Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപൊതു സിവില്‍കോഡ്:...

പൊതു സിവില്‍കോഡ്: സംവാദം തുടങ്ങട്ടെ

text_fields
bookmark_border
പൊതു സിവില്‍കോഡ്: സംവാദം തുടങ്ങട്ടെ
cancel

സ്വാതന്ത്ര്യലബ്ധി തൊട്ട് കേൾക്കാൻ തുടങ്ങിയതാണെങ്കിലും ഏകീകൃത സിവിൽ കോഡ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന്, ഒരു പൊതു സിവിൽകോഡ് ഇല്ലാത്തതാണ് രാജ്യം നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്നമെന്ന് വാദിക്കുന്ന സംഘ്പരിവാ൪ നേതൃത്വം പോലും ഇതുവരെ വിശദീകരിച്ചതായി കേട്ടിട്ടില്ല. മാ൪ഗനി൪ദേശക തത്ത്വങ്ങൾ വിവരിക്കുന്ന കൂട്ടത്തിൽ ഭരണഘടനയുടെ 44ാം ഖണ്ഡികയിൽ, ഏകീകൃത സിവിൽകോഡിനായി രാജ്യം പരിശ്രമിക്കുമെന്ന് പറഞ്ഞുപോകുന്നതല്ലാതെ എന്താണ് അതുകൊണ്ട് വിവക്ഷിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. നീതിപീഠങ്ങളാവട്ടെ, ചില വിധിപ്രസ്താവങ്ങൾക്കിടയിൽ ആനുഷംഗികമായി പരാമ൪ശിച്ചുപോയതല്ലാതെ പൊതു സിവിൽകോഡ് എന്താണെന്നോ അതിൻെറ ആത്യന്തിക ലക്ഷ്യമെന്തെന്നോ ഇതുവരെ നമുക്ക് മുന്നിൽ ഒരു രൂപരേഖ ഹാജരാക്കിയിട്ടില്ല. എന്നിട്ടും തരം കിട്ടുമ്പോഴെല്ലാം സംഘ്പരിവാ൪ ശക്തികൾ പ്രകടനപത്രികയിലും ചിന്താ ശിബിരങ്ങളിലുമൊക്കെ ആനക്കാര്യമായി വിഷയം എടുത്തിടുന്നത് എന്തിനാണെന്ന് എല്ലാവ൪ക്കുമറിയാം. അമൂ൪ത്തമായ ഒരാശയം എന്നതിനപ്പുറം സജീവമായ ഒരു സംവാദത്തിലേക്ക് പോലും വിഷയം ഇതുവരെ കടന്നുചെന്നിട്ടില്ല. മുസ്ലിം സമൂഹത്തിലെ ആചാരവുമായോ അത്യാചാരവുമായോ ബന്ധപ്പെട്ട എന്തു പ്രശ്നമുയരുമ്പോഴും എല്ലാറ്റിൻെറയും പ്രതിവിധിയായി ചില കേന്ദ്രങ്ങൾ വിധിക്കാറ് ഏകീകൃത സിവിൽകോഡ് എന്ന ഒറ്റമൂലിയാണ്. 80കളിൽ ന്യൂനപക്ഷ നേതൃത്വത്തെ വിരട്ടാൻ വ്യാപകമായി എടുത്തുപയോഗിച്ച ഈ ഉണ്ടയില്ലാ വെടി വ൪ഗീയവാദികളും പുരോഗമനവാദികളും ഒരുപോലെ ആയുധപ്പുരയിലേക്ക് വാങ്ങിക്കൂട്ടിയത് ഷാബാനുബീഗം കേസിൻെറ വിധി ശരീഅത്ത് വിവാദത്തിനു വഴിതുറന്നിട്ടപ്പോഴാണ്. സമീപകാലത്തായി മുസ്ലിം നേതൃത്വംതന്നെ വിസ്മരിച്ചുതുടങ്ങിയ ഒരു സമസ്യയാണിത്. സമുദായത്തിനകത്തെ ജനാധിപത്യവത്കരണവും വിദ്യാഭ്യാസ മുന്നേറ്റവും സ്ത്രീകളുടെ ശാക്തീകരണവുമെല്ലാം യൂനിഫോം സിവിൽകോഡിനെ കുറിച്ചുള്ള ച൪ച്ചപോലും അപ്രസക്തമാക്കുന്നുണ്ടെന്ന് ‘ദി ഫ്രണ്ട്ലൈൻ’ വാരിക കവ൪ സ്റ്റോറിയിൽ അഭിപ്രായപ്പെട്ടത് അടുത്തിടെയാണ്(സെപ്റ്റംബ൪ 6, 2013).
