ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം - പിണറായി
text_fieldsതിരുവനന്തപുരം: ദേവസ്വം ഓ൪ഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. ദേവസ്വം ബോ൪ഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സി വഴിയാക്കാൻ എൽ.ഡി.എഫ് സ൪ക്കാ൪ നേരത്തെ തീരുമാനിച്ചതാണ്. ഇപ്പോഴത്തെ നീക്കത്തിലൂടെ പ്രത്യേക ബോ൪ഡ് വഴി നിയമനം നടത്താൻ യു.ഡി.എഫ് സ൪ക്കാ൪ വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നു. ഭരണഘടന നൽകുന്ന അവകാശമാണ് മറ്റൊരു നിയമം വഴി ഭേദഗതി ചെയ്തിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്.
വോട്ടു ചെയ്യുന്ന എം.എൽ.എമാ൪ ഈശ്വരവിശ്വാസിയാണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതില്ല എന്ന വിധിയും കാറ്റിൽപറത്തിയിരിക്കുന്നു. ഭരണ സമതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവ൪ മാത്രം ഈശ്വര വിശ്വാസിയാണെന്ന് സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നായിരുന്നു കോടതി നിരീക്ഷണം. ഈശ്വര വിശ്വാസിയായാൽ മാത്രമെ ഹിന്ദു ആവൂ എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് കാണുന്നത്. പുരാതന കാലം മുതൽ ഹിന്ദു മതത്തിൽ ചാ൪വാക സിദ്ധാന്തം അംഗീകരിക്കപ്പെട്ടതാണ്. നിരീശ്വരവാദമാണ് അതിന്റെ കാതൽ. അതെല്ലാം നിലനിൽക്കെ, ആരാണ് ഇത്തരമൊരു നി൪ദേശം നൽകിയതെന്ന് വ്യക്തമാക്കണം. തെറ്റായ രീതിയിൽ നിയമത്തെ വ്യാഖ്യാനിക്കാൻ പാടില്ല -പിണറായി പറഞ്ഞു.
ക്ഷേത്രങ്ങളിൽ പോവുന്ന ഭൂരിഭാഗം പേരും സ്ത്രീകളാണ്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് എൽ.ഡി.എഫ് സ൪ക്കാ൪ ഭരണ സമിതിയിൽ സ്ത്രീ പ്രാതിനിധ്യം ഇരിക്കട്ടെ എന്നുവെച്ചത്. ഈ ഘട്ടത്തിൽ ഉള്ള സ്ത്രീ പ്രാതിനിധ്യം പോലും വേണ്ട എന്നുവെച്ചത് എന്തടിസ്ഥാനത്തിലാണ്? ഇത് അനീതിയും സ്ത്രീകളെ അവഹേളിക്കലും ആണ്.
ദേവസ്വം നിയമം എൽ.ഡി.എഫ് സ൪ക്കാ൪ ഭേദഗതി ചെയ്തിട്ടുണ്ട്. അതിൻെറ ഫലമായാണ് തിരുവിതാംകൂ൪-കൊച്ചിൻ ദേവസ്വം ബോ൪ഡുകളിലേക്കുള്ള നിയമനം പി.എസ്.സിക്കു വിടാൻ തീരുമാനമായത്. പി.എസ്.സി ഭരണഘടനാ സ്ഥാപനമാണ്. പുതിയ റിക്രൂട്ട്മെൻറ് ബോ൪ഡ് വരുന്നത് അഴിമതിക്ക് കളമൊരുക്കാൻ മാത്രമാണ്. ഇത് ദുരുദ്ദേശപരമാണ്. നിലവിൽ പി.എസ്.സി നിയമനത്തിനുള്ള നീക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. തിരുവിതാംകൂ൪ ദേവസ്വത്തിലേക്കുള്ള നിയമനത്തിൻെറ കടരു ചട്ടങ്ങൾ ബോ൪ഡ് തയ്യാറാക്കി. അത് പി.എസ്.സിക്ക് അയച്ചുകൊത്തു. പി.എസ്.സി അത്പരിശോധിച്ച് ഭേദഗതിക്ക് നി൪ദേശിച്ചു.ശേഷം അന്തിമമായി ചട്ടങ്ങൾ പ്രസിദ്ധീകരിക്കാനുള്ള നടപടിയിൽ നിൽക്കുകയാണ്. ഇനി ആളുകളെ റിക്രൂട്ട് ചെയ്താൽ മാത്രം മതി. കൊച്ചിൻ ദേവസ്വം ബോ൪ഡും ഇത് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് പുതിയ റിക്രൂട്ട്മെൻറ് ബോ൪ഡിനെ നിയമനം ഏൽപിക്കാനൊരുങ്ങുന്നുത്. ഈ നീക്കത്തെ ഒറ്റക്കെട്ടായി എതി൪ക്കണമെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.