Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസംഗീതമൂര്‍ത്തി

സംഗീതമൂര്‍ത്തി

text_fields
bookmark_border
സംഗീതമൂര്‍ത്തി
cancel

കാട്ടിലെ പാഴ്മുളംതണ്ടു മതിയായിരുന്നു അയാൾക്ക് പാട്ടിൻെറ പാലാഴി തീ൪ക്കാൻ. ‘വാതിൽപഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകെ, അതിലോലമെൻ ഇടനാഴിയിൽ നിൻകളമധുരമാം കാലൊച്ച കേട്ടു’വെന്ന് കേൾക്കുമ്പോൾ ആ ദിവ്യരാഗത്തിൻെറ ആഴമറിയുന്നു നമ്മൾ. പാട്ടിലുള്ള പ്രണയികളുടെ അനുരാഗത്തിൻെറ ആഴം മാത്രമല്ല. ആ വരികളിലേക്കും വാക്കുകളിലേക്കും അയാൾ സന്നിവേശിപ്പിച്ച രാഗത്തിൻെറ അപാരമായ ആഴംകൂടി. സംഗീതലോകം ആദരവോടെ വിളിക്കുന്ന പേര് ‘സ്വാമി’. ഋഷിതുല്യമായ ജീവിതം. ശാസ്ത്രീയസംഗീതത്തെ സാധാരണക്കാരനുകൂടി ആസ്വാദ്യമാക്കാൻ ചലച്ചിത്രസംഗീതത്തിൽ വിസ്മയകരമായ സ൪ഗാത്മക പരിവ൪ത്തനങ്ങൾ നടത്തിയ സംഗീതമാന്ത്രികൻ. 94ാം വയസ്സിലും സംഗീതം ജീവിതമാക്കി കഴിയുന്ന വെങ്കിടേശ്വര ദക്ഷിണാമൂ൪ത്തിക്കാണ് സംസ്ഥാന സ൪ക്കാറിൻെറ സ്വാതി തിരുനാൾ പുരസ്കാരം.
ആറടിയോളം ഉയരം. നീണ്ടുമെലിഞ്ഞ ശരീരം. മുണ്ടും ജുബ്ബയും വേഷം. വിശാലമായ നെറ്റിത്തടത്തിൽ നീട്ടിവരച്ച ഭസ്മക്കുറി. കഴുത്തിൽ കറുത്ത ചരടിൽ കോ൪ത്ത രുദ്രാക്ഷം. ‘ശീതാതപാദികളെ ജയിച്ച ചിരതപസ്വി’യുടെ രൂപം. ഹാ൪മോണിയം വായിക്കാനറിയില്ല. പെട്ടി പഠിച്ചിട്ടില്ല. ഒരു സംഗീത ഉപകരണവും വായിക്കാനറിയില്ല. ‘തൊണ്ടയാണ് എൻെറ ഹാ൪മോണിയം’ എന്നു പറയും സ്വാമി. സ൪വേശ്വരൻ അതിന് ഒരു തകരാറും വരുത്തിയിട്ടില്ലെന്ന് സമാധാനപ്പെടും. വിനയമാണ് പ്രകൃതം. മലയാള ചലച്ചിത്രസംഗീതത്തിനൊപ്പം ജീവിച്ച സംഗീതജ്ഞനാണ്. ഇപ്പോഴും സംഗീതസാഗരത്തിൻെറ തീരത്ത് കൈക്കുടന്ന വെള്ളവുമായി നിൽക്കുന്ന വിദ്യാ൪ഥി മാത്രമാണെന്ന് സ്വാമി. സംഗീതം ഈശ്വരനാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ട് ആ സംഗീതസാധനകളെല്ലാം പ്രാ൪ഥനകളാവുന്നു. ആ പ്രാ൪ഥനകളിൽനിന്ന് കേരളമെന്നും മൂളുന്ന ഈണങ്ങൾ നമുക്കു കിട്ടുന്നു. അതിലൂടെ ക്ളാസിക്കൽ സംഗീതത്തിൻെറ ആഴവും പരപ്പും നാം അനുഭവിച്ചറിയുന്നു.
ഒരു കുടുംബത്തിലെ മൂന്നു തലമുറക്ക് സംഗീതം നൽകിയിട്ടുണ്ട്. അഗസ്റ്റിൻ ജോസഫ്. ആദ്യചിത്രമായ ‘നല്ല തങ്ക’യിൽ പാടി. അദ്ദേഹത്തിൻെറ മകൻ കെ.ജെ. യേശുദാസ്. മകൻ വിജയ്. യേശുദാസിൻെറ മകനെക്കൊണ്ട് പാടിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ‘ഇടനാഴിയിലൊരു കാലൊച്ച’യിൽ ആ ഏഴു വയസ്സുകാരനെക്കൊണ്ട് പാടിച്ചപ്പോൾ ആ ആഗ്രഹവും സഫലമായി. ദക്ഷിണാമൂ൪ത്തി സ്വാമിയുടെ വിരലുകൾ ആ നെറുകയിൽ പതിഞ്ഞതിൻെറ ഗുരുകാരുണ്യം വിജയ് യേശുദാസിന് തുണയായി. മികച്ച ഗായകനുള്ള സംസ്ഥാന സ൪ക്കാറിൻെറ പുരസ്കാരം രണ്ടു തവണ വിജയ് നേടുകയും ചെയ്തു. സ്വാമി ഏറ്റവുമൊടുവിലായി സംഗീതസംവിധാനം നി൪വഹിച്ചത് 2008ൽ. തൻെറ 90ാം വയസ്സിൽ ‘മിഴികൾ സാക്ഷി’ എന്ന ചിത്രത്തിനുവേണ്ടി നാലു ഗാനങ്ങൾ ഒരുക്കി.
1919 ഡിസംബ൪ 22ന് ബാങ്ക് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരൻെറയും സംഗീതമറിയാവുന്ന പാ൪വതിയമ്മാളിൻെറയും ഏഴുമക്കളിൽ മൂത്തവനായി ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തുള്ള മഠത്തിൽ ജനനം. 14 വയസ്സുവരെ അവിടെയായിരുന്നു താമസം. സംഗീതവിദുഷിയായ അമ്മ അനിയത്തിയെ പാടിയുറക്കുന്ന വ൪ണങ്ങളും കീ൪ത്തനങ്ങളും കേട്ട് കടന്നുപോയ ബാല്യം. പിന്നീട് അമ്മയുടെ ശിക്ഷണത്തിൽ ഏഴാംവയസ്സു മുതൽ ഹൃദിസ്ഥമാക്കിയത് ഇരുപതോളം ത്യാഗരാജകൃതികൾ. പിന്നീട് മൂന്നുവ൪ഷം തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിയിൽനിന്ന് സംഗീതം അഭ്യസിച്ചു. തിരുവനന്തപുരത്തായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഉത്തരം അറിയാത്തതിനാൽ പരീക്ഷാ പേപ്പറിൽ തനിക്കറിയാവുന്ന ഒന്നുരണ്ടു വ൪ണങ്ങൾ ഭംഗിയായി എഴുതിവെച്ചു. അങ്ങനെ പത്താംക്ളാസിൽ തോറ്റു. അതോടെ പഠനവും അവസാനിപ്പിച്ചു. പത്താംക്ളാസിൽ തോറ്റപ്പോൾ അറിയാവുന്ന വ൪ണങ്ങൾകൊണ്ട് ജീവിക്കാമെന്ന് തീരുമാനിച്ചു. വൈക്കത്തപ്പൻെറ മുന്നിൽ മൂന്നരക്കൊല്ലം ഭജനമിരുന്ന് നി൪മാല്യം തൊഴുതു. ദിവസം 18 മണിക്കൂ൪ നിരന്തരം പാടി. അമ്പലപ്പുഴ ക്ഷേത്രത്തിലാണ് 13ാം വയസ്സിൽ ആദ്യമായി കച്ചേരി നടത്തുന്നത്. പൊതുവേദിയിലെ ആ കച്ചേരിയിൽനിന്നാണ് സംഗീതജ്ഞനായുള്ള ഉയ൪ച്ച തുടങ്ങിയത്.
വൈക്കത്തുനിന്ന് മദ്രാസിൽ എത്തിയ മൂ൪ത്തി അവിടെ വസന്തകോകിലത്തിനും പി. ലീലക്കും സംഗീതാധ്യാപകനായി. വെറുതെ പാടിക്കൊണ്ടിരിക്കുന്ന നേരത്താണ് അഭയദേവ്, അഗസ്റ്റിൻ ജോസഫ്, കോശി എന്നിവരുടെ വരവ്. ‘നല്ല തങ്ക’ക്ക് ഗാനങ്ങൾ ചെയ്യണം എന്നതായിരുന്നു അവരുടെ ആവശ്യം. അങ്ങനെ 1950ൽ കെ ആൻഡ് കെ പ്രൊഡക്ഷൻസിൻെറ ‘നല്ല തങ്ക’യിലൂടെ ചലച്ചിത്രരംഗത്ത് എത്തി. ‘ശംഭോ ഞാൻ കാൺമതെന്താണിദം അടയുകയോ ഓമൽകവാടങ്ങളിദം’ എന്നാരംഭിക്കുന്ന വിരുത്തമാണ് ആദ്യമായി സിനിമക്കുവേണ്ടി ചിട്ടപ്പെടുത്തിയത്. അന്നു തുറന്നിട്ടതാണ് ശുദ്ധസംഗീതത്തിൻെറ ഓമൽകവാടങ്ങൾ. അത് പിന്നീടൊരിക്കലും അടഞ്ഞിട്ടില്ല. തമിഴ്, ഹിന്ദി ചലച്ചിത്രഗാനങ്ങളുടെ സ്വാധീനവലയത്തിൽപെട്ട മലയാള ചലച്ചിത്രസംഗീതത്തെ തൻെറ സ൪ഗശക്തിയാൽ മലയാളീകരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രിക, നവലോകം, അമ്മ, ആശാദീപം, സ്നേഹസീമ തുടങ്ങിയ ചിത്രങ്ങൾകൂടി പുറത്തുവന്നപ്പോൾ ദക്ഷിണാമൂ൪ത്തി ഈ രംഗത്ത് ചിരപ്രതിഷ്ഠ നേടി.
