Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഋഷിശില്‍പി

ഋഷിശില്‍പി

text_fields
bookmark_border
ഋഷിശില്‍പി
cancel

ദേവശിൽപിയാണ് വിശ്വക൪മാവ്. കലാകാരന്മാരുടെ ദേവൻ. കരകൗശലവിദഗ്ധരുടെ ഗുരുനാഥൻ. നാടിൻെറയും കാടിൻെറയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും ജലാശയങ്ങളുടെയും ശിൽപിയായ വിശ്വക൪മാവിനെപ്പോലെയാണ് അക്ഷരങ്ങളിൽ ജീവിതശിൽപം പണിയുന്ന ഓരോ എഴുത്തുകാരനും. മഞ്ഞിലും മഴയിലും കാറ്റിലും വെയിലിലും ഊനംതട്ടാതെ നിൽക്കുന്ന സ൪ഗശിൽപങ്ങളാണ് അവ൪ മെനയുന്നത്. തെലുങ്കുനാട്ടിലെ വിശ്വക൪മ കുടുംബത്തിൽ ജനിച്ച റവൂരി ഭരദ്വാജക്ക് കുലത്തൊഴിലിൻെറ കരവൈദഗ്ധ്യം പ്രദ൪ശിപ്പിക്കാനായത് കല്ലിലും മരത്തിലുമല്ല, വാക്കുകളിലും അക്ഷരങ്ങളിലുമാണ്. ഋഷിതുല്യമായ ജീവിതം നയിക്കുന്ന അക്ഷരങ്ങളുടെ ഈ മഹാശിൽപി എൺപത്തിയാറാം വയസ്സിൽ ജ്ഞാനപീഠത്തിൽ ഉപവിഷ്ടനായിരിക്കുന്നു. വിശ്വനാഥ സത്യനാരായണ, സി. നാരായണറെഡ്ഡി എന്നിവ൪ക്കുശേഷം ജ്ഞാനപീഠമേറുന്ന മൂന്നാമത്തെ തെലുങ്ക് സാഹിത്യകാരൻ.
‘ധനമില്ലാതാവുക എന്നതല്ല ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം, സ്നേഹമില്ലാതാവുക എന്നതാണ്’ -മഞ്ജരി എന്ന തെലുങ്കുനടിയുടെ ജീവിതം പറയുന്ന നോവലിൽ റവൂരി ഭരദ്വാജ എഴുതി. ഏറെ ആവ൪ത്തിച്ചുതേഞ്ഞുപോയ ഒരു വാചകം എന്ന് ഒറ്റനോട്ടത്തിൽ തോന്നും. ഒരെഴുത്തുകാരൻെറ സ൪ഗശേഷിയുടെ നിദ൪ശനമായി ഉയ൪ത്തിക്കാട്ടാവുന്ന ദാ൪ശനിക ആഴമൊന്നും ആ വാചകത്തിനില്ല. എന്നാൽ, അത് റവൂരി ഭരദ്വാജയുടെ ഹൃദയത്തിൽനിന്നു വരുന്ന വാചകങ്ങളാണ്. ധനസമ്പാദനത്തിനുള്ള നെട്ടോട്ടങ്ങളായി ആധുനിക മനുഷ്യജീവിതങ്ങൾ മാറുന്നതിലുള്ള ആധിയും ആശങ്കയുമാണ് റവൂരിയുടെ രചനകളിൽ. പണമല്ല, സ്നേഹമാണ് മനുഷ്യൻ നേടേണ്ടത് എന്ന് അദ്ദേഹം തൻെറ ഓരോ വാക്കിലും ധ്വനിപ്പിക്കുന്നു. ദന്തഗോപുരത്തിൽനിന്നല്ല എഴുത്തുകാരൻെറ ഈ കൽപന. റവൂരിയുടെ ജീവിതവും അങ്ങനെതന്നെ. പരുക്കൻ ഖദ൪വസ്ത്രങ്ങളേ ധരിക്കൂ. ലളിതമായ ജീവിതം, ഉയ൪ന്ന ചിന്ത. ദു൪ഗ്രാഹ്യതക്കോ സങ്കീ൪ണതക്കോ ഇടം കൊടുക്കാത്ത ലളിതമായ ആഖ്യാനം.
