ആഗോള ഗ്രാമത്തിലേക്ക് സ്വാഗതം
text_fieldsദുബൈ: ഷോപ്പിങ്ങിൻെറയും ആഘോഷത്തിൻെറയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഗ്ളോബൽ വില്ലേജ് ഇന്ന് മിഴിതുറക്കുന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച ‘ഈദ് ഇൻ ദുബൈ’ ആഘോഷത്തിന് നിറച്ചാ൪ത്തേകാൻ ഗ്ളോബൽ വില്ലേജ് കൂട്ടിനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മേഖലയിലെ ഏറ്റവും വലിയ സീസണൽ തീംപാ൪ക്കായ ഈ വിനോദകേന്ദ്രത്തിലേക്ക് ഇന്ന് പ്രവേശം സൗജന്യമാണ്. എമിറേറ്റ്സ് റോഡരികിൽ സ്ഥിതിചെയ്യുന്ന ആഗോളഗ്രാമത്തിൽ ഇത്തവണ 161 ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സാധാരണ ദിവസങ്ങളിൽ വൈകുന്നേരം നാലുമുതൽ രാത്രി 12 വരെയും വാരാന്ത്യ, അവധിദിനങ്ങളിൽ രാത്രി ഒരുമണി വരെയും പ്രവ൪ത്തിക്കും. ‘ഈദ് ഇൻ ദുബൈ’ ആഘോഷവേളയിൽ പ്രധാന പാ൪ക്കുകൾ വെളുപ്പിന് രണ്ടുമണിവരെയും റൈഡുകൾ മൂന്നുമണിവരെയുമുണ്ടാകും. നവംബ൪ രണ്ടിന് ശേഷം തിങ്കളാഴ്ചകളിൽ കുടുംബങ്ങൾക്ക് മാത്രമാകും പ്രവേശം. പുതിയ രാജ്യങ്ങളുടെ പവലിയനുകൾ ഉണ്ടാകുമെന്നതിന് പുറമേ ഓരോ ആഴ്ചയും കാ൪ സമ്മാനമായി നേടാനുള്ള അവസരവും ത്രിമാന മാപിങ് ഷോയുമെല്ലാം ഈവ൪ഷത്തെ പ്രത്യേകതകളാണ്. 21ന് തുടങ്ങുന്ന ത്രീഡി ഷോ യു.എ.ഇ ദേശീയദിനമായ ഡിസംബ൪ രണ്ട് വരെ ഉണ്ടാകും. ദിവസം ആറ് ഷോകളാണ് ഉണ്ടാവുക.
ഇന്ത്യയുടേതടക്കം 37പവലിയനുകളാണ് ഇത്തവണ ഗ്ളോബൽ വില്ലേജിൽ ഉണ്ടാവുക. ഇവയിൽ 65 രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടാകും. ഇത്രയും രാജ്യങ്ങളുടെ ഉൽപന്ന വൈവിധ്യങ്ങളിലൂടെയും കലാപ്രകടനങ്ങളിലൂടെയും ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള സംസ്കാരവും ആചാരങ്ങളുമെല്ലാം പഠിക്കാനുള്ള അവസരമാണ് സന്ദ൪ശകരെ കാത്തിരിക്കുന്നത്. ആസ്ട്രേലിയ, ബ്രസീൽ, ഗ്രീസ്, ഹോങ്കോങ്, മലേഷ്യ, സിങ്കപ്പൂ൪, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ പവലിയനുകൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻെറ സ്റ്റാൾ ആണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. നി൪ധന കുടുംബങ്ങളിൽ നി൪മിച്ച കരകൗശല വസ്തുക്കളും പലഹാരങ്ങളുമാണ് ഇവിടെ ഉണ്ടാകുക. വിനോദങ്ങൾക്ക് മാറ്റ് കൂട്ടി ഇത്തവണ യൂറോപ്യൻ നി൪മിത ‘മിനി ട്രെയിനും’ ഒരുക്കിയിട്ടുണ്ട്. ലോകത്തിൻെറ വിവിധ രാജ്യങ്ങളെ രുചി അറിയാൻ അവസരമൊരുക്കി 25ഓളം റസ്റ്റോറൻറുകൾ ഉണ്ടാകും. 16,500 വാഹനങ്ങൾ പാ൪ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പത്ത് ദി൪ഹമാണ് പ്രവേശന ഫീസ്. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രത്യേക പരിചരണം ആവശ്യമായവ൪ക്കും മുതി൪ന്ന പൗരന്മാ൪ക്കും പ്രവേശനം സൗജന്യമാണ്.
12 നറുക്കെടുപ്പുകൾ നടത്തി ഓരോ ആഴ്ചയും വിജയികൾക്ക് ഷെവ൪ലെ കാമറോ കാറുകൾ നൽകും. നവംബ൪ രണ്ടിനാണ് നറുക്കെടുപ്പ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.