പൊലീസ് സമയോചിതമായി ഇടപെട്ടുവെന്ന് കരുതാനാവില്ലെന്ന് അഡ്വ. എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു.
പള്ളിപ്പുറം പള്ളി പെരുന്നാൾ ദിവസം ഒരു യുവാവിനെ കുറേയാളുകൾ തല്ലിയ സംഭവത്തിൽ പൊലീസ് കാഴ്ചക്കാരായി നിന്നുവെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
സി.പി.എം നേതാവ് എൻ.ആ൪. ബാബുരാജിനെപ്പോലുള്ളവരെ മ൪ദിച്ചത് ഹീനമായ നടപടിയാണെന്ന് പി.തിലോത്തമൻ എം.എൽ.എ പറഞ്ഞു.
അനിഷ്ടസംഭവങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ബോധ്യപ്പെട്ട് ഭാവിയിൽ ആവ൪ത്തിക്കില്ലെന്ന ബി.ജെ.പി, ആ൪.എസ്. എസ് നേതാക്കളുടെ അഭിപ്രായവും സ്വാഗതാ൪ഹമാണ്. പ്രശ്നങ്ങൾ ച൪ച്ചയിലൂടെ പരിഹരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
സി.പി.എം സമാധാനത്തിന് എതിരല്ലെന്നും ആക്രമണത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു പറഞ്ഞു.
വിദ്യാ൪ഥികളെ മ൪ദിക്കുകയും പിന്നീട് അത് സി.പി.എമ്മിനെതിരെയുള്ള ആക്രമണമായി മാറുകയും ചെയ്തപ്പോൾ പൊലീസ് വേണ്ടരീതിയിൽ പ്രവ൪ത്തിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പള്ളിപ്പുറം കോളജ് പ്രവ൪ത്തിക്കുന്ന പ്രദേശത്തിൻെറ പ്രത്യേക സാഹചര്യം മുതലെടുത്ത് ഒട്ടേറെ സാമൂഹികവിരുദ്ധ സംഘങ്ങൾ പ്രവ൪ത്തിക്കുന്നുണ്ട്. അത് പൊലീസ് മനസ്സിലാക്കണം. ക്രമസമാധാനം നിലനി൪ത്താൻ എല്ലാവിധ ശ്രമങ്ങൾക്കും സി.പി.എമ്മിൻെറ പിന്തുണയുണ്ടാകുമെന്നും ഏകപക്ഷീയ നിലപാടുകളോടാണ് വിയോജിപ്പെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ സമാധാനത്തിന് എതിരല്ലെന്നും പ്രവ൪ത്തിക്കാനുള്ള സ്വാതന്ത്ര്യത്തെ സി.പി.എം തടസ്സപ്പെടുത്തുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ആ൪.എസ്.എസ് നേതാക്കളായ എൽ. പത്മകുമാ൪, പി. രാജേഷ് തുടങ്ങിയവ൪ പറഞ്ഞു. ബാബുരാജിനെ ആക്രമിച്ച സംഭവം ഖേദകരമാണ്. കുഴപ്പങ്ങൾക്കെല്ലാം കാരണം ആ൪. എസ്. എസാണെന്ന സി.പി.എമ്മിൻെറ വാദം ശരിയല്ലെന്നും സി.പി.എമ്മിലെ ഒരുവിഭാഗമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും അവ൪ പറഞ്ഞു.
സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നതായും അവ൪ വ്യക്തമാക്കി.സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഡ്വ. കെ. പ്രസാദ്, സി.പി.എം നേതാവ് എൻ.ആ൪. ബാബുരാജ്, ബി.ജെ.പി നേതാവ് ടി. സജീവ്ലാൽ, കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവ് ജോ൪ജ് ജോസഫ് എന്നിവ൪ സംസാരിച്ചു.
എ.ഡി.എം കെ.പി. തമ്പി, വിവിധ കക്ഷിനേതാക്കളായ എസ്. ജയകൃഷ്ണൻ, ബി. വിനോദ്, തോമസ് വേലിക്കകം, ദിനൂപ് വേണു, അരുൺകുമാ൪, ആ൪. രഞ്ജിത്, ടി.ആ൪. പ്രവീൺ, ടി.എ. മെഹബൂബ്, ആ൪. പൊന്നപ്പൻ, പി. ജ്യോതിസ്, കളത്തിൽ വിജയൻ, തോമസ് വേലിക്കകം എന്നിവരും ചേ൪ത്തല ഡിവൈ.എസ്.പി എ.ജി. ലാൽ, സി.ഐ കെ.ജി. അനീഷ്, ചേ൪ത്തല തഹസിൽദാ൪ പി.എസ്. രാജീവ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.