പിന്നെന്തുകൊണ്ട് ബി.ജെ.പിയുടെ പ്രകടന പത്രികയിൽ പൊതു സിവിൽകോഡിനെക്കുറിച്ച് പരാമ൪ശിച്ചപ്പോഴേക്കും മുസ്ലിം രാഷ്ട്രീയ-മത നേതൃത്വം സംഭ്രാന്തരായി എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതം: മുസ്ലിം സാംസ്കാരിക സ്വത്വം നശിപ്പിക്കാൻ പ്രതിജ്ഞാബദ്ധരായ ഹിന്ദുത്വ ശക്തികൾ, ഒരവസരം ഒത്തുവന്നാൽ ഭരണഘടനയുടെ മാ൪ഗനി൪ദേശക തത്ത്വങ്ങളുടെ മറവിൽ ഏകീകൃത സിവിൽ കോഡ് പ്രയോഗത്തിൽ കൊണ്ടുവരാൻ ശ്രമിച്ചേക്കുമെന്ന് അവ൪ ആശങ്കപ്പെടുന്നു. അത്തരം നീക്കത്തോടെ തങ്ങളുടെ സാംസ്കാരിക തനിമ നഷ്ടപ്പെടുമെന്ന, കുറെ കാലമായി വേട്ടയാടുന്ന ഭീതി മോദിയുടെ അധികാരാരോഹണത്തോടെ പാരമ്യതയിലത്തെിയിട്ടുണ്ട്. പൊതു സിവിൽകോഡ് അവ്യക്തമായ ഒരാശയമാണെന്നും ഇന്ത്യ പോലെ വൈവിധ്യങ്ങളും വൈജാത്യങ്ങളും കൊണ്ട് സങ്കീ൪ണമായ ഒരു രാജ്യത്ത് അത് അപ്രായോഗികമാണെന്നും മനസ്സിലാക്കാനോ ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യം സാംസ്കാരിക തനിമ കാത്തുസൂക്ഷിക്കാൻ പര്യാപ്തമാണെന്ന യാഥാ൪ഥ്യം ഉൾക്കൊള്ളാനോ സമുദായ നേതൃത്വം പോലും ഉശിരു കാണിക്കുന്നില്ല. പൊതു സിവിൽകോഡിനെ കുറിച്ചു നടക്കുന്ന ഏത് ച൪ച്ചയും ഉപരിപ്ളവകരവും വൈകാരികവുമാകുന്നത് വിഷയത്തെ വസ്തുനിഷ്ഠമായല്ല സമീപിക്കുന്നത് എന്നതു കൊണ്ടാണ്. ഈ വിഷയത്തിലുള്ള നിഷ്പക്ഷമായ ഏത് സംവാദവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അപ്പോഴേ സിവിൽകോഡിനെ കുറിച്ച് നിലനിൽക്കുന്ന മിഥ്യാ ധാരണകൾ തക൪ക്കാൻ സാധിക്കുകയുള്ളൂ. ഇവിടെ രൂഢമൂലമായ ഒരബദ്ധധാരണ വ്യക്തിനിയമം എന്നത് മുസ്ലിംകൾക്ക് മാത്രമുള്ള ഏ൪പ്പാടാണ് എന്നതാണ്. എല്ലാ മതവിഭാഗങ്ങൾക്കും ഇന്ത്യയിൽ വ്യക്തിനിയമങ്ങളുണ്ട് എന്നു മാത്രമല്ല, അവ അനുസരിച്ചാണ് അവരുടെ വിവാഹം, പിന്തുട൪ച്ചാവകാശം, രക്ഷാക൪തൃത്വം, ദത്തെടുക്കൽ, മരണപത്രം തുടങ്ങിയവ നിയന്ത്രിക്കപ്പെടുന്നതും. താഴെ പറയുന്ന ഏഴു വ്യക്തിനിയമങ്ങൾ രാജ്യത്തു നിലവിലുണ്ടെന്ന് എത്രപേ൪ മനസ്സിലാക്കിയിട്ടുണ്ട്? 1. ഹിന്ദു വ്യക്തിനിയമം, 2. ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങൾ, 3. ഹിന്ദുക്കളുടെ ഗോത്രനിയമങ്ങൾ, 4. ക്രിസ്ത്യൻ വ്യക്തി നിയമം, 5. പാഴ്സി വ്യക്തിനിയമം, 6. ജൂത വ്യക്തിനിയമം, 7. മുസ്ലിം വ്യക്തി നിയമം.
ഇപ്പറഞ്ഞ വ്യക്തിനിയമങ്ങളിൽ ഏതെങ്കിലും ഒന്നിൻെറ കീഴിലായിരിക്കും രാജ്യത്തെ പൗരന്മാരുടെ കുടുംബപരവും സാമൂഹികവുമായ ജീവിതപരിസരം ക്രമപ്പെടുത്തിയിട്ടുണ്ടാവുക. ഒരു ഹിന്ദു മരിച്ചുകഴിഞ്ഞാൽ അവൻ കോൺഗ്രസാവട്ടെ, കമ്യൂണിസ്റ്റാവട്ടെ, ആ൪.എസ്.എസുകാരനാവട്ടെ, നിരീശ്വരവാദിയാവട്ടെ സ്വത്തിൻെറ അനന്തരാവകാശികൾ ആരെന്ന് നിശ്ചയിക്കുന്നത് ഹിന്ദു സിവിൽനിയമം അനുസരിച്ചാണ്. ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളിലെ വിവാഹം നടക്കുന്നത് അവരവരുടെ നാട്ടാചാര പ്രകാരമാണ്. അല്ളെങ്കിൽ വിവാഹത്തിന് നിയമപരമായ സാധുത ഉണ്ടാവില്ല. പൊതു സിവിൽകോഡിനു വേണ്ടി വാദിക്കുന്നവ൪ ഇതിൽ ഏത് മതനിയമം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്? സ്വാതന്ത്ര്യം ലഭിച്ചിട്ട് ആരറ പതിറ്റാണ്ട് കഴിഞ്ഞിട്ടും ഏക സിവിൽകോഡ് എന്ന ലക്ഷ്യത്തിലേക്ക് രാജ്യം ഒരു ചുവടെങ്കിലും മുന്നോട്ടുവെച്ചിട്ടുണ്ടോ? പ്രായോഗിക തലത്തിൽ അത് അസാധ്യമാണെന്ന് തലക്ക് വെളിവുള്ള ആ൪ക്കാണ് ബോധ്യമില്ലാത്തത്? പൊതു സിവിൽകോഡിനെ കുറിച്ച് സ്വപ്നം കാണുന്ന നമ്മുടെ ഭരണഘടന നിലവിൽവരുന്നത് 1950ലാണ്. ഭരണഘടനയുടെ മൂന്നാം പട്ടികയിലാണ് വ്യക്തിനിയമങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾക്ക് ആവശ്യാനുസരണം നിയമനി൪മാണം നടത്താൻ അധികാരം നൽകുന്ന ‘കൺകറൻറ് ലിസ്റ്റി’ലാണ് അത് സ്ഥാനം പിടിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് നിയമനി൪മാണം നടത്താവുന്ന ഒരു വിഷയത്തിൽ എന്നെങ്കിലും രാജ്യത്തിനാകെ ബാധകമാവുന്ന ഒരു നിയമം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവുമോ? ഏകീകൃത സിവിൽകോഡിനു വേണ്ടി നവരാഷ്ട്രശിൽപികൾ മാ൪ഗനി൪ദേശക തത്ത്വങ്ങളിൽ എഴുതിവെച്ചതിൻെറ മഷി ഉണങ്ങും മുമ്പ് ഹിന്ദു സമൂഹത്തിൻെറ ‘അഭ്യുന്നതിക്കായി’ നാലു സുപ്രധാന നിയമനി൪മാണങ്ങൾ കൊണ്ടുവന്നത് പലരും മന$പൂ൪വം വിസ്മരിക്കുകയാണ്.1955ലെ ഹിന്ദു വിവാഹ നിയമം (Hindu Marriage Act 1955), 1956ലെ ഹിന്ദു പിന്തുട൪ച്ചാവകാശ നിയമം (Hindu Succession Act, 1956 ), 1956ലെ ഹിന്ദു ദത്തെടുക്കൽ-പരിപാലന നിയമം (Hindu Adoption and Maintenance Act 1956), 1956ലെ ഹിന്ദു രക്ഷാക൪തൃ നിയമം (Hindu Minority and Guardianship act 1956) എന്നിവ എല്ലാ വിഭാഗങ്ങൾക്കും ബാധകമായ ഏകീകൃത നിയമങ്ങൾക്ക് പകരമായാണ് കൊണ്ടുവന്നതെന്നതാണ് വിചിത്രം. ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ പ്രജകളെ ഒന്നായി കണ്ടുകൊണ്ടുവന്ന, സെക്കുല൪ സ്വഭാവമുള്ള 1872ലെ പ്രത്യേക വിവാഹ നിയമവും 1869ലെ ഇന്ത്യൻ വിവാഹ ഭഞ്ജന നിയമവും 1890ലെ രക്ഷാക൪തൃനിയമവും 1925ലെ ഇന്ത്യൻ പിന്തുട൪ച്ചാവകാശ നിയമവും നിലനിൽക്കുമ്പോഴാണ് ഹിന്ദുക്കൾക്കായി പ്രത്യേക നിയമനി൪മാണം പ്രധാനമന്ത്രി ജവഹ൪ലാൽ നെഹ്റുവിൻെറ മുൻകൈയാൽ പൂ൪ത്തിയാക്കുന്നത്. എന്തേയ്, കറകളഞ്ഞ സെക്കുലറിസ്റ്റായ നെഹ്റു, ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും സിഖുകാരനും ബാധകമായ പൊതുസിവിൽകോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിച്ചില്ല. ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല എന്നതിൻെറ ഏറ്റവും വലിയ തെളിവാണ് ഭൂരിപക്ഷ സമൂഹത്തിൻെറ നവീകരണ ലക്ഷ്യത്തോടെ നെഹ്റു നടത്തിയ ചുവടുവെപ്പുകളെ കോൺഗ്രസിലെ തീവ്രവലതുപക്ഷവും മതയാഥാസ്ഥിതികരും ശക്തമായി എതി൪ത്തു എന്നത്. ഹിന്ദുമതം അപകടത്തിൽ എന്ന് മുറവിളി പോലും അന്നു ഉയ൪ന്നുകേൾക്കുകയുണ്ടായി. എന്നാൽ, നെഹ്റു കൊണ്ടുവന്ന ഹിന്ദു വിവാഹനിയമത്തിലെ ചില വ്യവസ്ഥകൾ പോലും പുരുഷപക്ഷപാതപരവും പിന്തിരിപ്പനുമാണെന്ന് കണ്ട് 1976ൽ ഭേദഗതി ചെയ്യേണ്ടിവന്നു. 1954ൽ പോണ്ടിച്ചേരിയും 62ൽ ഗോവയും കോളനിവാഴ്ചകളിൽനിന്ന് മോചിതമായപ്പോൾ ആ പ്രദേശങ്ങളിൽ കാലഹരണപ്പെട്ട ഫ്രഞ്ച്, പോ൪ചുഗീസ് സിവിൽകോഡുകൾ നിലനി൪ത്താനാണ് ഭരണകൂടം ശുഷ്കാന്തി കാട്ടിയത്. നാഗാലാൻഡിലെയും മിസോറാമിലെയും ഗോത്രവ൪ഗക്കാരുടെ സാംസ്കാരിക തനിമ കാത്തുസൂക്ഷിക്കാൻ 1962ൽ 13ാം ഭരണഘടനാ ഭേദഗതിയിലൂടെ നാട്ടാചാര നിയമങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കിയത് ഏകീകൃത സിവിൽകോഡിനെ കുറിച്ച് വായ്ത്താരി നടത്തുന്നവ൪ അറിഞ്ഞോ എന്നറിയില്ല.
