പത്തനംതിട്ട ഡിപ്പോ 8.5 കോടി ചെലവില്‍ പുനര്‍നിര്‍മിക്കും
text_fieldsപത്തനംതിട്ട: കെ.എസ്.ആ൪.ടി.സി ഡിപ്പോയിൽ 8.5 കോടിയുടെ പുതിയ ഷോപ്പിങ് കോംപ്ളക്സ് കം ഗാരേജ് നി൪മിക്കാൻ അനുമതിയായി. നി൪മാണം കെ.എസ്.ആ൪.ടി.സി നേരിട്ടാകും നടത്തുക. ഗതാഗതമന്ത്രി ആര്യാടൻ മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. കൂടുതൽ തുക ആവശ്യമായാൽ പിന്നീട് അനുവദിക്കും.
മൂന്ന് നിലയിലെ കോംപ്ളക്സാണ് ഇപ്പോൾ പണിയുക. യാത്രക്കാ൪ക്ക് വെയിലും മഴയും ഏൽക്കാതെ ബസുകളിൽ കയറാനുള്ള സൗകര്യം ഒരുക്കും. കെ.എസ്.ആ൪.ടി.സിയുടെ ആവശ്യത്തിനുശേഷമുള്ള സ്ഥലം വാണിജ്യപരമായ ആവശ്യങ്ങൾക്ക് വാടകക്ക് നൽകാനും തീരുമാനിച്ചു. എത്രയും വേഗം കെട്ടിട നി൪മാണത്തിന് ടെൻഡ൪ നടപടി സ്വീകരിക്കണമെന്ന് യോഗം കെ.എസ്.ആ൪.ടി.സി അധികൃതരോട് ആവശ്യപ്പെട്ടു. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. ശിവദാസൻ നായ൪ എം.എൽ.എ, കെ.എസ്.ആ൪.ടി.സി ജനറൽ മാനേജ൪ പി. വേണുഗോപാൽ, ചീഫ് എൻജിനീയ൪ ആ൪. ഇന്ദു എന്നിവ൪ പങ്കെടുത്തു. നേരത്തേ 30 കോടിയുടെ പദ്ധതിയാണ് തയാറാക്കിയിരുന്നത്. കെ.എസ്.ആ൪.ടി.സിയുടെ സ൪വീസേതര വരുമാനം വ൪ധിപ്പിക്കുന്നതിൻെറ ഭാഗമായാണ് ഷോപ്പിങ് കോംപ്ളക്സ് പണിയാൻ തീരുമാനിച്ചത്. നാല് നിലയിലായി 2.20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വൻഷോപ്പിങ് കോംപ്ളക്സാണ് അന്ന് വിഭാവന ചെയ്തത്. കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് മാത്യു ടി. തോമസ് ഗതാഗത മന്ത്രിയായിരിക്കെ 2008 ഒക്ടോബറിൽ സംസ്ഥാനത്തെ വാണിജ്യ പ്രാധാന്യമുള്ള 30 ഡിപ്പോകളിൽ ബി.ഒ.ടി വ്യവസ്ഥയിൽ ഷോപ്പിങ് കോംപ്ളക്സുകൾ പണിയാൻ തീരുമാനിച്ചിരുന്നു. ജില്ലക്കാരനായ മന്ത്രി പത്തനംതിട്ട, തിരുവല്ല ഡിപ്പോകളെ പദ്ധതിയിൽ ഉൾപ്പെടുത്തി. തിരുവല്ലയിൽ 2010 ജൂലൈയിൽ ടെൻഡ൪ നടപടി പൂ൪ത്തീകരിച്ച് നി൪മാണം തുടങ്ങുകയും ചെയ്തു. മാത്യു ടി. തോമസ് മന്ത്രി പദവി ഒഴിഞ്ഞതോടെ പത്തനംതിട്ട ഡിപ്പോയിലെ പണികൾ അനിശ്ചിതത്വത്തിലായി. പണികൾ തുടങ്ങാനുള്ള ചീഫ് ടൗൺ പ്ളാനറുടെ അനുമതിയും മണ്ണുപരിശോധനയും നേരത്തേ നടന്നിരുന്നു. പണി തുടങ്ങുമ്പോൾ ബസ്സ്റ്റാൻഡിൻെറ പ്രവ൪ത്തനം താൽക്കാലികമായി പഴയ സ്റ്റാൻഡിലേക്ക് മാറ്റാനും ധാരണയായിരുന്നു. എറണാകുളത്തെ സീ - എ൪ത്ത് പ്രൈവറ്റ് ലിമിറ്റഡാണ് അന്ന് ഷോപ്പിങ് കോംപ്ളക്സിൻെറ രൂപകൽപ്പന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.