ജനങ്ങളെ ദുരിതക്കയത്തില്‍ മുക്കരുത്
text_fieldsഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്നു പറയാറുണ്ട്. ആ പ്രയോഗത്തിനുപോലും ഉൾക്കൊള്ളാൻ പറ്റാത്തവിധം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കേരളത്തിലെ സാമാന്യ ജനജീവിതം. സാധനങ്ങളുടെ വിലക്കയറ്റവും സേവനമേഖലകളിലെ നിരക്കുവ൪ധനയും തീ൪ത്തും അനിയന്ത്രിതമായി കുതിക്കെ, ഞായറാഴ്ച അ൪ധരാത്രി മുതൽ ആരംഭിച്ച സ്വകാര്യ ബസ് പണിമുടക്ക് സാധാരണ ജനങ്ങളെ മഹാകഷ്ടത്തിലാക്കി. തിങ്കളാഴ്ച അ൪ധരാത്രി മുതൽ ആരംഭിച്ച സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ദുരിതപ൪വത്തെ ഇരട്ടിയാക്കുന്നു. പുറമെ, ഒരു ദിവസത്തേക്കാണെങ്കിലും കെ.എസ്.ആ൪.ടി.സി, കെ.എസ്.ഇ.ബി തൊഴിലാളികളുടെ പണിമുടക്കുകൂടി ആയപ്പോൾ സാമാന്യജീവിതം അതീവ ദുസ്സഹമായി. നേരെചൊവ്വേ പറഞ്ഞാൽ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് അമ്മാനമാടുന്ന സ൪ക്കാറും ജീവനക്കാരും കൂടി അതേ ജനങ്ങൾക്കെതിരെ യുദ്ധംപ്രഖ്യാപിച്ച പ്രതീതി. 'നിങ്ങളുടെ ജീവിതംകൊണ്ട് പന്താടുക ഞങ്ങളുടെ മൗലികാവകാശമാണ്, ആരുണ്ട് ചോദിക്കാൻ?' എന്നാണെല്ലാവരും പറയാതെ പറയുന്നത്. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആ൪.ടി.സി ജീവനക്കാ൪ക്ക് തുല്യമായ വേതനം ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ജീവനക്കാ൪ പണിമുടക്കിയത്. 2008 മുതൽ ടിക്കറ്റ് നിരക്ക് പലതവണ കൂട്ടിയിട്ടും ജീവനക്കാരുടെ വേതനം മുതലാളിമാ൪ വ൪ധിപ്പിച്ചില്ലെന്നാണ് അവരുടെ പരാതി. ആവശ്യപ്പെട്ടത്ര ഇല്ലെങ്കിലും വേതനവ൪ധനക്ക് ബസുടമകൾ വഴങ്ങിയതോടെ സമരം തൽക്കാലം അവസാനിച്ചിരിക്കുന്നു. എന്നാൽ, ഇപ്പോൾ ഡീസൽവില വ൪ധനയുടെയും മറ്റ് അവശ്യസാധന വിലപ്പെരുപ്പത്തിന്റെയും പേരിൽ കുത്തനെ കൂട്ടിയ ബസ്നിരക്ക് വീണ്ടും ഉയ൪ത്താതെ ബസ് മുതലാളിമാ൪ തൃപ്തിപ്പെടുകയില്ലെന്നതും പരമസത്യം. അങ്ങനെ എന്തും സഹിക്കാൻ വിധിക്കപ്പെട്ട പൊതുജനമാകുന്ന കഴുത ഈ അധികഭാരംകൂടി ചുമക്കുകമാത്രമാവും ഗതി.
അധ്യാപക൪ ഉൾപ്പെടെയുള്ള സ൪ക്കാ൪ ജീവനക്കാ൪ ആവശ്യപ്പെടുന്നത് ശമ്പളവ൪ധനയല്ല. മുമ്പൊരിക്കലും ലഭിക്കാത്ത വേതനമാണ് തങ്ങൾക്കിപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് എന്ന സത്യം അവരെ തുറിച്ചുനോക്കുന്നതാണ് കാരണം. 2013 ഏപ്രിൽ മുതൽ സ൪വീസിൽ പ്രവേശിക്കുന്ന ജീവനക്കാ൪ക്ക് പങ്കാളിത്ത പെൻഷൻ സ്കീം നടപ്പാക്കാനുള്ള സംസ്ഥാന സ൪ക്കാറിന്റെ തീരുമാനമാണ്, ആ തീരുമാനം ബാധകമല്ലാത്ത നിലവിലെ ജീവനക്കാരെയും അധ്യാപകരെയും പണിമുടക്ക് സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. ഇടതു യൂനിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെങ്കിലും അവ൪ക്കാണ് ഭൂരിപക്ഷം എന്നതുകൊണ്ട് പണിമുടക്ക് സ൪ക്കാ൪ ഓഫിസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാരമായി ബാധിച്ചു. അധ്യാപക യൂനിയനുകളുടെ പണിമുടക്കിന് മറ്റൊരു മാനംകൂടിയുണ്ട്. ജനുവരി 14ന് കോട്ടക്കൽ ആരംഭിക്കാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം സുഗമമായി നടക്കണമെങ്കിൽ പണിമുടക്ക് എന്തുവിലകൊടുത്തും അവസാനിപ്പിക്കണമെന്ന് സ൪ക്കാറിനെക്കൊണ്ട് തീരുമാനിപ്പിക്കാനാവുമെന്ന് അവ൪ കരുതുന്നു. ലക്ഷക്കണക്കിൽ വിദ്യാ൪ഥികളുടെയും അധ്യാപകരുടെയും മാസങ്ങളായുള്ള അധ്വാനമാണല്ലോ അല്ലെങ്കിൽ നിഷ്ഫലമാവുക. മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കാൻ ഇനി സമയവുമില്ല. എങ്ങനെയും കലോത്സവം നിശ്ചിത ദിവസങ്ങളിൽതന്നെ നടക്കും എന്ന് വിദ്യാഭ്യാസമന്ത്രി പറയുന്നതല്ലാതെ അതിന്റെ പ്രായോഗികത ദുരൂഹമാണ്.
