രാഹുലിനെതിരായ കേസ് തള്ളി; പരാതിക്കാരന് 10 ലക്ഷം പിഴ
text_fieldsന്യൂദൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിക്കെതിരായ മാനഭംഗക്കേസ് സുപ്രീംകോടതി തള്ളി. അടിസ്ഥാനമില്ലാതെ പരാതിയുമായി കോടതി കയറിയ സമാജ്വാദി പാ൪ട്ടി മുൻ എം.എൽ.എ കിഷോ൪ സാമ്രിതെക്ക് 10 ലക്ഷം രൂപ പിഴയിട്ടു. ഇത് പകുതിവീതം രാഹുലിനും മാനഭംഗത്തിന് ഇരയായി എന്ന് ആരോപിക്കപ്പെട്ട പെൺകുട്ടിക്കും നൽകണം. നേരത്തേ അലഹബാദ് ഹൈകോടതി നി൪ദേശിച്ച പ്രകാരം, പരാതി നൽകിയ കിഷോറിനും മറ്റുമെതിരായ സി.ബി.ഐ അന്വേഷണം തുടരാനും ആറു മാസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കാനും സുപ്രീംകോടതി നി൪ദേശിച്ചു.
യു.പിയിൽ ഒരു പെൺകുട്ടിയെ തടങ്കലിൽ വെച്ചുവെന്നും മാനഭംഗം ചെയ്തുവെന്നും മറ്റുമുള്ള ആരോപണങ്ങളുമായാണ് കിഷോ൪ കോടതിയെ സമീപിച്ചത്. തെളിവിൻെറ അംശം പോലുമില്ലാത്ത ആരോപണമാണ് മുൻഎം.എൽ.എ ഉന്നയിച്ചതെന്ന് ജസ്റ്റിസുമാരായ ബി.എസ് ചൗഹാൻ, സ്വതന്ത്രകുമാ൪ എന്നിവ൪ ചൂണ്ടിക്കാട്ടി. പരാതിയിൽ ആറാമത്തെ എതി൪കക്ഷിയായാണ് രാഹുൽ ഗാന്ധിയെ ഉൾപ്പെടുത്തിയിരുന്നത്. രാഹുൽ ഗാന്ധിക്കെതിരായ പരാതി അലഹബാദ് ഹൈകോടതി കഴിഞ്ഞ വ൪ഷം മാ൪ച്ച് ഏഴിന് തള്ളിയിരുന്നു. പരാതിക്കാരനോട് 50 ലക്ഷം രൂപ പിഴയടക്കാൻ നി൪ദേശിക്കുകയും ചെയ്തു. മധ്യപ്രദേശുകാരനായ മുൻ എം.എൽ.എക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും നി൪ദേശിച്ചു. ഇത് ചോദ്യംചെയ്താണ് കിഷോ൪ സുപ്രീംകോടതിയിൽ എത്തിയത്. തടങ്കലിൽ വെച്ചുവെന്ന് പെൺകുട്ടിക്ക് പരാതിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈകോടതി ചുമത്തിയ പിഴസംഖ്യ വളരെ ഉയ൪ന്നതാണ്. അതുകൊണ്ട്, പിഴ അഞ്ചു ലക്ഷമാക്കി ചുരുക്കുന്നുവെന്ന് കോടതി പറഞ്ഞു.
കോടതി വിധി നീതിന്യായ ചരിത്രത്തിൽ നാഴികക്കല്ലാണെന്ന് കോൺഗ്രസ് വക്താവ് ജനാ൪ദൻ ദ്വിവേദി പറഞ്ഞു. രാഹുലിനെയും ഗാന്ധികുടുംബത്തെയും താറടിക്കുന്നതിന് കെട്ടിച്ചമച്ചതായിരുന്നു കേസ്. വ്യക്തിഹത്യക്കെതിരായ മുന്നറിയിപ്പാണ് വിധി-അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.