മാ൪ഗനി൪ദേശക തത്ത്വങ്ങൾ ഭരണകൂടത്തിന് ദിശാബോധം നൽകാൻ ഉതകുന്ന ദ൪ശനമോ കാഴ്ചപ്പാടോ മാത്രമാണ്. വരുമാന വിഷയത്തിൽ പൗരന്മാ൪ തമ്മിൽ മാത്രമല്ല ജനവിഭാഗങ്ങൾ തമ്മിലുള്ള അന്തരം ദൂരീകരിക്കാൻ സ൪ക്കാ൪ പ്രയത്നിക്കണമെന്നും സാമൂഹികക്ഷേമ പദ്ധതികൾ ആവിഷ്കരിച്ചു പൗരന്മാരുടെ ആരോഗ്യ-പോഷകാഹാര പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നുമൊക്കെ ഉദ്ഘോഷിക്കുന്ന ഭരണഘടനയുടെ 38 മുതൽ 50വരെയുള്ള ഖണ്ഡികകളെ പാടെ മറന്നു, 44ൽ മാത്രം കയറിപ്പിടിക്കുന്നത് ഏത് രോഗത്തിൻെറ ലക്ഷണമാണ്? ബന്ധപ്പെട്ട വിഭാഗങ്ങൾ സ്വയം മുന്നോട്ടുവരുന്നത് വരെ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പാ൪ലമെൻറ് ചിന്തിക്കുക പോലുമില്ളെന്നും എഴുതാപ്പുറം വായിക്കരുതെന്നും ഭരണഘടനാ നി൪മാണ സഭയിൽ അധ്യക്ഷൻ ബാബാ സാഹേബ് അംബേദ്ക൪ ഓ൪മപ്പെടുത്തിയതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആരുടെമേലും ബലാൽക്കാരമായി അടിച്ചേൽപിക്കുന്ന ഒരു വ്യവസ്ഥയായി 44ാം അനുച്ഛേദത്തെ കാണരുതെന്നായിരുന്നു ‘ഡമോക്ളിസിൻെറ വാളി’നെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരോടുള്ള അംബേദ്കറുടെ അഭ്യ൪ഥന. ഒരേസമയം നാലു സ്ത്രീകളെ വിവാഹം ചെയ്യാനും കെട്ടിയവളെ തോന്നുംപടി മൊഴിചൊല്ലാനുമുള്ള കുറുക്കുവഴിയാണ് മുസ്ലിം വ്യക്തിനിയമം എന്ന അബദ്ധജടില കാഴ്ചപ്പാടാണ് ഏകീകൃത സിവിൽ കോഡ് എന്ന ഉമ്മാക്കി കാട്ടി ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഹിന്ദുത്വശക്തികൾക്ക് എന്നും പ്രചോദനമാകുന്നത്. എന്നാൽ നരേന്ദ്ര മോദിയല്ല, സാക്ഷാൽ സ൪സംഘ് ചാലക് ഡൽഹി ഭരണത്തിൻെറ അമരത്ത് പ്രതിഷ്ഠിക്കപ്പെട്ടാലും രാജ്യത്ത് പൊതു സിവിൽകോഡ് പ്രയോഗവത്കരിക്കപ്പെടാൻ പോകുന്നില്ല. കാരണം, ആറ് പ്രബല വംശീയ വിഭാഗങ്ങളും 55 മുഖ്യ ഗോത്രങ്ങളും ആറ് പ്രമുഖ മതങ്ങളും 6400 ജാതികളും ഉപജാതികളും 18 അറിയപ്പെട്ട ഭാഷകളും 1600 ഉപഭാഷകളും കൊണ്ട് അതിസൂക്ഷ്മമായി വൈവിധ്യവത്കരിക്കപ്പെട്ട ഒരു സമൂഹത്തിൻെറ ജീവിതചോദനകളെ , ഹിന്ദുത്വ വിഭാവനയിലുള്ള ഒരു അവിയൽ സിവിൽകോഡ് കൊണ്ട് തട്ടിനിരപ്പാക്കാമെന്ന് കരുതുന്നത് തനി പോഴത്തമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story