സംസ്ഥാന ഖജനാവിലെ 80 ശതമാനവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കപ്പെടുന്ന അവസ്ഥ അനിശ്ചിതകാലം തുടരാനാവില്ലെന്നും ഇന്ത്യയിലെ 25 സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പദ്ധതി അംഗീകരിച്ചിരിക്കെ കേരളം വിട്ടുനിൽക്കാൻ ന്യായീകരണമൊന്നുമില്ലെന്നുമാണ് ഉമ്മൻചാണ്ടി സ൪ക്കാറിന്റെ നിലപാട്. ഇടതു യൂനിയനുകളാകട്ടെ ഈ കണക്കുകളെ ചോദ്യംചെയ്യുന്നു. 60 ശതമാനമേ ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നുള്ളൂ എന്നാണവരുടെ വാദം. അതപ്പടി ശരിയാണെന്ന് സമ്മതിച്ചുകൊടുത്താലും നിലവിലെ ജീവനക്കാരെ ബാധിക്കാത്ത ഒരു പ്രശ്നത്തിന്മേൽ കയറിപ്പിടിച്ച് എന്തിനാണവ൪ പണിമുടക്കുന്നത് എന്നതാണ് ചോദ്യം. ഭാവിയിൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കുമ്പോൾ അതംഗീകരിക്കുന്നവ൪ മാത്രം സ൪വീസിൽ കയറിയാൽ മതിയല്ലോ. അതിനാൽ, ഈ സമരം രാഷ്ട്രീയപ്രേരിതമല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അഴിമതിയും കൃത്യവിലോപവും നിരുത്തരവാദിത്തവും മുഖമുദ്രയായ ഒരു ബ്യൂറോക്രസിയുടെ ഭാഗമായവ൪ പ്രത്യക്ഷത്തിൽ അന്യായമെന്ന് തോന്നാവുന്ന ഒരാവശ്യത്തിനുവേണ്ടി പണിമുടക്കുന്നതിനോട് ജനങ്ങൾക്കേതായാലും അനുഭാവംതോന്നാൻ ഒരു സാധ്യതയുമില്ല. ഉമ്മൻചാണ്ടി സ൪ക്കാറിനെ വെള്ളംകുടിപ്പിക്കുക എന്നതാവാം ഇതിന്റെയൊക്കെ ലക്ഷ്യമെങ്കിലും ഫലത്തിൽ വെള്ളംകുടി എന്നല്ല ശ്വാസോച്ഛ്വാസംപോലും നിലക്കാൻ പോവുന്നത് ജനങ്ങളുടേതാണ്. ഒരാളുടെപോലും വോട്ട് ഈ അനവസരത്തിലുള്ള പണിമുടക്കുകൊണ്ട് ആ൪ക്കും ലഭിക്കാനിടയില്ല.
വിദ്യാഭ്യാസവ൪ഷം അവസാനിക്കാൻ പോവുന്നു. പാഠ്യഭാഗങ്ങൾ തിരുതകൃതിയായി പഠിപ്പിച്ചുതീ൪ക്കേണ്ട അവസാന സമയം. നടേപറഞ്ഞപോലെ കലോത്സവത്തിന്റെ നൊമ്പരം വേറെയും. ഈ നേരത്ത് സാങ്കൽപികമായ എന്തോ അപകടം മുമ്പിൽക്കണ്ട് അധ്യാപക൪ പണിമുടക്കിനിറങ്ങുന്നത് ഉത്തരവാദിത്തബോധമോ ജോലിയോടുള്ള പ്രതിബദ്ധതയോ ആയി വിലയിരുത്താൻ പ്രയാസം. ഏതു പണിമുടക്കിന്റെയും ഒടുവിലത്തെ ഇരകൾ ജനങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അതിൽനിന്ന് പിന്തിരിയാൻ സംഘടനകളും അവരെ രമ്യമായ ച൪ച്ചകളിലൂടെ പിന്തിരിപ്പിക്കാൻ സ൪ക്കാറും സന്നദ്ധമാവേണ്ടതുണ്ട്. ജനങ്ങൾക്ക് ദുരിതക്കയം തീ൪ത്തുകൊണ്ട് സമരം അനിശ്ചിതമായി നീളുന്നത് മാറിയ പരിതസ്ഥിതിയിൽ കടുത്ത ജനകീയ പ്രതികരണം ക്ഷണിച്ചുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.