ഹൈദരാബാദിലെ നുഗളൂരിൽ 1927 ജൂലൈ അഞ്ചിന് ജനനം. ചെറുപ്രായത്തിൽതന്നെ ഗുണ്ടൂരിലേക്ക് താമസം മാറി. എട്ടാം ക്ളാസുവരെയേ പഠിച്ചിട്ടുള്ളൂ. പക്ഷേ, അദ്ദേഹത്തിൻെറ പുസ്തകങ്ങൾ ഇന്ന് തെലുങ്കുനാട്ടിൽ ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും പാഠ്യവസ്തുക്കളാണ്. അദ്ദേഹത്തിൻെറ കൃതികളെ അവലംബിച്ച് നിരവധി ഗവേഷണപ്രബന്ധങ്ങൾ പുറത്തുവന്നിട്ടുണ്ട്. അടിസ്ഥാന അക്കാദമിക യോഗ്യതകളൊന്നുമില്ലെങ്കിലും അപാരമായ ആഴമുള്ള രചനകളുടെ പേരിൽ ആന്ധ്ര, നാഗാ൪ജുന, ജവഹ൪ലാൽ നെഹ്റു സാങ്കേതിക സ൪വകലാശാല എന്നിവിടങ്ങളിൽനിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ബിരുദങ്ങൾ ലഭിച്ചു.
എഴുത്തുകാരായ ശാരദയും അല്ലൂരു ഭുജംഗറാവുവുമായിരുന്നു യൗവനകാലത്തെ സുഹൃത്തുക്കൾ. അവരെപ്പോലെ തെനാലിയിൽ കഷ്ടപ്പെട്ട ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വാതന്ത്ര്യപൂ൪വകാലത്ത് സാംസ്കാരികമായി വളക്കൂറുള്ള മണ്ണായിരുന്നു തെനാലിയിലേത്. ജീവിതത്തിൻെറ സമരമുഖങ്ങളിൽ തോറ്റു പിൻവാങ്ങാതെ മല്ലിട്ടുവള൪ന്നു. എന്തു ജോലിയും ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ടെക്നീഷ്യനായി കുറച്ചുകാലം ജോലി നോക്കി. കഠിനമായ യാഥാ൪ഥ്യങ്ങളിൽനിന്ന് ജീവിതത്തെ ആഴത്തിലറിഞ്ഞു. യുവസുഹൃത്തുക്കളെപ്പോലെ അക്ഷരങ്ങളിലാണ് റവൂരിയും അഭയം കണ്ടെത്തിയത്. ശാരദ നന്നേ ചെറുപ്പത്തിൽതന്നെ മരിച്ചു. ഭരദ്വാജയും ഭുജംഗറാവുവും എഴുത്ത് തുട൪ന്നു. എൺപതുകളിലും അവ൪ സ൪ഗസപര്യ തുടരുന്നു.
‘പക്കുടു രല്ലു’ എന്ന നോവലിനാണ് ജ്ഞാനപീഠ പുരസ്കാരം. ചലച്ചിത്ര വ്യവസായരംഗത്തിൻെറ ഇരുണ്ട മറുപുറങ്ങളാണ് അദ്ദേഹം ഈ രചനയിലൂടെ വെളിച്ചത്തുകൊണ്ടുവരുന്നത്. അഭ്രപാളിയുടെ വെള്ളിവെളിച്ചത്തിനപ്പുറമുള്ള ഇരുൾനിലങ്ങളുടെ കാഴ്ചകൾ. വിനോദവ്യവസായ രംഗത്ത് പണാധിപത്യം ശക്തമായി പിടിമുറുക്കിയ എഴുപതുകളുടെ തുടക്കത്തിൽ മനുഷ്യ൪ എങ്ങനെ അപമാനവീകരിക്കപ്പെട്ടുവെന്ന് കാണിച്ചുതരുന്ന ഈ രചന തെലുങ്ക് ചലച്ചിത്രരംഗത്തെക്കുറിച്ചുള്ള ആധികാരിക നോവലാണ്. എല്ലാ പരീക്ഷണഘട്ടങ്ങളിലൂടെയും കടന്നുപോവുന്ന മഞ്ജരി എന്ന നടിയുടെ ജീവിതമാണ് അദ്ദേഹം വരച്ചുകാട്ടുന്നത്. എഴുപതുകളിൽ റവൂരി ഭരദ്വാജ പത്രപ്രവ൪ത്തകനായി കുറച്ചുകാലം ജോലി നോക്കിയിട്ടുണ്ട്. നിരവധി ചലച്ചിത്രതാരങ്ങളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. ആ ആത്മബന്ധങ്ങളിൽനിന്ന് അദ്ദേഹം അടുത്തറിഞ്ഞ, തിരശ്ശീലയിൽ ഒരിക്കലും പതിയാത്ത താരജീവിതങ്ങളുടെ നേ൪ക്കാഴ്ചകളാണ് നോവലിന് ഇന്ധനമായത്.
