Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഹജ്ജ്: കുത്തകവത്കരണം...

ഹജ്ജ്: കുത്തകവത്കരണം അനുവദിച്ചുകൊടുക്കരുത്

text_fields
bookmark_border
ഹജ്ജ്: കുത്തകവത്കരണം അനുവദിച്ചുകൊടുക്കരുത്
cancel

സമഗ്രമായ ഹജ്ജ് നയം ആവിഷ്കരിക്കുന്നതോടെ ആ രംഗത്ത് നിലനിൽക്കുന്ന അനഭിലഷണീയ പ്രവണതകൾക്ക് അന്ത്യം കുറിക്കാനാകുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ് കേന്ദ്ര സ൪ക്കാ൪ സുപ്രീംകോടതിയുടെ മുമ്പാകെ സമ൪പ്പിച്ച നി൪ദേശങ്ങൾ. ജസ്റ്റിസ് ആഫ്താബ് ആലമിൻെറ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതിന് നി൪ദേശങ്ങൾ ആവശ്യപ്പെട്ടപ്പോൾ വകുപ്പ് കൈകാര്യം ചെയ്യുന്ന വിദേശകാര്യമന്ത്രാലയം ഹജ്ജ് മേഖല കീഴടക്കിയ കച്ചവട ലോബിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രതിവ൪ഷം ഏതാണ്ട് 1,70,000 പേരാണ് ഇന്ത്യയിൽനിന്ന് ഹജ്ജ് തീ൪ഥാടനത്തിന് പോകുന്നത്. ഇവരിൽ ഒന്നേകാൽ ലക്ഷം പേ൪ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും ബാക്കിയുള്ളവ൪ സ്വകാര്യ ഹജ്ജ് ടൂ൪ ഓപറേറ്റ൪മാ൪ വഴിയുമാണ്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ സംബന്ധിച്ചിടത്തോളം വൻ ലാഭമുള്ള ഒരു ബിസിനസായി ഇത് മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ മേഖല പിടിച്ചെടുക്കാൻ ടൂ൪ ഓപറേറ്റ൪മാ൪ തമ്മിൽ കഴുത്തറുപ്പൻ മത്സരമാണ് നടക്കുന്നത്. കോടികൾ മാറിമറിയുന്ന ബിസിനസായി രംഗം കൊഴുത്തതോടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയും വിഷയത്തിൽ അമിത താൽപര്യം കാണിക്കുന്ന അവസ്ഥ വന്നു. ഈ ശക്തികളുടെ ഒത്താശയോടെ ഏതാനും വൻകിട ഹജ്ജ് ടൂ൪ ഓപറേറ്റ൪മാ൪ സ്വകാര്യ ഹജ്ജ് ക്വോട്ടയുടെ സിംഹഭാഗവും കൈക്കലാക്കാനുള്ള ശ്രമം തുട൪ന്നപ്പോഴാണ് ചെറുകിട ഓപറേറ്റ൪മാ൪ക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്.
സമഗ്രവും സുവ്യക്തവുമായ ഹജ്ജ് നയത്തിൻെറ അഭാവത്തിലാണ് ചൂഷണ സംവിധാനം നിലനിൽക്കുന്നതെന്ന് നിരീക്ഷിച്ച കോടതി പുതിയൊരു ഹജ്ജ്നയം നിലവിൽവരേണ്ടതുണ്ടെന്ന് കണ്ടെത്തി. അതിൻെറ അടിസ്ഥാനത്തിൽ, സ്വകാര്യ ക്വോട്ട ലഭിക്കുന്നതിനുള്ള യോഗ്യത നിശ്ചയിക്കുന്ന കാര്യത്തിലും വീതംവെപ്പിലുമൊക്കെ കാതലായ മാറ്റം അനിവാര്യമാണെന്ന് ജസ്റ്റിസ് ആഫ്താബ് ആലം ബന്ധപ്പെട്ടവരെ ഉണ൪ത്തിയിരുന്നു. ബിസിനസ് ലാക്കോടെ ഈ ആരാധനയെ കാണുന്നവ൪ക്ക് പകരം ജീവകാരുണ്യ പ്രവ൪ത്തനങ്ങൾ നടത്തുന്ന ചാരിറ്റബ്ൾ ട്രസ്റ്റുകളെ എന്തുകൊണ്ട് ഹജ്ജ് സേവനം ഏൽപിച്ചുകൂടാ എന്ന നീതിപീഠത്തിൻെറ ചോദ്യത്തിന് ഇതുവരെ കേന്ദ്രസ൪ക്കാ൪ വ്യക്തമായ മറുപടി നൽകിയിട്ടില്ല. അങ്ങനെ സേവന തൽപരതയും ദൈവഭക്തിയുമുള്ള ഗ്രൂപ്പുകളെ ഹജ്ജിൻെറ കാര്യമേൽപിച്ചാൽ തങ്ങളുദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കില്ല എന്നാവാം അധികൃതരുടെ നിഷേധാത്മക സമീപനത്തിന് കാരണം. അതുമാത്രമല്ല, ചെറിയ ഓപറേറ്റ൪മാരെ രംഗത്തുനിന്ന് ആട്ടിയോടിച്ച് കുത്തകക്കാരുടെ കൈയിൽ സ്വകാര്യ ഹജ്ജ് ക്വോട്ട മുഴുവൻ ഏൽപിക്കാനുള്ള കുത്സിത നീക്കമാണ് അണിയറയിൽ പുരോഗമിക്കുന്നത്. അതിൻെറ വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമ൪പ്പിച്ച നി൪ദേശത്തിൽ ടൂ൪ ഓപറേറ്റ൪മാരെ രണ്ടു കാറ്റഗറിയിൽ പരിമിതപ്പെടുത്താനും 80 ശതമാനത്തിലേറെ സീറ്റും ഒന്നാം ഗണത്തിൽപ്പെട്ട 200ൽപരം ഏജൻസികൾക്കിടയിൽ വീതംവെക്കാനുമുള്ള തീരുമാനം. ഈ വിഷയത്തിൽ കോടതിയെ സമീപിച്ച കേരള മുസ്ലിം സ൪വീസ് ട്രസ്റ്റിൻെറ ഹരജി ജഡ്ജിമാരെ തെറ്റിദ്ധരിപ്പിച്ച് തള്ളിക്കുകയായിരുന്നു. കേരള മുസ്ലിം സ൪വീസ് ട്രസ്റ്റ് ജമാഅത്തെ ഇസ്ലാമി ഹിന്ദിൻെറ കീഴിലാണെന്നും അതൊരു രാഷ്ട്രീയ പാ൪ട്ടിയായതിനാൽ കക്ഷിചേരാൻ അനുവദിക്കരുതെന്നുമായിരുന്നു അറ്റോ൪ണി ജനറൽ ഗുലാം ഇ വഹൻവതി വാദിച്ചത്.
പവിത്രമായ ഒരാരാധനയെ എത്രകണ്ട് മതത്തിൻെറ അന്തസ്സത്തക്ക് അനുസൃതമായി വിശ്വാസികൾക്ക് പ്രാപ്യമാക്കാം എന്നതിനെക്കുറിച്ച് ആഴത്തിൽ പഠിച്ച സുപ്രീംകോടതി 2012 മേയിൽ ഒരു ഇടക്കാല വിധിയിലൂടെ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഹജ്ജ് സബ്സിഡി ഭരണഘടനാപരമായി സാധുവാണെങ്കിലും മതപരമായി നോക്കുമ്പോൾ അതൊഴിവാക്കുകയാണ് കരണീയമെന്നായിരുന്നു കോടതി കണ്ടെത്തിയത്. അതുകൊണ്ടുതന്നെ, പത്തുവ൪ഷം കൊണ്ട് സബ്സിഡി പൂ൪ണമായും നി൪ത്തലാക്കണമെന്ന് വിധിക്കുകയുണ്ടായി. ഹാജിമാരുടെ തെരഞ്ഞെടുപ്പ്, തീ൪ഥാടകരുടെ മക്കയിലേക്കും തിരിച്ചുമുള്ള യാത്ര, പുണ്യസ്ഥലത്തെ താമസ സംവിധാനം തുടങ്ങിയ വിഷയങ്ങളിൽ പരമാവധി മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ഭരണകൂടത്തിൻെറ ബാധ്യതയെന്ന് വിധിന്യായത്തിൽ പ്രത്യേകം ഉണ൪ത്തിയിരുന്നു. എന്നാൽ, തീ൪ഥാടകരുടെ സൗകര്യങ്ങളിലോ ഹജ്ജിൻെറ പവിത്രത കാത്തുസൂക്ഷിക്കുന്നതിലോ അല്ല ബന്ധപ്പെട്ടവ൪ക്ക് താൽപര്യം. നിക്ഷിപ്ത താൽപര്യക്കാരുടെ പിണിയാളുകളോ കൂട്ടുകച്ചവടക്കാരോ ആയി മാറിയിരിക്കുകയാണ് ഇവരെന്ന് സംശയിച്ചുപോകാം. നീതിപീഠം മുൻകൈയെടുത്ത് സമഗ്രമായ ഹജ്ജ് നയം രൂപവത്കരിച്ചാൽ പോലും അതു കടലാസിൽ ഒതുങ്ങാനാണ് സാധ്യത. 2002ലെ ഹജ്ജ് നിയമത്തിലെ അപാകതകളാണ് കേന്ദ്രസ൪ക്കാറിനും ഉദ്യോഗസ്ഥ വൃന്ദത്തിനും ഈ രംഗത്ത് തന്നിഷ്ടം കാണിക്കാൻ പഴുത് ഒരുക്കിക്കൊടുക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിയമാധിഷ്ഠിത ബോഡിയാണെങ്കിലും അതിൻെറ അധികാരങ്ങൾ പരിമിതമാണ്. തീ൪ഥാടകരെ തെരഞ്ഞെടുക്കലും മക്കയിലെയും മദീനയിലെയും താമസസൗകര്യങ്ങൾ ഒരുക്കലുമാണ് അതിൻെറ മുഖ്യ ജോലി. സൗദി ഭരണകൂടം അനുവദിക്കുന്ന ഹജ്ജ് ക്വോട്ടയുടെ വീതംവെപ്പും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കലുമെല്ലാം വിദേശകാര്യമന്ത്രാലയത്തിൻെറ നിയന്ത്രണത്തിലാണ്. ഇവിടെയാണ് ബ്യൂറോക്രസിയുടെ അപ്രമാദിത്വവും അഴിമതിയും കൊടികുത്തി വാഴുന്നത്. തീ൪ഥാടകരുടെ വിശാല താൽപര്യം പരിഗണിച്ച് പരമോന്നത നീതിപീഠം തുടക്കംകുറിച്ച നീക്കങ്ങളെപ്പോലും തുരങ്കംവെക്കാനുള്ള ചിലരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടത് ഹജ്ജിൻെറ പാവനത കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവനാളുകളുടെയും ബാധ്യതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story