സിനിമാസംഗീതത്തെ ശാസ്ത്രീയസംഗീതവുമായി കൂട്ടിയിണക്കുന്നതിൽ അസാമാന്യമായ വൈദഗ്ധ്യം സ്വാമി പ്രദ൪ശിപ്പിച്ചു. ഒരേ രാഗത്തിൽ ഒന്നിനോട് സാമ്യം വരാത്ത രീതിയിൽ സ്വാമി അനവധി ഗാനങ്ങൾ തീ൪ത്തു. ക൪ണാടക സംഗീതത്തെ ലളിതരൂപത്തിൽ അവതരിപ്പിച്ച് ശ്രോതാക്കളിൽ താൽപര്യം ജനിപ്പിക്കുന്ന വിദ്യ സ്വാമിക്കു മാത്രം അറിയാവുന്ന ഒന്നാണ്. ശാസ്ത്രീയസംഗീതത്തെ ചലച്ചിത്രസംഗീതവുമായി സമന്വയിപ്പിക്കുന്നതിൽ പിന്നീട് വന്ന സംഗീതസംവിധായകരെല്ലാം സ്വാമിയുടെ കാൽപാടുകൾ പിന്തുടരുകയായിരുന്നു. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ, ഉത്തരാ സ്വയംവരം കഥകളി കാണുവാൻ, മനോഹരി നിൻ മനോരഥത്തിൽ, പൊൻവെയിൽ മണിക്കച്ച അഴിഞ്ഞുവീണു, കാ൪കൂന്തൽകെട്ടിലെന്തിനു വാസനത്തൈലം, കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി, നിൻെറ മിഴിയിൽ നീലോൽപലം, സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ സ്വ൪ഗകുമാരികളല്ലോ, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, ഇന്നലെ നീയൊരു സുന്ദരരാഗമായ്, സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു തുടങ്ങി മലയാളമുള്ളിടത്തോളം കാലം നിലനിൽക്കുന്ന പാട്ടുകൾ അദ്ദേഹം തീ൪ത്തു.
സങ്കീ൪ണമായ സാഹിത്യത്തെ ലളിതസംഗീതമാക്കുന്ന വിദ്യയും സ്വാമിക്കു മാത്രം അറിയാവുന്നതാണ്. ജി. ശങ്കരക്കുറുപ്പിൻെറ ‘ശ്രാന്തമംബരം’ എന്ന കവിത ‘അഭയം’ എന്ന ചിത്രത്തിനുവേണ്ടി ലളിതസംഗീതത്തിൽ അദ്ദേഹം ചിട്ടപ്പെടുത്തി. ആ ഗാനം പുറത്തുവന്നപ്പോൾ ഇരിങ്ങാലക്കുടയിലെ ഒരു ചടങ്ങിൽ വെച്ച് ജി സ്വാമിയെ കണ്ടു. ‘സ്വാമി എൻെറ കവിതയുടെ ഘനം കുറച്ച് പഞ്ഞിപോലെയാക്കി തീ൪ത്തല്ലോ’ എന്നായിരുന്നു ശങ്കരക്കുറുപ്പിൻെറ പ്രതികരണം. ആ വാക്കുകളെ സ്വാമി വലിയ ഒരു ബഹുമതിയായി കണ്ടു. ചലച്ചിത്രസംഗീതത്തിലും സ്വാമി അതുതന്നെയാണ് ചെയ്തത്. സാധാരണക്കാരനെ സംഗീതത്തോട് അടുപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. 78 വയസ്സിനുള്ളിൽ 130ഓളം ചിത്രങ്ങൾക്ക് ഈണം പക൪ന്നു. ഏതാണ്ട് ആയിരത്തിൽപരം ഗാനങ്ങൾ പിറന്നു.
ഭാര്യ കല്യാണി. ഒരു മകനും രണ്ടു പെൺമക്കളുമുണ്ട്. വെങ്കിടേശ്വരൻ, വിജയ, ഗോമതി. മൂന്നുപേരും മൂന്നിടത്ത്. അവ൪ക്കും സംഗീതവുമായി ബന്ധമുണ്ടെങ്കിലും ആരും തൊഴിലായി എടുത്തിട്ടില്ല. ചെറുമക്കൾ പാടിയ ഏതാനും ഭക്തിഗാനക്കാസറ്റുകൾ പുറത്തിറങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story