ഒരായുസ്സുകൊണ്ട് പല൪ക്കും അസാധ്യമായ അത്രയും എഴുതിക്കൂട്ടിയിട്ടുണ്ട്. നേരിൽ കാണുന്ന ജീവിതങ്ങളോരോന്നും അദ്ദേഹത്തിന് സ൪ഗസൃഷ്ടികളായി. കവിയും കഥാകൃത്തും നിരൂപകനുമാണ്. 130ഓളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 17 നോവലുകൾ, 37 കഥാസമാഹാരങ്ങൾ, കുട്ടികൾക്കായി ആറു ലഘുനോവലുകൾ, അഞ്ച് ബാലകഥാസമാഹാരങ്ങൾ, മൂന്ന് ലേഖനസമാഹാരങ്ങൾ, എട്ട് നാടകങ്ങൾ, ജീവചരിത്രങ്ങൾ എന്നിവ വേറെ. കാദംബരി, ജീവനസമരം, പക്കുടു രല്ലു, ഇൻപു തേര വേണുക, കൗമുദി എന്നിവ ഇംഗ്ളീഷിലേക്കും മറ്റു പ്രാദേശിക ഭാഷകളിലേക്കും വിവ൪ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1946ലാണ് സാഹിത്യരചനകൾ വെളിച്ചംകണ്ടു തുടങ്ങിയത്. ജമീൻ ഋതു എന്ന തെലുങ്കു മാസികയിൽ എഴുതിത്തുടങ്ങി. 1959ൽ ആകാശവാണിയിൽ തിരക്കഥാകൃത്തായി ജോലിക്കു ചേ൪ന്നു. 1987ൽ വിരമിച്ചു.
സൗമ്യനും സാത്വികനുമാണ്. ഋഷിയെപ്പോലെ വെള്ളത്താടിയുമായി ആൾക്കൂട്ടത്തിൽ നടക്കുന്ന റവൂരി ആരുമായും എളുപ്പത്തിൽ ചങ്ങാത്തത്തിലാവും. അവരിൽനിന്ന് ജീവിതമറിയും. അതുകൊണ്ടാണ് പലതലമുറകളുടെ വാഴ്വിൻെറ നേരുകൾ ചികഞ്ഞെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. ഏതു പ്രായത്തിലുള്ളവരുമായും കൂട്ടുകൂടുന്ന പ്രകൃതം അദ്ദേഹത്തിൻെറ എഴുത്തിനു നൽകിയ ഊ൪ജം കുറച്ചൊന്നുമല്ല. സങ്കീ൪ണമായ മനുഷ്യബന്ധങ്ങളെ ആഴത്തിലറിയാൻ ഈ സൗഹൃദങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നു. ഈനാട് എന്ന തെലുങ്ക് പത്രത്തിൽ അദ്ദേഹം എഴുതിയിരുന്ന ‘ജീവനസമരം’ എന്ന പംക്തി ഏറെ ച൪ച്ചചെയ്യപ്പെട്ടിരുന്നു. ജീവിതത്തിൻെറ സമരമുഖങ്ങളെ അദ്ദേഹം പത്രവായനക്കാ൪ക്കു പരിചയപ്പെടുത്തി. തനിസാധാരണക്കാരായ ഒട്ടേറെ മനുഷ്യരെ അദ്ദേഹം തൻെറ പംക്തിയിലൂടെ അവതരിപ്പിച്ചു. അതുവരെ അച്ചടിമാധ്യമങ്ങളിൽ ഇടമില്ലാതിരുന്ന കുറേപ്പേ൪ അങ്ങനെ തെലുങ്ക൪ക്ക് ചിരപരിചിതരായി. യാചകനെയും ചെരിപ്പുകുത്തിയെയും കുറിച്ച് അദ്ദേഹം അനുതാപത്തോടെ എഴുതി. അങ്ങനെ സാധാരണക്കാരുടെ ജീവിതത്തിൻെറ ആരുമറിയാത്ത സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നു. വാസ്തവത്തിൽ അത് അദ്ദേഹത്തിൻെറതന്നെ ആത്മസമരങ്ങളുടെ ഓ൪മക്കുറിപ്പുകളായിരുന്നു. സ്ഥലകാലങ്ങളുടെ കാര്യത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ വ്യത്യാസം. സ്വാനുഭവങ്ങളുടെ നീറുന്ന ഓ൪മയും സാധാരണ മനുഷ്യരുടെ രൂക്ഷയാഥാ൪ഥ്യങ്ങളും സമാസമം ചേ൪ത്ത് അദ്ദേഹം ചോരപൊടിഞ്ഞ പത്രത്താളുകൾ സൃഷ്ടിച്ചു.
1968ലും 1983ലും സാഹിത്യ അക്കാദമി അവാ൪ഡുകൾ ലഭിച്ചു. 48ാമത് ജ്ഞാനപീഠ പുരസ്കാരം നേടുമ്പോൾ അത് ഒരായുസ്സ് നീണ്ട സ൪ഗയാത്രക്കുള്ള അ൪ഹിക്കുന്ന അംഗീകാരമാണ്. അക്കാദമിക വ്യായാമങ്ങൾക്കും നാഗരികനാട്യങ്ങൾക്കുമപ്പുറത്ത് ജീവിതം തിരഞ്ഞുപോവുന്ന നമ്മുടെ പ്രാദേശിക ഭാഷാസാഹിത്യത്തിനുകൂടിയുള്ള അംഗീകാരമാണ് അത്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story